UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയില്‍ ബിസിനസ് ‘ഈസി’യാകുന്നതായി ലോകബാങ്ക്; ജീവിതം ഒട്ടും ഈസിയാകാതെ ജനങ്ങള്‍

ലോകബാങ്കിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ മുന്നേറുന്നതിന് വേണ്ടിയാണ് വ്യവസായ പദ്ധതികള്‍ക്കെതിരെ പരാതി നല്‍കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ മാനദണ്ഡ പ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 30 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നൂറാം സ്ഥാനം നേടിയതാണ് ഇന്നത്തെ മിക്ക ഇംഗ്ലീഷ് പത്രങ്ങളുടേയും ലീഡ് വാര്‍ത്ത. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2018 റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോട്ട് നിരോധനവും ജി എസ് ടിയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ നട്ടം തിരിയുകയും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയും വളര്‍ച്ചാനിരക്കില്‍ വലിയ തിരിച്ചടി ഉണ്ടാവുകയും നോട്ട് നിരോധനം ഒരു വന്‍ ദുരന്തമാണെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇന്ത്യ എളുപ്പത്തില്‍ ബിസിനസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യവസായികള്‍ക്ക് സൗകര്യമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറിയിരിക്കുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി ലോകബാങ്ക് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈസ് ഓഫ് ഡൂയിംഗിന്റെ 10 സൂചകങ്ങളില്‍ ആറിലും ഇന്ത്യ മുന്നേറിയതായാണ് ലോകബാങ്കിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം 131-ല്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി 130ലെത്താനേ ഇന്ത്യക്ക് കഴിഞ്ഞിരുന്നുള്ളൂ.

“ഞാനിത് പണ്ടേ പറഞ്ഞതല്ലേ, ഇപ്പോ എന്തായി” എന്ന മട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചതെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. ഇത് ചൂണ്ടിക്കാട്ടി ചരിത്രപരമായ കുതിച്ചുചാട്ടമാണ് തന്റെ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലമുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതേസമയം ജി എസ് ടിയെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. നോട്ട് നിരോധനവും പരിഗണിച്ചിട്ടില്ലെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. കമ്പനി ആക്ടിലുള്‍പ്പടെ വരുത്തിയ നിയമഭേദഗതികളാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് കൊണ്ടും തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തും കൃഷിഭൂമി അപഹരിച്ചും ബിസിനസ് ഈസിയാക്കുക എന്നതാണ് നയമെന്ന് കേന്ദ്രത്തിന്റെ ചുവടു പിടിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും അതിന്‍റെ സമീപനങ്ങളും നയപരമായ തീരുമാനങ്ങളും കൊണ്ട് വ്യക്തമാക്കുന്നു. നിലവില്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ചാണ് പല വ്യവസായങ്ങളും ലൈസന്‍സ് നേടിക്കൊണ്ടിരിക്കുന്നത്.

ലോകബാങ്കിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്സില്‍ മുന്നേറുന്നതിന് വേണ്ടിയാണ് വ്യവസായ പദ്ധതികള്‍ക്കെതിരെ വിജിലന്‍സിലും കോടതിയിലും പരാതി നല്‍കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉയര്‍ന്ന റാങ്കില്‍ വരാനുളള മാനദണ്ഡം വ്യവസായങ്ങള്‍ക്ക് ലളിതമായ നിയന്ത്രണങ്ങളും അവയുടെ ആസ്തി സംരക്ഷിക്കുന്നതിന് ശക്തമായ അവകാശങ്ങളും നല്‍കുന്നതാണ്. ഈ മാനദണ്ഡം വഴി; സ്വകാര്യവല്‍ക്കരണം, ക്ഷേമപദ്ധതികള്‍ വെട്ടിചുരുക്കുക, തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുക, തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കുക, ബഹുരാഷ്ട്ര കുത്തകളെ പ്രീണിപ്പിക്കുന്നതിനായി കുറഞ്ഞ കൂലി, കരാര്‍ തൊഴിലുകള്‍ വ്യാപകമാക്കുക എന്നീ നവ ഉദാരവല്‍ക്കരണ നയങ്ങളെയാണ് ലോക ബാങ്ക് പ്രോല്‍സാഹിപ്പിക്കുന്നതെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വലിയ അഴിമതികളിലൊന്നായ വ്യാപം കുംഭകോണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ഭരിക്കുന്നവര്‍ക്ക്‌ ക്ലീന്‍ ചിറ്റ് നല്‍കുക എന്ന പരിപാടി പണ്ടേ സിബിഐയുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ്. ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധന സിംഗുമടക്കം ആരോപണ വിധേയരായ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അഴിമതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. വ്യാപം കേസുമായി ബന്ധപ്പെട്ടവരുടെ തുടര്‍ച്ചയായ ദുരൂഹ മരണങ്ങള്‍ ഏറെ വിവാദങ്ങളുണ്ടാക്കിയതാണ്. 490 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ടാണ് ശിവരാജ് സിംഹ് ചൗഹാന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. അഴിമതിയുടെ വിവരങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് ഇന്‍ഡോര്‍ പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചതായുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ ആരോപണം സിബിഐ തള്ളി. ദിഗ് വിജയ് സിംഗിനും വിവരാവകാശ പ്രവര്‍ത്തകന്‍ പ്രശാന്ത് പാണ്ഡെക്കുമെതിരെ വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ച് കേസെടുക്കാനാണ് ഇപ്പോള്‍ ആലോചന. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും 2015ല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2013 മുതല്‍ വ്യാപം കേസുമായി ബന്ധപ്പെട്ടുണ്ടായ ഒരു ഡസനോളം വരുന്ന ദുരൂഹമരണങ്ങള്‍ ഹൃദയാഘാതം മൂലം സംഭവിച്ചതോ ആത്മഹത്യയോ ആണെന്ന് സിബിഐ കണ്ടെത്തിയതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കാലവും സിബിഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് അതൊരു വലിയ തമാശയുമാണ്.

ന്യൂഡല്‍ഹിയില്‍ നടന്ന സര്‍ദാര്‍ പട്ടേല്‍ അനുസ്മരണത്തിനിടെ തൊട്ടടുത്ത് വന്നിട്ടും മുഖത്തോട് മുഖം നോക്കാതെ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിലെ ഏറ്റവും ആകര്‍ഷകമായ ഫോട്ടോ. FACE TO FACE, NOT EYE TO EYE എന്നാണ് ടെലഗ്രാഫ് ഫോട്ടോയുടെ അടിക്കുറിപ്പ്. സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ മന:പൂര്‍വം അവഗണിക്കുകയാണ് ഇതുവരെ ഉണ്ടായതെന്ന് കോണ്‍ഗ്രസിനെ ചൂണ്ടി മോദി പറഞ്ഞപ്പോള്‍ വിഭാഗീതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സര്‍ദാര്‍ പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ് വിഭാഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്നവരുടേതെന്ന് തിരിച്ചടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ഏതായാലും ഈ പോര് മുറുകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണം ചെയ്യും. അത് ആരോഗ്യകരമാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍