TopTop
Begin typing your search above and press return to search.

മലക്കറി ദേശിയതയുടെ പിന്നാമ്പുറങ്ങള്‍

മലക്കറി ദേശിയതയുടെ പിന്നാമ്പുറങ്ങള്‍

വി കെ അജിത്‌ കുമാര്‍

ഉടലിന്‍റെ യഥാര്‍ത്ഥ അവകാശിയാരെന്ന ചിന്തയാണ് ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്. ഭരണകൂട സങ്കല്‍പ്പത്തിന്‍റെ ആരംഭത്തില്‍തന്നെ തൊഴിലിന്‍റെയും ജിവിതത്തിന്‍റെയും പ്രകൃതം ആസ്പദമാക്കി മനുഷ്യശരീരത്തെ വേര്‍തിരിച്ചു കഴിഞ്ഞിരുന്നു. ആണും പെണ്ണും കറുപ്പും വെളുപ്പും ഉയരം കൂടിയതും കുറഞ്ഞതും തുടങ്ങി ദേശവ്യത്യാസം മുതല്‍ ഒടുവില്‍ ജാതി, വര്‍ഗ്ഗ വ്യത്യാസം വരെ എത്തി നില്‍ക്കുന്ന തരം തിരിവുകള്‍. കൊളോണിയല്‍ ഭരണക്രമത്തില്‍ ഈ വേര്‍തിരിവുകള്‍ കുടുതല്‍ ശക്തമായി. നിന്‍റെ ഉടലും എന്‍റെ ഉടലും തികച്ചും വ്യത്യസ്തമായ രണ്ടു പ്രദേശങ്ങളായി മാറി. ഒരുവന് ഭരിക്കുവാനും മെതിക്കുവാനും ബലാല്‍സംഗം ചെയ്യുവാനും നെഞ്ചിനുനേരെ വെടിയുതിര്‍ക്കാനും അധികാരമുണ്ടെന്നും, നിങ്ങള്‍ ആണും പെണ്ണും ഞങ്ങള്‍ക്ക് കീഴേതന്നെയാണെന്നും ഭരണകൂട ഭീകരത അതിന്‍റെ നയം വ്യക്തമാക്കിയത് കൊളോണിയല്‍ ഭരണക്രമത്തില്‍ തന്നെയായിരുന്നു. വംശഹത്യയും നരഹത്യയും പോര്‍വിളി നടത്തിയ ഭരണകൂട ഭീകരതയുടെ ചരിത്രം അതിന്‍റെ ഇരുണ്ടപ്രതലങ്ങളില്‍ കുറിച്ചിട്ടിരിക്കുന്നു. ഫാസിസവും നാസിസവും പറഞ്ഞു പഴകിയ കഥകളുടെ ഗണത്തിലേക്ക് പോകുമ്പോഴും ഉടലെന്നത് അതിനെ വായുവും ഭക്ഷണവും നല്‍കി സംരക്ഷിക്കുന്നവന് സ്വന്തമല്ലാതാകുന്നു.

സ്വദേശി എന്ന സങ്കല്‍പ്പം

പൊതുബോധത്തില്‍ തികച്ചും മെച്ചപ്പെട്ട അര്‍ത്ഥം വഹിക്കുന്ന ഒരു പദമാണ് സ്വദേശിയെന്ന സങ്കല്‍പ്പം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഉച്ഛസ്ഥായിയിലാണ് ഈ സങ്കല്‍പ്പവുമായി ഗാന്ധിജി രംഗത്തെത്തുന്നത്. വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കുക എന്ന ആശയത്തിനുപരി ദേശത്തിന്‍റെ സംസ്കരമെന്തെന്നു മനസിലാക്കിയുള്ള ജിവിതചര്യ സ്വീകരിക്കുക എന്ന അനുബന്ധമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്താണ് കുറേ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന സ്വാതന്ത്ര്യത്തന് മുന്‍പുള്ള ഇന്ത്യയുടെ പൊതുദേശിയസംസ്കാരം. വര്‍ണ്ണവും ജാതിയും വര്‍ഗ്ഗവുമെല്ലാം .സങ്കീര്‍ണ്ണമാക്കിയ ഇന്ത്യയുടെ സാംസ്‌കാരിക പെരുമ ഒടുവില്‍ ചര്‍ക്കയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും മാത്രമൊതുക്കേണ്ടിവന്നത് ദേശിയതയുടെ ആശയദാരിദ്ര്യം മാത്രമായിരുന്നു. അല്ലെങ്കില്‍ മഹാത്മജിയുടെ ആകുലതകള്‍ കൊണ്ട് മാത്രമായിരുന്നു. സ്വദേശിയെന്ന അര്‍ത്ഥത്തില്‍ ഉയര്‍ത്തിക്കാട്ടന്‍ ഒരു പൊതുബിംബം അവിടെയില്ലായിരുന്നു. അതിനാല്‍ ചില വരേണ്യബിംബങ്ങള്‍കൊണ്ട് സംതൃപ്തരാകേണ്ടിവന്നു. തുണിയില്ലാത്തവന്‍റെ രാജ്യത്ത് തറിയില്‍ നെയ്തെടുത്ത ഖദര്‍ പ്രതീകമായതിന്‍റെ വിരോധാഭാസമാണ് ഇന്നും നിലനില്‍ക്കുന്ന ഇന്ത്യന്‍ സ്വദേശിയതയെന്ന പ്രശ്നം. വേര്‍തിരിവുകളുടെ രാഷ്ട്രീയം അന്നുതന്നെ ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ആരംഭിച്ചിരുന്നു, ഒഴിവാക്കലിന്‍റെയും മാറ്റിനിര്‍ത്തലിന്‍റെയും ഇടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പോലും എഴുതിച്ചേര്‍ക്കപ്പെട്ടപ്പോഴാണ് പുതിയ കാവിരാഷ്ട്രീയത്തിന്‍റെയും അതിഹൈന്ദവ വാദത്തിന്‍റെയും കാലം നമുക്ക് മുന്‍പില്‍ കടന്നുവന്നത്.

ഉടലിനെ എങ്ങനെ പരിപോഷിപ്പിക്കണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുതന്നെ ഇതിന്‍റെ വ്യക്തമായ തെളിവ് നമുക്ക് ലഭിക്കുന്നു. പല നികുതികളും നിയമങ്ങളും പരോക്ഷമായും പ്രത്യക്ഷമായും അനുഭവിക്കുമ്പോഴാണ് ചില നിര്‍ദ്ദേശങ്ങള്‍ നിരോധനത്തിന്‍റെ രൂപത്തില്‍ നമുക്ക് മുന്‍പിലേക്ക് എത്തുന്നത്. നിന്‍റെ ഉടല്‍ ഞങ്ങള്‍ മെനയുന്നതുപോലെയല്ലെങ്കില്‍ നിന്‍റെ ഉയിര്‍ ഞങ്ങള്‍ എടുക്കും എന്ന ചില കരുണയറ്റ ശബ്ദം ഇതിനു മറുപുറമായി വായിക്കാം.

ആഹാരത്തിന്‍റെ രാഷ്ട്രീയവും ജീവിതവും

ഈ ആശയം വളരെ വിപുലമായ അര്‍ത്ഥത്തില്‍ ദേശാന്തരമായി ചര്‍ച്ചചെയ്തിട്ടുള്ളതാണ്‌. പ്രധാനമായും അത് അടിസ്ഥാനമാക്കുന്നത് തൊഴിലിനെയാണ്. കഠിനവും ആയാസകരവുമായ തൊഴില്‍ ചെയ്യുന്നവര്‍ ദഹനപ്രക്രിയ കുടുതല്‍ സമയം നീണ്ടുനില്ക്കുന്ന ഭക്ഷണക്രമം സ്വീകരിക്കുന്നത് സ്വാഭാവികമാണ്. അദ്ധ്വാനവും പേശിബലവും ആരോഗ്യവും ഇവരെ മാംസാഹാരംകഴിക്കാന്‍ പ്രേരിപ്പിക്കുന്നു. പഴവും ഇലവര്‍ഗ്ഗങ്ങളും കഴിച്ച് കായികാദ്ധ്വാനമുള്ള തൊഴില്‍ ചെയ്യണമെന്ന് ആരാണ് ഇപ്പോള്‍ നമ്മോടാവശ്യപ്പെടുന്നതെന്ന് നാം തിരിച്ചറിയണം.

നമ്മള്‍ കബളിപ്പിക്കപ്പെട്ട സ്വദേശിയെന്ന പ്രതീകത്തിന്‍റെ നവ അനുബന്ധമാണിത്. കായിക ശേഷി ഒരിക്കല്‍ പോലും പുറത്തെടുത്തിട്ടില്ലാത്ത ജൈനമത വിശ്വാസികളുടെ ആഹാര രീതി പിന്തുടര്‍ന്നു സസ്യാഹാരത്തിലേക്ക് കടക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി ആവശ്യപ്പെടുമ്പോള്‍ വോട്ടുബാങ്ക് മാത്രമാണെന്നു കാഞ്ചഐലയ്യ വാദിക്കുന്നത് അതുകൊണ്ടുതന്നെ ശ്രദ്ധേയമാകുന്നു.

മലക്കറി ദേശീയതയുടെ പിന്നാമ്പുറങ്ങള്‍

തീന്‍ മേശയിലെ വിഭവങ്ങള്‍ തീരുമാനിക്കേണ്ടത് അതിന്‍റെ ഉപഭോക്താക്കളാണ്. മെനു കാര്‍ഡ് നോക്കി വെജിറ്റേറിയനും നോണ്‍ വേജിറ്റേറിയനും ആവശ്യപ്പെടാന്‍ ആഹാരശാലാ സംസ്കാരത്തില്‍ പോലും ജനാധിപത്യം നിലനില്‍ക്കുമ്പോഴാണ് സ്വകാര്യഇടമായ അടുക്കളയില്‍ ഭരണകൂട കൈകടത്തലുകള്‍ ഉണ്ടായിരിക്കുന്നത് അല്ലെങ്കില്‍ രാജ്യം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഡൈനിംഗ് ടേബിള്‍ സങ്കല്‍പ്പം നിലവില്‍വരുന്നത്. ഇവിടെ പ്രത്യക്ഷമായും നിരാകരിക്കപ്പെടുന്നത് അദ്ധ്വാനിക്കുന്നവന്‍റെയും കായിക അദ്ധ്വാനം നടത്തുന്നവന്‍റെയും അവകാശമാണ്. ചുമടെടുക്കുന്നവനും പൂജചെയ്യുന്നവനും സോഷ്യലിസം അനുഭവിക്കേണ്ടത് അവന്‍റെ ആഹാരത്തിലൂടെയല്ല അവരുടെ ഉടല്‍ ആവശ്യപ്പെടുന്ന ആഹാരം വ്യത്യസ്തമാണ്. ഇവിടെയാണ് സ്വദേശിയെന്ന പഴയ പ്രതീകം വീണ്ടും തെറ്റായി രംഗപ്രവേശം ചെയ്യപ്പെടുന്നത്. തെളിച്ചു പറഞ്ഞാല്‍ ദളിത്‌ വിരുദ്ധതയും മുസ്ലിം വിരുദ്ധതയുടെയും ഭക്ഷണ രാഷ്ട്രിയമാണ് പുതിയ കാവിവല്‍കൃത ഇന്ത്യയിലെ പുതിയ ചലനങ്ങള്‍.

കാഞ്ച ഐലയ്യ അല്‍പ്പം കൂടി കടന്നു ജൈന മതതത്വങ്ങള്‍ മുന്‍നിര്‍ത്തി മാംസാഹാരം നിരോധിക്കുവാനുള്ള ബി ജെ പി ഗവര്‍ണ്‍മെന്‍റിന്‍റെ നീക്കത്തെ വ്യക്തമാക്കുന്നതിലൂടെ നിര്‍വചിക്കുന്നു. ജൈനമതവും ബുദ്ധമതവും ഏതെങ്കിലും കാര്യത്തില്‍ സാമ്യത പാലിക്കുന്നുവെങ്കില്‍ അത് ഹിന്ദുമതത്തില്‍ നിന്നും എത്രമാത്രം അകന്നു നില്‍ക്കുന്നു എന്ന കാര്യത്തില്‍ മാത്രമാണെന്നതാണ്. ഹിന്ദുമതത്തിന്‍റെ ഭക്ഷണ രിതിയില്‍ മാംസാഹാരം ഉണ്ടായിരുന്നുവെന്നും ജൈനന്മാര്‍ വര്‍ദ്ധമാന മഹാവീരന്‍റെ കര്‍ശന നിര്‍ദ്ദേശപ്രകാരം പച്ചക്കറിതീറ്റക്കാരായി മാറുകയായിരുന്നുവെന്നും ഇതിനിടയിലുള്ള ഒരു സ്ഥാനമാണ് ബുദ്ധമതാനുയായികള്‍ സ്വീകരിച്ചതെന്നും പറയുന്നു. അഹിംസയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഭക്ഷണത്തിന് യോഗ്യമായ ജീവികളെ ഭക്ഷിക്കാന്‍ ബുദ്ധമതാനുയായികള്‍ ശിലിച്ചിരുന്നു. ബുദ്ധമതം അംബേദ്‌കറിലൂടെ നവയാനം നടത്തുക വഴി ഒരു ദളിത്‌പക്ഷം സ്വികരിച്ചതിനാല്‍ അതിനെ നിരാകരിക്കുകയാണ് പുതിയ കാവി വരേണ്യ സംഘമെന്ന് അദ്ദേഹം അടിവരയിട്ടുപറയുന്നു. അങ്ങനെയുണ്ടാകുന്ന മലക്കറിദേശീയതയിലൂടെ ഇന്ത്യന്‍ ദളിത്‌പക്ഷം അതിന്‍റെ കായിക ശേഷിയുടെ പിന്‍ബലം പോലും നഷ്ടമാകുന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം ഭയപ്പെടുന്നു.

ഇന്ത്യന്‍ ദളിതുകള്‍ ബി ജെ പിയിലേക്കെന്ന്

കഴിഞ്ഞ ദിവസം സ്വരാജ് എന്ന ഉത്തരേന്ത്യന്‍ മാധ്യമത്തിന്‍റെ ഓണ്‍ ലൈന്‍ എഡിഷനില്‍ കണ്ട ഒരു ചിന്തയാണിത്.വളരെ ഉപരിപ്ലവമായ ചില തെളിവുകളിലൂടെ ഈ ലേഖനം വര്‍ത്തമാന കാലാവസ്ഥയില്‍ നാഗരിക ദളിത്‌ വര്‍ഗ്ഗത്തിന്‍റെ ചലനം ദര്‍ശിക്കുന്നു. പുതുക്കപ്പെടാത്ത കമ്യുണിസ്റ്റ് ആശയങ്ങളും കോണ്‍ഗ്രസിലുള്ള വിശ്വാസ നഷ്ടവും മാത്രമല്ല മോദി സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്കരണത്തില്‍, പുതിയ വ്യവസായ നയങ്ങളില്‍, പോഷണ നയങ്ങളില്‍ വരേണ്യദളിതുകള്‍ ആകൃഷ്ടരാകുന്നുവെന്ന് ഇതില്‍ വാദിക്കുന്നു. ചില സത്യങ്ങളെ വളച്ചുകെട്ടില്ലാതെ വിശദമാക്കുമ്പോഴും നഗരവല്‍ക്കരണത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവരും ഇന്നും വാഹനങ്ങളോ വൈദ്യുതിയോ കുടിവെള്ളമോ എത്തിച്ചേരാത്ത ഗ്രാമങ്ങളും ഉയര്‍ത്തുന്ന രണ്ടാം പക്ഷം കാഞ്ച ഐലയ്യ ഒരിക്കല്‍ പറഞ്ഞ എരുമ ദേശീയതയില്‍ തന്നെയാണ്. അവരുടെ ജീവിത രൂപകം ഗോമാതാവല്ല എരുമതന്നെയാണ്. അവരെയാണ് നിര്‍ബന്ധമായും ഈ മലക്കറി ദേശീയതയിലൂടെ സാംസ്കാരിക ഉന്നമനം(?) നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി വേണ്ട പഴങ്ങളും പച്ചക്കറികളും ഇവിടെ അധികനാള്‍ കൃഷിചെയ്യുവാന്‍ അവരുണ്ടാകില്ലെന്ന് ശാരീരിക പരിണാമത്തിന്‍റെ ശാസ്ത്രീയ നിഗമനങ്ങള്‍ കാണിച്ചുതരുന്നു.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories