TopTop

ആരും ഇന്‍റര്‍നെറ്റിന്റെ ഉടമസ്ഥരല്ലെന്ന് ട്രായ്; ഷിയാകളെയും സുന്നികളെയും തമ്മിലടിപ്പിച്ച് ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയം

ആരും ഇന്‍റര്‍നെറ്റിന്റെ ഉടമസ്ഥരല്ലെന്ന് ട്രായ്; ഷിയാകളെയും സുന്നികളെയും തമ്മിലടിപ്പിച്ച് ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയം
നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ചും നെറ്റ് ന്യൂട്രാലിറ്റി തടഞ്ഞ് ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഫേസ്ബുക്കിന്റെ internet.org പോലെയുള്ള ജനാധിപത്യവിരുദ്ധ ആശയങ്ങളെ എതിര്‍ത്തുകൊണ്ടുമുള്ള പ്രചാരണങ്ങള്‍ ഒരുപക്ഷെ ഏറ്റവും ശക്തമായും സജീവമായും നടന്നത് ഫേസ്ബുക്കില്‍ തന്നെ ആയിരിക്കണം. 2014 ഡിസംബറില്‍ വാട്‌സ് ആപ്പ്, സ്‌കൈപ് തുടങ്ങിയവ വഴിയുള്ള വോയ്‌സ് കോളുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം എയര്‍ടെല്‍ പ്രഖ്യാപിച്ചതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ച ഇന്ത്യയില്‍ സജീവമായത്. എന്നാല്‍ 2006ല്‍ തന്നെ ട്രായ്, നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ചും നിയന്ത്രണങ്ങള്‍ സംബന്ധിച്ചും ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. 2015-2016 കാലത്ത്, നെറ്റ് ന്യൂട്രാലിറ്റിയില്‍ വെള്ളം ചേര്‍ത്ത് സൈറ്റുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കം വലിയ വിവാദമാവുകയും ലോകവ്യാപകമായി പ്രതിഷേധം ഉയര്‍രുകയും ചെയ്തിരുന്നു. എയര്‍ടെല്ലും റിലയന്‍സും അടക്കമുള്ള കമ്പനികള്‍ ഇപ്പോളും നെറ്റ് ന്യൂട്രാലിറ്റിയെ ലംഘിക്കുന്ന പരിപാടികളുമായി മുന്നോട്ട് പോകുന്നുണ്ട്.

ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഈ വിഷയത്തില്‍ വീണ്ടും ഉപഭോക്താക്കളുടെ അഭിപ്രായം തേടി. 2016 മാര്‍ച്ച് മുതല്‍ ട്രായ് പൊതുജനാഭിപ്രായം തേടി വരുന്നു. ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് ട്രായ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ആരുടേയും സ്വകാര്യ സ്വത്തല്ലെന്ന് ട്രായ് വ്യക്തമാക്കിയിരിക്കുന്നു. നെറ്റ് ന്യൂട്രാലിറ്റിയുടെ തത്വത്തിന് വിരുദ്ധമായി സൈറ്റുകളോ വിവരങ്ങളോ വെബ് സേവനങ്ങളോ തടയാന്‍ ഇന്റര്‍നെറ്റ് ദാതാക്കളായ ടെലികോം കമ്പനികളെ അനുവദിക്കരുതെന്നും ട്രായ് വ്യക്തമാക്കുന്നു.http://indianexpress.com/article/business/internet-must-be-open-trai-backs-net-neutrality/


ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒന്നാകണം. ഇന്റര്‍നെറ്റ് ഉപയോഗം അഭിപ്രായ സ്വാതന്ത്ര്യത്തേയും പൗരാവകാശങ്ങളേയും ബഹുസ്വരതയേയും സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതുമാകണം - ട്രായ് നിര്‍ദ്ദേശിക്കുന്നു. അമേരിക്കയില്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ 2015ലെ നെറ്റ് ന്യൂട്രാലിറ്റി സംരക്ഷണ നിയമം റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. പ്രത്യേക സേവനങ്ങള്‍ക്കും കണ്ടന്റ് ഡെലിവറി നെറ്റ്‌വര്‍ക്കുകള്‍ക്കും ന്യൂട്രാലിറ്റി ബാധകമല്ലെന്നും ട്രായ് വ്യക്തമാക്കുന്നു. അതേസമയം എന്താണ് ഈ പ്രത്യേക സേവനങ്ങള്‍ എന്നത് ട്രായ് കൃത്യമായി നിര്‍വചിച്ചിട്ടില്ല. ഇത് നിര്‍ണയിക്കേണ്ടത് ടെലികോം വകുപ്പാണ് എന്ന് ട്രായ് പറയുന്നു.

ആഗോളവത്കരണം എന്ന ആശയത്തേയും ഉദാരവത്കരണ നയങ്ങളുടെ അന്ത:സത്തയേയും തന്നെ അട്ടിമറിക്കുന്നതാണ് നെറ്റ് ന്യൂട്രാലിറ്റിക്കെതിരായ നീക്കങ്ങള്‍. തുറന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്‍റെ വക്താക്കള്‍ക്ക് തന്നെ നെറ്റ് ന്യൂട്രാലിറ്റിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന വൈരുദ്ധ്യം, ഉദാരവത്കരണ നയങ്ങള്‍ മത്സരത്തെ പ്രോത്സാഹിപ്പിച്ച് കുത്തകവത്കരണത്തെ തടയുന്നു എന്ന അവകാശവാദത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നുണ്ട്. ഏതായാലും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ട്രായ് യുടെ നിലപാട് ആശ്വാസകരമാണ്. ഇന്‍റര്‍നെറ്റ് പൊതു, സ്വകാര്യ ജീവിതങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

http://www.azhimukham.com/net-neutrality-threat-from-new-monopolies-team-azhimukham/

ബാബറി മസ്ജിദ് ധ്വംസനം ഏല്‍പ്പിച്ച മുറിവുകള്‍ 25 വര്‍ഷത്തിന് ശേഷവും ഉണങ്ങുന്നില്ല. തങ്ങളുണ്ടാക്കിയ മുറിവില്‍ സംഘപരിവാര്‍ മുളക് തേച്ചുകൊണ്ടേയിരിക്കുന്നു. ചര്‍ച്ചകള്‍ക്കുള്ള സുപ്രീംകോടതി നിര്‍ദ്ദേശം ഭൂമി തര്‍ക്കം സംബന്ധിച്ച് സമാധാനപരമായ പ്രശ്‌നപരിഹാരത്തിനല്ല വഴി തുറക്കുന്നതെന്നും മറിച്ച് സുന്നി - ഷിയ വിഭാഗങ്ങളെ ഭിന്നിപ്പിച്ച് പ്രശ്‌നം വഷളാക്കി നിലനിര്‍ത്താനുള്ള ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ചെയ്യുന്നതെന്നാണ് ദ ട്രൈബ്യൂണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഹസന്‍ സുരൂര്‍ പറയുന്നത്. പള്ളി പൊളിച്ച ക്രിമിനല്‍ കേസിനെ കുറിച്ചല്ല പറയുന്നത്. ഭൂമി തര്‍ക്കത്തെ കുറിച്ചാണ്. 1992 ഡിസംബര്‍ ആറിനുണ്ടായിരുന്ന അതേ ധ്രുവീകരണ തീവ്രത ഇപ്പോഴുമുണ്ടെന്ന് ഹസന്‍ സുരൂര്‍ അഭിപ്രായപ്പെടുന്നത്. യുപിയിലെ ഷിയ - സുന്നി സംഘര്‍ഷം ശക്തമാവുകയാണ്. അയോധ്യയില്‍ ഭൂമി വേണ്ടെന്നും ലക്‌നൗവിലെ ഹുസൈനാബാദില്‍ പള്ളി പണിയാന്‍ പകരം സ്ഥലം തന്നാല്‍ മതിയെന്നും സുപ്രീംകോടതിയെ ഈ നിലപാട് അറിയിക്കുന്നതായുമുള്ള ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് വസീം റിസ്വിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. നിര്‍ദ്ദേശം ബോര്‍ഡ് സുപ്രീംകോടതിയില്‍ വച്ചിട്ടുണ്ട്.

http://www.tribuneindia.com/news/comment/divisive-games-in-ayodhya/505007.html


റിസ്വി സമാജ് വാദി പാര്‍ട്ടിയിലൂടെ രാഷ്ട്രീയ കരിയര്‍ തുടങ്ങുകയും പിന്നീട് ബി എസ് പിയിലേയ്ക്ക് പോവുകയും വീണ്ടും എസ് പിയിലേയ്ക്ക് തന്നെ തിരികെ വരുകയും അഴിമതി ആരോപണത്തെയും വ്യാജരേഖ കേസിനേയും തുടര്‍ന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് ബിജെപിയുടെ കൂടെ അവതരിക്കുന്നത്. ലക്‌നൗവില്‍ ഷിയാ വിഭാഗത്തിന് മേധാവിത്തമുണ്ട്. മോദി സര്‍ക്കാരില്‍ കാബിനറ്റിലെ മുസ്ലീം പ്രതിനിധിയായ മുഖ്താര്‍ അബ്ബാസ് നഖ്വി ഷിയ വിഭാഗക്കാരനാണ്. യുപിയില്‍ യോഗി സര്‍ക്കാരിലെ ഒരേയൊരു മുസ്ലീം മന്ത്രിയും ഷിയാക്കരനാണ്. ഷിയാ വിഭാഗക്കാരെ പ്രീണിപ്പിച്ച് സുന്നികളെ പ്രകോപിപ്പിക്കാനും ധ്രുവീകരണം ശക്തമാക്കാനും 90കളില്‍ ആദ്യമായി യുപിയില്‍ ഭരണം കിട്ടിയപ്പോള്‍ തന്നെ ബിജെപി ശ്രമിച്ചിരുന്നു. ഷിയാക്കളുടെ വലിയ മുഹറം ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയത് കല്യാണ്‍ സിംഗിന്റെ ബിജെപി സര്‍ക്കാരാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ബിജെപിയുണ്ടാക്കുന്ന സുന്നി - ഷിയ ധ്രുവീകരണം തീക്കളിയാണെന്ന് ഹസന്‍ സുരൂര്‍ ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/net-neutrality-basic-information-team-azhimukham/

http://www.azhimukham.com/net-neutrality-internet-provide-technology-praveen/

Next Story

Related Stories