Top

രാഷ്ട്രപതി കോവിന്ദിന്റെ ടിപ്പു റോക്കറ്റ് ബിജെപിയുടെ നെഞ്ചത്ത്; ഗുജറാത്തില്‍ 'ദുരിതാശ്വാസം' നിര്‍ത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രപതി കോവിന്ദിന്റെ ടിപ്പു റോക്കറ്റ് ബിജെപിയുടെ നെഞ്ചത്ത്; ഗുജറാത്തില്‍
ടിപ്പു സുല്‍ത്താന്റെ മൈസൂര്‍ പട തൊടുത്തുവിട്ട റോക്കറ്റുകള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന് ഏല്‍പ്പിച്ച വലിയ പരിക്കുകളെക്കുറിച്ച് ചരിത്രം പറയുന്നു. ആംഗ്ലോ മൈസൂര്‍ യുദ്ധങ്ങളെന്ന് അറിയപ്പെടുന്നവയില്‍ ടിപ്പുവിന്റെ കാലത്തും പിതാവ് ഹൈദരാലിയുടെ കാലത്തുമെല്ലാം ഈ റോക്കറ്റുകള്‍ ഇംഗ്ലീഷുകാരെ വിറപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഒരു റോക്കറ്റ് ആക്രമണമാണ് ഇന്നലെ കര്‍ണാടക നിയമസഭയില്‍ കണ്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് റോക്കറ്റ് വിട്ടത്. അത് കൊണ്ടത് ബിജെപിയുടേയും സംഘപരിവാറിന്റേയും നെഞ്ചത്ത്. Kovind's Tipu rocket hits BJP എന്നാണ് നര്‍മ്മവും ആക്ഷേപഹാസ്യവും ചിന്തയും നിറഞ്ഞ തലക്കെട്ടുകളിലൂടെ മുന്‍പേജുകളെ സമ്പന്നമാക്കുന്ന ടെലഗ്രാഫിന്‍റെ തലക്കെട്ട്‌.

ബിജെപിയുടേയും സംഘപരിവാറിന്റേയും പ്രഖ്യാപിത ശത്രുവാണ് ടിപ്പുസുല്‍ത്താന്‍. കടുത്ത മുസ്ലീം വര്‍ഗീയവാദിയായും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും എതിര്‍ക്കുന്നവരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരനായുമാണ് സംഘപരിവാര്‍ എക്കാലവും ടിപ്പുവിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ടിപ്പു പൊളിച്ചുവെന്ന് അവര്‍ ആരോപിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ പട്ടികയും കക്ഷത്തില്‍ വച്ചാണ് കര്‍ണാടകയിലേയും കേരളത്തിലേയും സംഘപ്രവര്‍ത്തകര്‍ നടക്കുന്നത്. മലബാറില ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ടിപ്പുവിനെ സംഘപരിവാര്‍ എത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള ടിപ്പുവിനെയാണ്, ബിജെപി പ്രതിനിധിയായി രാഷ്ട്രപതി ഭവനിലെത്തിയ കോവിന്ദ് ഇന്നലെ വീരനായകനെന്ന് വിളിച്ചത്.

ടിപ്പുവിന്റേത് വീരമൃത്യുവായിരുന്നെന്നും മഹത്തായ പോരാട്ടമാണ് അദ്ദേഹം ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ നടത്തിയതെന്നും കോവിന്ദ് പറഞ്ഞു. കര്‍ണാടക നിയമസഭയായ വിധാന്‍സൗധയുടെ വാര്‍ഷികത്തോടനുബന്ധിച്ച പ്രസംഗത്തിലാണ് കോവിന്ദിന്റെ ടിപ്പു പ്രശംസ. ഏതായാലും ഇത് ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും ശരിക്കും കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിന്റേയും കുരുട്ടുബുദ്ധിയാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിക്കൊടുത്ത പ്രസംഗമാണ് കോവിന്ദ് വായിച്ചതെന്നുമാണ് ബിജെപി പറയുന്നത്.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുമെന്നാണ് മാതൃഭൂമിയുടെ ലീഡ് വാര്‍ത്ത. മുസ്ലീം പുരുഷന്മാര്‍ ഏകപക്ഷീയമായി നടത്തുന്ന മുത്തലാഖ് വിവാഹ മോചന രീതി നേരത്തെ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. അതേസമയം മുത്തലാഖ് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരില്ലെന്നും പകരം ഐപിസി 497ാം വകുപ്പ് ഭേദഗതി ചെയ്ത് മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രകാരം മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനത്തിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നതെന്നും എംകെ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു.

പ്രഖ്യാപിക്കാതെ രഹസ്യമാക്കി വച്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി അവസാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന മന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കും പദ്ധതികളും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കാനും ഉദ്ഘാടന മേളകള്‍ പൊലിപ്പിക്കാനും വേണ്ടി പെരുമാറ്റ ചട്ട ഭീഷണി ഒഴിവാക്കി സൗകര്യം ഒരുക്കിയ കമ്മീഷന്‍ ഇപ്പോള്‍ പറയുന്നത്, തിരഞ്ഞെടുപ്പ് തീയതി നേരത്തെ പ്രഖ്യാപിക്കാതിരുന്നതിന് ന്യായീകരണമായി പറയുന്നത് വെള്ളപ്പൊക്കം, ദുരിതാശ്വാസം, കാലാവസ്ഥ എന്നൊക്കെയാണ്. 'കാലാവസ്ഥ' മോശമായിരുന്നത് തന്നെയാണ് പ്രശ്നം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. Gujarat election dates: CEC's flood claim holds no water എന്നാണ് ടൈംസ്‌ ഓഫ് ഇന്ത്യയുടെ ഉള്‍പേജ് വാര്‍ത്ത.വെള്ളപ്പൊക്കത്തിന്റെ വെള്ളമൊക്കെ എപ്പോഴേ ഒഴുകിപ്പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ അവസാനിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജോതി പറയുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥനായിരുന്നു ജോതി. എന്തായാലും മോദി കാലത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു പാഠമാകും എന്ന കാര്യത്തില്‍ സംശയമില്ല.

http://www.azhimukham.com/offbeat-tipu-sultans-birth-anniversary-and-sang-parivar-opposition/

Next Story

Related Stories