Top

വീണ്ടും പെഹ്ലു ഖാന്‍? രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകവുമായി ഗോരക്ഷാ ഗുണ്ടകള്‍

വീണ്ടും പെഹ്ലു ഖാന്‍? രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകവുമായി ഗോരക്ഷാ ഗുണ്ടകള്‍
രാജസ്ഥാനിലെ ആല്‍വാറില്‍ ഒരു മുസ്ലീം കര്‍ഷകനെ ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരിക്കുന്നു. ആള്‍വാര്‍ ജില്ലയിലെ ഗോപാല്‍ഗഡ് ഗ്രാമത്തില്‍ ഉമ്മര്‍ ഖാന്‍ എന്ന ക്ഷീര കര്‍ഷകനെയാണ് പശുക്കളെ കടത്തിയെന്ന് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പെഹ്ലു ഖാന്‍ കൊല്ലപ്പെട്ട് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് അതേ ജില്ലയില്‍ വീണ്ടുമൊരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

പെഹ്ലു ഖാന്‍ പ്രശ്നം ഒരു ഹിന്ദു - മുസ്ലീം പ്രശ്നമായല്ല കാണേണ്ടത് എന്നും ഇതൊരു കര്‍ഷക പ്രശ്നമാണ് എന്നുമായിരുന്നു രാജസ്ഥാനില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കിസാന്‍ സഭയുടെ നിലപാട്. വര്‍ഗീയ ധ്രുവീകരണ അജണ്ടകളെ ചെറുക്കുന്നതിന്‍റെ ഭാഗമായി വേണം ഇത്തരമൊരു പക്വമായ നിലപാടിനെ കാണാന്‍. ഇതൊരു കര്‍ഷക പ്രശ്നമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതൊരു ഹിന്ദു-മുസ്ലീം സമുദായ പ്രശ്നമല്ല താനും. എന്നാല്‍ ഇത് അത് മാത്രമല്ല എന്നാണ് തുടര്‍ച്ചയായി അഖ്ലാഖുമാരും പെഹ്ലു ഖാന്മാരും കൊല്ലപ്പെടുന്നതിലൂടെ വ്യക്തമാകുന്നത്.ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് എന്ന വസ്തുത കാണാതിരിക്കാനാവില്ല. 42-കാരനായ ഉമ്മര്‍ ഖാന്‍റെ ആധാര്‍ കാര്‍ഡിന്‍റെ ചിത്രം പല വാര്‍ത്തകളിലും കാണാം. ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഇല്ലേന്നെ ഉള്ളൂ, പക്ഷെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്‌. അക്കാര്യത്തില്‍ യാതൊരു ഇളവുമില്ല.

ഡല്‍ഹിയെ പിടികൂടിയ Smog ഭൂതം കുപ്പിയിലേക്ക് തിരിച്ചുപോയിട്ടില്ല. വിഷപ്പുക ശ്വസിച്ച് രോഗാതുരമായ അവസ്ഥയിലാണ് രാജ്യ തലസ്ഥാനം. ശൈത്യകാലത്ത് പുകമഞ്ഞ് ഡല്‍ഹിയെ മൂടുകയും, വായുമലിനീകരണത്തിന് ആഗോളതലത്തില്‍ തന്നെ കുപ്രസിദ്ധി നേടിയ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ ഏതാണ്ട് ഒരാഴ്ചയായി  ജനജീവിതം കൂടുതല്‍ ദു:സഹമാവുകയും ചെയ്തിട്ടുണ്ട്. വീണ്ടും ഒറ്റ, ഇരട്ട നമ്പര്‍ (odd-even) വാഹന നിയന്ത്രണം കൊണ്ടുവന്ന് മലിനീകരണത്തിന് പരിഹാരമുണ്ടാക്കാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള വാഹന നിയന്ത്രണമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. 32 ലക്ഷം ഇരുചക്ര വാഹനങ്ങളെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലുള്ള ഓഡ് - ഈവന്‍ നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന് തക്ക പൊതുഗതാഗത സംവിധാനം നഗരത്തിലില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വെള്ളം ചേര്‍ത്തുള്ള വാഹന നിയന്ത്രണം കൊണ്ട് കാര്യമില്ലെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിലപാട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്ക് തീരുമാനം നടപ്പാക്കുന്നത് മാറ്റി വച്ചിരിക്കുകയാണ്.

ഏതായാലും വളരെ പോസിറ്റീവായ , മറ്റൊരു വാര്‍ത്തയും ഇതിനിടയില്‍ ഡല്‍ഹി തരുന്നുണ്ട്. അത് കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ സിഎന്‍ജിയിലേയ്ക്ക് മാറുന്നു എന്നതാണ്. Why queues at CNG stations in Delhi are long and unending എന്നാണ് ടൈംസ്‌ ഓഫ് ഇന്ത്യ പരിശോധിക്കുന്നത്.

https://timesofindia.indiatimes.com/city/delhi/why-queues-at-cng-stations-in-delhi-are-long-and-unending/articleshow/61620273.cms

നഗരത്തിലെ സിഎന്‍ജി പമ്പുകളിലെ വലിയ തിരക്കിനെ കുറിച്ചാണ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ധന വില കുറവാണ്, ശ്വാസകോശം സംരക്ഷിക്കാം എന്നതൊക്കെ തന്നെ കാരണങ്ങള്‍. സമീപ പ്രദേശങ്ങളിലേക്കാള്‍ 23 ശതമാനം വില കുറവാണ് ഡല്‍ഹിയില്‍. ഡല്‍ഹിയിലെ പൊതുഗതാഗത സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിഎന്‍ജിയിലേയ്ക്ക് മാറിയിട്ടുണ്ട്. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളും വലിയ തോതില്‍ സിഎന്‍ജിക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങുന്നു. 2001ല്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകള്‍ക്ക് സിഎന്‍ജി ഉപയോഗിച്ച് തുടങ്ങിയത്. ഈയടുത്ത് ഒറ്റ, ഇരട്ട വാഹന നിയന്ത്രണം വന്നതും സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു.

Next Story

Related Stories