വായിച്ചോ‌

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

Print Friendly, PDF & Email

പിന്നീട് 2016ല്‍ സ്വാന്‍ എനര്‍ജി രംഗത്ത് വന്നത് ഗുജറാത്തിലെ ജഫ്രാബാദ് തുറമുഖത്ത് ഒരു എല്‍ എന്‍ ജി ടെര്‍മിനലുമായിട്ടാണ്. ഇന്ത്യയിലെ പൊതുമേഖലയിലെ ഏറ്റവും വലിയ ഓയില്‍ കമ്പനികളായ ONGC, IOC, HPCL എന്നിവ നിഖില്‍ മെര്‍ച്ചന്‍റിന് പൂര്‍ണ്ണ പിന്തുണയുമായി എത്തി

A A A

Print Friendly, PDF & Email

2014ന്‍റെ തുടക്കത്തില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്‍റിന്റെ അവസാന ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ രണ്ട് അന്വേഷണങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന നരേദ്ര മോദിയുടെ ആത്മ മിത്രം ഗൌതം അദാനിയായിരുന്നു റെയ്ഡ് ചെയ്യപ്പെട്ട ഒരാള്‍.

രണ്ടാമത്തെ റെയ്ഡ് നടന്നത് സ്വാന്‍ എനര്‍ജിയിലാണ്. വസ്ത്ര, റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ തോതില്‍ പങ്കാളിയായിട്ടുള്ള ഈ കമ്പനി പക്ഷേ അത്ര പ്രശസ്തമൊന്നും ആയിരുന്നില്ല. 1991ല്‍ ഗോയങ്ക ഗ്രൂപ്പില്‍ നിന്നും സ്വന്തമാക്കിയ ഈ കമ്പനിയുടെ ഉടമസ്ഥര്‍ നിഖില്‍ മെര്‍ച്ചന്‍റും അദ്ദേഹത്തിന്റെ ഭാര്യ പിതാവ് നവീന്‍ഭായി ദേവും ആയിരുന്നു.

അന്ന് മാധ്യമങ്ങള്‍ കൊണ്ടാടിയത് അദാനിയെ ആയിരുന്നു. കാരണം കോണ്‍ഗ്രസ്സ് ആ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത് മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അദാനിക്കും അംബാനിക്കും വേണ്ടി ആയിരിക്കും ഭരണം എന്നായിരുന്നു. സ്വാന്‍ എനര്‍ജി മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയില്ലെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മോദി ഗവണ്‍മെന്‍റുമായുള്ള ഈ കമ്പനിയുടെ ബന്ധം ഒരു പൊതു താത്പര്യ ഹര്‍ജിയായി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നു.

2014 മെയില്‍ മോദി ഗവണ്‍മെന്‍റ് അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വേണ്ടി റെയ്ഡ് നടത്തി എന്നാരോപിക്കപ്പെട്ട അന്നത്തെ റെവന്യൂ സെക്രട്ടറിയായ രാജീവ് ടക്രൂവിനെ ആ സ്ഥാനത്ത് നിന്നും തെറിപ്പിച്ചു. സ്വഭാവിക നടപടിയായിട്ടാണ് റെയ്സീന്ന ഹില്‍ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും അദ്ദേഹത്തെ മാറ്റിയ വകുപ്പ് നോക്കിയാല്‍ അതങ്ങനെ അല്ല എന്നു മനസിലാവും. ഡവലപ്മെന്‍റ് ഓഫ് നോര്‍ത്ത് ഈസ്റ്റ് റീജ്യണ്‍ മന്ത്രാലയത്തിലേക്കും അവിടെ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്കുമാണ് മാറ്റിയത്.

എങ്ങിനെയാണ് അദാനിയെപ്പോലെ നിഖില്‍ വസന്ത്ലാല്‍ മെര്‍ച്ചന്‍റും ബിജെപിയുടെ വാത്സല്യ ഭാജനമായി മാറിയത്?

ഇന്‍ഫര്‍മേഷന്‍ ഓഫ് ദി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം 8 സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ആണ് മെര്‍ച്ചന്‍റ്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം കമ്പനികളിലും കാര്യമായി എന്തെങ്കിലും ബിസിനസ് നടക്കുന്നതല്ല. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിദേശ യാത്രയില്‍ അനുഗമിച്ച ബിസിനസുകാരുടെ കൂട്ടത്തില്‍ മെര്‍ച്ചന്‍റ് ഉണ്ടായിരുന്നു.

2017ല്‍ മെര്‍ച്ചന്‍റിന്റെ മുംബയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൌധരി സന്ദര്‍ശിച്ചു. ആഞ്ചിയോപ്ലാസ്റ്റി സര്‍ജറിക്ക് തയ്യാറെടുക്കുന്ന മെര്‍ച്ചന്‍റിനെ കണ്ടത് ഒരു സൌഹൃദ സന്ദര്‍ശനം മാത്രമാണു എന്നാണ് ചൌദരി വിശദീകരിച്ചത്. എന്നാല്‍ സ്വാനിന്‍റെ ഓഫീസില്‍ റെയ്ഡ് നടക്കുമ്പോള്‍ ചൌധരി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. എന്നാല്‍ അക്കാര്യം തനിക്കറിയില്ല എന്നാണ് അതേ കുറിച്ച് മെര്‍ച്ചന്‍റ് പ്രതികരിച്ചത്.

വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാന്‍ എനര്‍ജി 2016-17ല്‍ 300 കോടിയുടെ ബിസിനസില്‍ 1.68 കോടിയുടെ ലാഭമാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ നോക്കിയാല്‍ 2014-15ല്‍ 4.7 കോടി രൂപയും 2016-16ല്‍ 58 ലക്ഷവുമാണ് ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധന എന്ന നിലയില്‍ ചില പൊതുമേഖല ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പയായി തരപ്പെടുത്തിയെടുക്കാന്‍ സ്വാന്‍ എനര്‍ജിക്ക് സാധിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയും ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സും ചേര്‍ന്ന് 48 കോടിയും ദേന ബാങ്ക് 5.8 കോടിയും ഗുജറാത്തിലെ മെഹസാന അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് 4.1 കോടി രൂപയും മഹാര്‍ഷ്ട്ര ഗവണ്‍മെന്‍റിന്റെ സികോം 2.2 കോടി രൂപയും വായപ നല്‍കി.

സ്വാന്‍ എനര്‍ജി വിവാദത്തില്‍ കുടുങ്ങിയത് ഒരു തവണ മാത്രമാണ്. 2009ല്‍ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം ഓര്‍പ്പറേഷന്‍ പിപ്പവാവ് പവര്‍ കമ്പനിയുടെ 49% ഓഹരി 381 കോടി രൂപയ്ക്ക് സ്വാന്‍ എനര്‍ജിക്ക് നല്‍കാന്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തീരുമാനമെടുത്തപ്പോള്‍. മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കാതെ ആയിരുന്നു ഗവണ്‍മെന്‍റിന്റെ ഈ തീരുമാനം. പ്രതിപക്ഷം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മോദിക്ക് ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നു.

പിന്നീട് 2016ല്‍ സ്വാന്‍ രംഗത്ത് വന്നത് ഗുജറാത്തിലെ ജഫ്രാബാദ് തുറമുഖത്ത് ഒരു എല്‍ എന്‍ ജി ടെര്‍മിനലുമായിട്ടാണ്. ഇന്ത്യയിലെ പൊതുമേഖലയിലെ ഏറ്റവും വലിയ ഓയില്‍ കമ്പനികളായ ONGC, IOC, HPCL എന്നിവ നിഖില്‍ മെര്‍ച്ചന്‍റിന് പൂര്‍ണ്ണ പിന്തുണയുമായി എത്തി. മൂന്നു കമ്പനികളും കൂടി ടെര്‍മിനലിന്റെ 60% floating storage regasification unitനായി ബുക്ക് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിന്റെ മറ്റൊരു കമ്പനിയായ GSPC ടെര്‍മിനലിന്റെ 1.5 എം‌ടി ഭാഗവും വാങ്ങിച്ചു. അതായത് ടെര്‍മിനലിന്റെ 90%വും ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള കമ്പനികള്‍ എടുത്തു എന്നര്‍ത്ഥം. എല്‍ എന്‍ ജി ഇറക്കുമതി ചെയ്യാന്‍ ഈ ടെര്‍നിനല്‍ ഉപയോഗിക്കുന്നതിന് കമ്പനികള്‍ മുന്‍കൂര്‍ നിശ്ചയിച്ച ഫീസ് സ്വാനിന് നല്‍കും എന്നുള്ളതാണ് കരാര്‍. എല്‍ എന്‍ ജി പദ്ധതി നടപ്പിലാകുന്നതിന് മുന്‍പ് തന്നെ നടന്ന ഈ കരാറുകള്‍ നിഖില്‍ മെര്‍ച്ചന്‍റിനെ സംബന്ധിച്ചിടത്തോളം ‘റിസ്ക്’ ഇല്ലാത്ത പദ്ധതിയായി.

കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഗവണ്‍മെന്‍റിന്റെ കീഴിലെ രണ്ട് പൊതുമേഖല സ്ഥാപനങ്ങളായ ഗുജറാത്ത് മാരിടൈം ബോര്‍ഡ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റെഡ് എന്നീ കമ്പനികള്‍ 208 കോടിക്ക് എല്‍ എന്‍ ജി ടെര്‍മിനലിന്റെ 26% ഓഹരി വാങ്ങി. എന്നാല്‍ എന്തുകൊണ്ടാണ് ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഒരു സ്വകാര്യ സംരംഭത്തില്‍ ഇത്ര അധികം നിക്ഷേപം നടത്തുന്നത് എന്നു ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. പ്രത്യേകിച്ചും ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റെഡ് സ്വന്തമായി ഒരു എല്‍ എന്‍ ജി ടെര്‍മിനല്‍ ഗുജറാത്തില്‍ സ്ഥാപിക്കുമ്പോള്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഒക്ടോബറില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഒരു 30 വര്‍ഷത്തെ കലാവധിയില്‍ ഒരു കണ്‍സെഷന്‍ കരാര്‍ സ്വാന്‍ എനര്‍ജിക്ക് അനുവദിച്ചു കൊടുത്തു. 20 വര്‍ഷം കൂടി കാലാവധി കൂട്ടാന്‍ പറ്റുന്ന കരാറായിരുന്നു അത്. എന്നാല്‍ നിഖില്‍ മെര്‍ച്ചന്‍റ് പറയുന്നതു ഏകദേശം രണ്ടര വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് ആ കരാര്‍ അനുവദിച്ചു കിട്ടിയതു എന്നാണ്. ഏപ്രില്‍ 2015ലാണ് ഈ അപേക്ഷ സ്വാന്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചത് എന്നും മെര്‍ച്ചന്‍റ് പറയുന്നു.

അതേസമയം എല്‍ എന്‍ ജി പദ്ധതിക്കു വേണ്ടി താന്‍ സമാഹരിക്കുന്ന 750 കോടി വായ്പയുടെ ഉത്തരവാദിത്തം പൊതുമേഖല കമ്പനിക്ക് ഇല്ല എന്നാണ് മെര്‍ച്ചന്‍റ് പറയുന്നത്. എന്നാല്‍ ദി വയറിന് ലഭിച്ച രേഖകള്‍ പ്രകാരം തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ ഒരു ഭാഗം പൊതുമേഖലാ കമ്പനികളുടെ ഉത്തരവാദിത്തമാണ്.

നിഖില്‍ മെര്‍ച്ചന്‍റിനെ കുറിച്ചോ സ്വാന്‍ എനര്‍ജിയെ കുറിച്ചോ സംസാരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ആരും തയ്യാറാവാത്തത് ദി വയറിനെ അത്ഭുതപ്പെടുത്തി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എഴുതി തയ്യാറാക്കിയ ചോദ്യാവലിക്ക് മറുപടി തരാം എന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് അതില്‍ നിന്നും പിന്‍മാറി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോ നിതിന്‍ പട്ടേലോ പ്രതീകരിക്കാന്‍ തയ്യായില്ല.

നിഖില്‍ മെര്‍ച്ചന്‍റിന്റെ കോളേജ് സഹപാഠിയും ഹോസ്റ്റലിലെ സഹതാമസക്കാരനുമായ ഗുജറാത്ത് ഊര്‍ജ്ജ മന്ത്രി സൌരഭ് പട്ടേല്‍ സ്വാന്‍ എനര്‍ജിയോട് എന്തെങ്കിലും പക്ഷപാതിത്വം കാണിച്ചു എന്ന ആരോപണം നിഷേധിച്ചു.

എന്തെങ്കിലും തരത്തിലുള്ള സ്വജന പക്ഷപാതിത്വം ഇതില്‍ ഉണ്ടെന്ന പ്രചാരണത്തെ നിഖില്‍ മെര്‍ച്ചന്‍റും തള്ളിക്കളഞ്ഞു. ഇതെല്ലാം കിംവദന്തികള്‍ മാത്രമാണെന്നും കഴിഞ്ഞ 35 വര്‍ഷമായി ബിസിനസ് രംഗത്ത് നില്‍ക്കുന്ന ഒരാള്‍ എന്ന നിലയില്‍ പ്രമുഖരായ ആളുകളുമായി ബന്ധപ്പെടേണ്ടി വരാറുണ്ട് എന്നും അത് സാധാരണ കാര്യം മാത്രമാണ് എന്നും നിഖില്‍ മെര്‍ച്ചന്‍റ് പറഞ്ഞു.

കൂടുതല്‍ വായിക്കൂ: https://goo.gl/XbJfGP

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍