Top

ഇന്ത്യക്ക് വീണ്ടും ബിജെപിയുടെ 'ആരോഗ്യ മാതൃക'; ഗുജറാത്തില്‍ നാല് ദിവസത്തിനിടെ മരിച്ചത് 20 കുട്ടികള്‍

ഇന്ത്യക്ക് വീണ്ടും ബിജെപിയുടെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 20 നവജാത ശിശുക്കള്‍ ചികിത്സ കിട്ടാതെ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. 24 മണിക്കൂറില്‍ ഒമ്പത് കുട്ടികളാണ് മരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലാണ് ഈ കൂട്ട മരണം. മലയാള പത്രങ്ങളില്‍ ദേശാഭിമാനി മാത്രമാണ് ഈ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്. ദേശാഭിമാനിയുടെ ലീഡ് വാര്‍ത്തയാണ് ഇത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ഡോക്ടര്‍ ഹെല്‍ത്ത് കമ്മീഷണര്‍ക്ക് കത്തയച്ചെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പിആര്‍ ചന്തുകിരണിന്റെ റിപ്പോര്‍ട്ട് പറയുന്നു. മലയാള മനോരമയുടെ മുന്‍ പേജില്‍ ചെറിയ വാര്‍ത്തയുണ്ട്. മാതൃഭൂമിയുടെ പിന്‍ പേജിലും.ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റേയും ടൈംസ് ഓഫ് ഇന്ത്യയുടേയും അഹമ്മദാബാദ് എഡിഷനുകള്‍ക്ക് ഇതൊരു ഉള്‍പ്പേജ് വാര്‍ത്തയാണ്. മനുഷ്യജീവനേക്കാള്‍ വില മതിക്കുന്ന വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ഈ നാട്ടില്‍ ചര്‍ച്ച ചെയ്യാന്‍ അല്ലേ? Infant deaths at civil: protest erupt എന്ന് ശിശുമരണത്തിലെ ശക്തമായ പ്രതിഷേധത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അഹമ്മദാബാദ് എഡിഷന്റെ സിറ്റി പേജ് വാര്‍ത്ത. ബുള്ളറ്റ് ട്രെയിന്‍ വരാന്‍ പോകുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നിലാണ് മാപ്പര്‍ഹിക്കാത്ത ഈ ക്രൂരത. രാജ്യത്തിന് മൊത്തം മാതൃകയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ ആണിത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിക്കുകയും ബനാറസിലെ ആശുപത്രിയില്‍ 14 രോഗികള്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ശേഷം വീണ്ടും ഇന്ത്യക്ക് ബിജെപിയുടെ 'ആരോഗ്യമാതൃക'.കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ കളി പരിധി വിടുന്നതായും ജനങ്ങളെ ദ്രോഹിക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ചാണ് ടൈംസ് പറയുന്നത്. ആധാറുമായി ബന്ധിപ്പിക്കാതെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മറ്റുമുള്ള ഭീഷണി കടുത്ത ജനവിരുദ്ധ നിലപാടാണെന്നും ജനങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കുന്ന പണമാണ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 2016ലെ ആധാര്‍ ആക്ട്, ആധാര്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ല.മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധപ്പിക്കണമെന്ന ആവശ്യവും വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റവും വലിയ സുരക്ഷാപ്രശ്‌നവും ആണെന്നും മുഖപ്രസംഗം പറയുന്നു. അര്‍ഹതയുള്ളവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നിതിനും ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുമാണ് ആധാര്‍ പോലുള്ള ആശയങ്ങള്‍ കൊണ്ടുവന്നത് എന്ന് അഭിപ്രായപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ, കഴിഞ്ഞ രണ്ട് വര്‍ഷമായി വലിയ ദ്രോഹമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയുന്നു. മരണ രജിസ്‌ട്രേഷന്‍ വരെ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കുന്ന സമീപനമാണ് സര്‍ക്കാരുകളുടേത്. റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ വേണമെന്ന അവസ്ഥ. ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നത് വ്യക്തികളുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് പോലും ആധാര്‍ തിരിച്ചടിയാവും. മോദി പറഞ്ഞത് minimum government, maximum governance എന്നാണ്. എന്നാല്‍ ആധാര്‍ നയിക്കുന്നത് maximum government, minimum governance എന്ന അവസ്ഥയിലേയ്ക്കാണെന്നും ടൈംസ് ഓഫ് ഇന്ത്യ അഭിപ്രായപ്പെടുന്നു.

Next Story

Related Stories