TopTop
Begin typing your search above and press return to search.

ജയ്റ്റ്‌ലിയുടെ നോട്ട് നിരോധന തത്വചിന്ത; മോദിയുടെ രോഗനിര്‍ണയ റിപ്പോര്‍ട്ടുമായി ഡോ.മന്‍മോഹന്‍

ജയ്റ്റ്‌ലിയുടെ നോട്ട് നിരോധന തത്വചിന്ത; മോദിയുടെ രോഗനിര്‍ണയ റിപ്പോര്‍ട്ടുമായി ഡോ.മന്‍മോഹന്‍

നോട്ട് നിരോധനം ധാര്‍മ്മികതയുള്ള ഒരു പുണ്യപ്രവൃത്തിയായിരുന്നു എന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഇപ്പോളും പറയാനുള്ളത്. വേറെ എന്ത് പറയാനാണ് അല്ലേ? സമ്പദ് വ്യവസ്ഥയില്‍ നിന്ന് കറന്‍സി കാലിയാക്കുക എന്ന ലക്ഷ്യത്തില്‍ വിജയിച്ചു എന്ന കാര്യത്തിലാണ് ധനമന്ത്രി അഭിമാനം കൊള്ളുന്നത്. അത് സത്യമാണ്. രാജ്യത്തെ ഏറ്റവും വലിയ സംഘടിത കൊള്ളകളിലൊന്ന് എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് സത്യമാണ്. മന്‍മോഹന്‍റെ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന സംഘടിതവും അസംഘടിതവുമായ കൊള്ളകള്‍ പുറത്തുകൊണ്ടുവരാനും ജനങ്ങളെ അറിയിക്കാനും വലിയ ആര്‍ജ്ജവത്തോടെ മാധ്യമങ്ങള്‍ രംഗത്തുണ്ടായിരുന്നു. മോദി കാലത്ത് സംഘടിത കൊള്ള പുറത്തുവരാതിരിക്കാന്‍ മാധ്യമങ്ങളുടെ വായ ടേപ്പ് കൊണ്ട് ഒട്ടിച്ചിരിക്കുകയാണ്. എങ്കിലും നാട്ടുകാര്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ എക്കോണമിയുടെ കണക്ക് പ്രകാരം 2017 ജനുവരിക്കും ഏപ്രിലിനുമിടയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ കാര്യമായി ഉണ്ടാക്കാന്‍ മോദി സര്‍ക്കാരിനെ കൊണ്ട് കഴിഞ്ഞിട്ടുമില്ല.

Demolition, by Manmohan എന്നാണ് ടെലഗ്രാഫിന്റെ ലീഡ് വാര്‍ത്ത. ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മോദിയെ വിശദമായ ഡയഗ്‌ണോസിസിന് (രോഗനിര്‍ണയ പരിശോധന) വിധേയനാക്കി അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഡോ.മന്‍മോഹന്റെ ഡയ്ഗ്നോസിസിന്‍റെ വിശദാംശങ്ങള്‍ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലയും ഹൃദയവുമില്ലാത്ത ഭരണം എന്നാണ് മന്‍മോഹന്റെ വിലയിരുത്തല്‍. എന്നുവച്ചാല്‍ ബുദ്ധിശൂന്യവും മനുഷ്യത്വമില്ലാത്തതുമായ ഭരണം. മന്‍മോഹന്റെ ഭരണത്തിന് വലിയ മനുഷ്യത്വമൊന്നും അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും മോദി ഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭേദമായിരുന്നു. പക്ഷെ അത് ബുദ്ധിപരമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്യങ്ങള്‍ നേരാംവണ്ണം ചെയ്യാതിരിക്കാന്‍ കഴിയുമ്പോളാണ് തള്ള് പ്രസംഗങ്ങളും നാടകീയതയും വികാരത്തള്ളിച്ചയിലെ കരച്ചിലുമെല്ലാം വരുന്നതെന്ന് മന്‍മോഹന്‍ പറയുന്നു.

https://www.telegraphindia.com/india/demolition-by-manmohan-184397

ആധാര്‍ എന്ന ഭൂതത്തെ സൃഷ്ടിക്കുകയും തുറന്നുവിടുകയും ചെയ്ത നന്ദന്‍ നിലേകനിയെ സംബന്ധിച്ച് നോട്ട് നിരോധനം ഇന്ത്യ കണ്ട വലിയ സാങ്കേതിക വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. Nothing less than a tech revolution എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിലേകനി എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ആദ്യ വഴിയാണ് കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ചുവടുവയ്‌പെന്നാണ് നിലേകനിയുടെ മഹത്തായ കണ്ടുപിടിത്തം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമം എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഗ്രാമം ജീവിക്കാന്‍ വേണ്ടി സാധാരണ നിലയിലേയ്ക്ക് മടങ്ങിയ കാര്യമൊന്നും നിലേകനിക്ക് ഒരു പ്രശ്‌നമാവാന്‍ വഴിയില്ല. റൊട്ടിയില്ലാതെ പട്ടിണി കിടക്കുന്നവനോട് നിങ്ങള്‍ക്ക് കേക്ക് തിന്നുകൂടെ എന്ന് ചോദിക്കുന്നത് പോലെയായി ഇത്.

ഇന്ത്യ എന്ന രാജ്യത്തെ ജനജീവിതം സംബന്ധിച്ച് നിലേകനിയുടെ ധാരണകള്‍ അപാരം തന്നെ. വെറും ആറ് മാസത്തിലും കുറഞ്ഞ സമയം കൊണ്ട് നൂറ് കോടിയിലേറെ ഇന്ത്യക്കാര്‍ ലോകത്തെ തന്നെ ഏറ്റവും മികവുറ്റ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പ്രാപ്യമാക്കാന്‍ സാധിച്ചു എന്നാണ് അദ്ദേഹത്തിന്റെ തള്ള്. നമ്മുടെ ഓര്‍മ്മകളില്‍ 2016 നവംബര്‍ എട്ട് നിറഞ്ഞുനില്‍ക്കുന്നത് നമ്മള്‍ കാഷ്‌ലെസ് ആയ ദിനമായാണ് എന്ന് നിലേകനി പറയുന്നു. നൂറ് ശതമാനം ശരിയാണത്. ഈ നാട്ടിലെ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കിയ ദിനമാണ് നവംബര്‍ എട്ട്. അത് ഇന്ത്യക്കാര്‍ എങ്ങനെ മറക്കാനാണ്. ദോഷം പറയരുതല്ലോ മോദിയുടെ നോട്ട് നിരോധനത്തെ സംഘടിത കൊള്ള എന്ന് വിളിച്ച മന്‍മോഹന്‍ സിംഗിന്റെ പാര്‍ട്ടിക്കാരനാണ് ഇദ്ദേഹം. മന്‍മോഹനെ പോലെ ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുമ്പോള്‍ കൊള്ളകളെ കുറിച്ച് രണ്ട് തരം കാഴ്ചപ്പാടുകളും ഇരട്ടത്താപ്പും നിലേകനിക്കില്ല. യാതൊരു കാപട്യവുമില്ലാത്ത ശുദ്ധനാണ്.

http://www.hindustantimes.com/opinion/demonetisation-was-a-defining-moment-in-india-s-journey-to-a-less-cash-economy/story-SsyqaosJ1WQTOmnOowC8KJ.html

ഇന്‍ഫോസിസിലെ തിരക്കൊക്കെ ഒഴിഞ്ഞപ്പോളാണ് നാട്ടുകാരെ ഉദ്ധരിക്കാനും രാജ്യത്തെ സേവിക്കാനും ഇനി എന്ത് ചെയ്യാം എന്ന് ആലോചിക്കുന്നത്. അപ്പോളാണ് Unique Identification Authority of India എന്ന പേരില്‍ ഇന്ത്യക്കാരെ ഏകീകരിക്കാന്‍ ഒരു അവസരം കിട്ടുന്നത്. മന്‍മോഹന്‍സിംഗ് ആണെങ്കില്‍ നിലേകനിക്ക് കാബിനറ്റ് റാങ്കും കൊടുത്ത് ഇദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ചു. 2014 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു മാസം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയും പറ്റിയാല്‍ മന്ത്രിയുമാവാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പക്ഷെ എന്ത് ചെയ്യാം കോണ്‍ഗ്രസും നിലേകനിയും ദയനീയമായി തോറ്റു. രണ്ട് ലക്ഷത്തില്‍ പരം വോട്ടിനാണ് ബിജെപി നേതാവ് അനന്ത് കുമാറിനോട് നിലേകനി തോറ്റത്. തന്നെ മൃഗീയമായി തോല്‍പ്പിച്ചവരാണെങ്കിലും ബിജെപിക്കാര്‍ നല്ലവരാണ്. അവര്‍ നിലേകനിയെ മറന്നില്ല. ആധാറിനെ ഒട്ടും മറന്നില്ല. ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന വ്യവസ്ഥ മുന്നോട്ട് വച്ചു.

2016 ഡിസംബറില്‍ അതായത് മഹത്തായ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷം ഇന്ത്യക്കാരെ എങ്ങനെ നോട്ടില്ലാതെ ജീവിക്കാന്‍ പഠിപ്പിക്കാം അല്ലെങ്കില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കാം എന്ന് അന്വേഷിക്കുന്ന സമിതിയില്‍ നിലേകനി അംഗമായി. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. കറന്‍സി നോട്ടില്ലാത്ത കിനാശേരിയാണ് നിലേകനിയുടെ സ്വപ്‌നം. ബംഗളൂരുവില്‍ പോലും അത് നടക്കാന്‍ പോകുന്നില്ലെങ്കിലും. പിന്നെ ജയ്റ്റ്‌ലിയെ മാറ്റി ധനമന്ത്രിയാവുക അത്ര എളുപ്പമല്ല. പറ്റുമെങ്കില്‍ ആധാറിന് പ്രത്യേക വകുപ്പുണ്ടാക്കാന്‍ മോദിജിയോട് പറയണം. ഓഹരി വില്‍ക്കാന്‍ വേണ്ടി മാത്രം പ്രത്യേക വകുപ്പുണ്ടാക്കിയ ചരിത്രമുള്ളവരാണ്. അത്തരം സഹായങ്ങള്‍ ചെയ്ത് തരുമായിരിക്കും. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍, ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍, വലിയ തോതിലുള്ള തൊഴില്‍ നഷ്ടം, കാര്‍ഷിക, വ്യാവസായിക മേഖലകളിലെ തകര്‍ച്ച, സാമ്പത്തികവളര്‍ച്ചാ നിരക്കിലുണ്ടായ വലിയ ഇടിവ് ഇതൊന്നും നന്ദന്‍ നിലേകനിയെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ ഭംഗിയായി തോല്‍പ്പിച്ച്, തോറ്റ എംപിയാക്കി മാറ്റിയ ബാംഗ്ലൂര്‍ നോര്‍ത്തിലെ വോട്ടര്‍മാര്‍ക്ക് എന്നെങ്കിലും കുറ്റബോധം തോന്നും. ഇനിയും സമയമുണ്ട് തിരുത്താന്‍.

http://www.azhimukham.com/edit-will-modi-take-back-adanis-5000-crore-black-money-on-demonetisation-one-year/

ഇത്തരം തമാശകള്‍ക്കിടയില്‍ അല്‍പ്പം ഗൗരവവും ഉള്‍ക്കാഴ്ചയുമുള്ള ലേഖനങ്ങളും നോട്ട് നിരോധനം സംബന്ധിച്ച് കാണാം. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയും അസാധുവാക്കിയ നോട്ടുകള്‍ മുഴുവന്‍ ബാങ്കുകളിലെത്താന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മുന്‍കൂട്ടി പറയുകയും ചെയ്ത, മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ചിന്തകന്‍ പ്രൊഫ.പ്രഭാത് പട്‌നായികിന്റെ ലേഖനം ദ ഹിന്ദു ബിസിസ് ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് - A damaging and mindless act എന്ന പേരില്‍. നോട്ട് നിരോധന പ്രഖ്യാപന സമയത്തെ ഏറ്റവും കൃത്യവും ആധികാരികവുമായ സാമ്പത്തിക വിശകലനം നടത്തിയവരില്‍ ഒരാള്‍ പ്രഭാത് പട്നായിക് ആണെന്ന് മറക്കാനാവില്ല.

http://www.thehindubusinessline.com/opinion/a-damaging-and-mindless-act/article9947514.ece?m=dtp

കള്ളപ്പണ നിക്ഷേപങ്ങളുടെ തീരെ ചെറിയ ശതമാനം മാത്രമാണ് കറന്‍സി രൂപത്തില്‍ സംഭരിക്കപ്പെടുന്നത് എന്ന വസ്തുത പ്രഭാത് പട്നായിക് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഭൂമിയായും സ്വത്ത് വകകളായും കടലാസ് കമ്പനികളുടെ പേരിലുള്ള വിദേശ നിക്ഷേപങ്ങളായും അതിങ്ങനെ വിശാലമായി പരന്നുകിടക്കുകയാണ്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹ അടക്കമുള്ളവരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഐസിഐജെ (ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ്) പുറത്തുവിട്ട പാരഡൈസ് പേപ്പര്‍സ് രേഖകള്‍ വെളിപ്പെടുത്തിയത്. വിദേശത്തെ കടലാസ് കമ്പനികള്‍ ഉപയോഗിച്ചുള്ള വ്യവസായ തട്ടിപ്പുകള്‍ക്ക് കുപ്രസിദ്ധി നേടിയ ഗൗതം അദാനിയായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് അതിന് കയ്യടിച്ച ഇന്ത്യയിലെ പ്രമുഖരില്‍ ഒരാള്‍. അന്ന് അദാനിയുടെ ട്വീറ്റിന് താഴെ വന്ന പ്രതികരണങ്ങള്‍ നോട്ട് നിരോധനത്തിന്‍റെ പൊള്ളത്തരം തുറന്നുകാട്ടുന്നതായിരുന്നു.

(സുരേന്ദ്രയുടെ കാര്‍ട്ടൂണ്‍ - ദ ഹിന്ദു)

ഡീമണിറ്റൈസേഷന്റെ ഒന്നാം പിറന്നാളിന് ബ്ലാക് മണി കേക്ക് മുറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മോദിയുടേയും അരുണ്‍ ജയ്റ്റ്‌ലിയുടേയും അമിത് ഷായുടേയും ചിത്രമാണ് ദ ഹിന്ദുവില്‍ സുരേന്ദ്രയുടെ ഇന്നത്തെ കാര്‍ട്ടൂണ്‍. മുറിച്ച് വിതരണം ചെയ്യാന്‍ മാത്രം ഒന്നും കിട്ടിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം തുറിച്ചുനോക്കുന്നുണ്ടെങ്കിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. കള്ളപ്പണം പിടിച്ചാല്‍ കിട്ടുന്ന 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ കിട്ടിയ അനുഭവമുള്ളവരെല്ലാം കേക്കിനായി ക്ഷമയോടെ ക്യൂ പാലിക്കേണ്ടതാണ്.


Next Story

Related Stories