TopTop
Begin typing your search above and press return to search.

നവജോത് സിങ് സിദ്ദു നോട്ട് ഔട്ട്

നവജോത് സിങ് സിദ്ദു നോട്ട് ഔട്ട്

ടീം അഴിമുഖം

ക്രിക്കറ്റും രാഷ്ട്രീയവും ഉന്‍മാദത്തോളമെത്തുന്ന ഹരമായി മാറുന്ന ഒരു രാജ്യത്തു നവജോത് സിങ് സിദ്ദു ആളുകള്‍ക്ക് പലതുമാണ്.

‘ചിരിക്കുന്ന സിദ്ദു’ ഒരു തമാശ പരിപാടിയായി ടിവിഎഫിന്റെ ഓണ്‍ലൈനില്‍ കിട്ടും. ഒരു ചുവന്ന ബട്ടണ്‍ ഞെക്കിയാലുടന്‍ തലപ്പാവ് കെട്ടിയ -തലപ്പാവിന്റെ നിറം നിങ്ങള്‍ക്ക് തീരുമാനിക്കാം- വിഷാദവിമോചകന്‍ സിദ്ദു ആദ്യ വരി പറയുന്നതിന് മുമ്പേ ചിരിയുമായി വരും.

ഒരു ടെലിഷോപ്പിങ് പരസ്യം പോലെ തയ്യാറാക്കിയ ദൃശ്യം നാമറിയുന്ന നവജോത് സിങ് സിദ്ദുവിനെ ശരിക്കും വെളിവാക്കുന്നു; നര്‍മപ്രിയനായ, ചിരിപ്പിക്കുന്ന സര്‍ദാര്‍; അയാളുടെ ‘ഒയെ ഗുരു’, ച്ചാ ഗയെ ഗുരു’ എന്നീ ശൈലികളൊക്കെ ഇപ്പോള്‍ നഗരശബ്ദകോശത്തിലെ സ്ഥിരം വാക്കുകളാണ്.

ക്രിക്കറ്റ് കളികളെക്കാള്‍ പതിന്‍മടങ്ങാണ് ടി വി പരിപാടികളിലെ അയാളുടെ ജനപ്രിയ ഭാഷണങ്ങളും ഉരുളക്കുപ്പേരി പോലുള്ള മറുപടികളും തമാശകളും.

പക്ഷേ എപ്പോഴും അങ്ങനെയല്ല. സിദ്ദുവിനും നിരാശയും ദേഷ്യവും വരും-പിടിച്ചാല്‍ കിട്ടാത്ത കോപം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ രാജ്യ സഭാംഗത്വം രാജിവെക്കാനുള്ള ഈ 52-കാരന്റെ തീരുമാനം അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ ജനതാ പാര്‍ടിയില്‍ (ബി ജെ പി) അമ്പരപ്പും അലകളും ഉണ്ടാക്കിയിരിക്കുന്നു.ഇനിയൊരു തിരിച്ചുപോക്കില്ലാത്തവിധം പഞ്ചാബിലെ ഭരണസഖ്യമായ ബി ജെ പി- ശിരോമണി അകാലിദള്‍ കൂട്ടുകെട്ടുമായി ഈ മുന്‍ ക്രിക്കറ്റ് താരം അകന്നതായി സിദ്ദുവിന്റെ ഭാര്യ പറയുന്നു.

അമൃതസരില്‍ നിന്നും മൂന്നു തവണ എം പിയായ സിദ്ദുവിന് 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചു; പിന്നീട് ഏപ്രിലില്‍ രാജ്യസഭയിലേക്ക് പറഞ്ഞയച്ചെങ്കില്‍ക്കൂടി. പഞ്ചാബിന്റെ നന്മയ്ക്കായാണ് തന്റെ തീരുമാനമെന്ന് പറയുന്ന സിദ്ദു അരവിന്ദ് കേജ്രീവാളിന്‍റെ ആം ആദ്മീ പാര്‍ടിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാണ്.

എന്താണ് ഈ തീരുമാനമെടുക്കാന്‍ പ്രേരകമായതെന്ന് ഒരു രാഷ്ട്രീയ തര്‍ക്കവിഷയമായി തുടരുന്നു. സിദ്ദുവും ബി ജെ പിയും തമ്മിലുള്ള തര്‍ക്കത്തിന്റെ യഥാര്‍ത്ഥ ചിത്രം വരുംകാലങ്ങളില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. അത് പരസ്യമായാല്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുമെന്നതും ഉറപ്പാണ്.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ നിന്നും (1996) ഇറങ്ങിപ്പോന്ന സിദ്ദുവിന്റെ നടപടിപോലെയാകും അതും. അന്നത്തെ ഇന്ത്യന്‍ നായകന്‍ മൊഹമ്മദ് അസറുദ്ദീനുമായി ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് അന്ന് ഈ വലംകയ്യന്‍ ബാറ്റ്സ്മാന്‍ അടുത്ത വിമാനത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്കു തിരിച്ചത്.

മുന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജയന്ത് ലെലെ ഏതാണ്ട് ഒന്നര പതിറ്റാണ്ടിന് ശേഷം അന്നത്തെ തര്‍ക്കത്തിന്റെ രഹസ്യം പുറത്താക്കി. തന്റെ ആത്മകഥയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും എന്നാലത് തെറ്റിദ്ധാരണ മൂലമായിരുന്നെന്നും ലെലെ പറയുന്നു. പരമ്പരയ്ക്ക് ശേഷം നടത്തിയ അന്വേഷണത്തില്‍ മുന്‍ ക്രിക്കറ്റര്‍ മൊഹീന്ദര്‍ അമര്‍നാഥാണ് രഹസ്യം പറയാന്‍ വിസമ്മതിച്ചിരുന്ന സിദ്ദുവിനെക്കൊണ്ട് അത് വെളിപ്പെടുത്തിപ്പിച്ചത്.

അസറിന്റെ നാടായ ഹൈദരാബാദില്‍ ഒരു സാധാരണ പ്രയോഗവും എന്നാല്‍ വടക്കേ ഇന്ത്യയില്‍ മോശം പ്രയോഗവുമായ ഒരു പദപ്രയോഗം അസര്‍ നടത്തിയതിന്റെ പേരിലാണ് തര്‍ക്കത്തിന്റെ തുടക്കം. സിദ്ദുവിനെ നടപടികളില്‍ നിന്നും ഒഴിവാക്കുകയും 1999-ല്‍ വിരമിക്കുന്നതിനുമുമ്പ് അയാള്‍ വീണ്ടും മൂന്നുകൊല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തു.

രണ്ടു പുറത്തുപോവലുകളും അതിന്റെ പിറകിലെ കാരണങ്ങളും (2016-ലെ കഥകള്‍ ഇനിയും കിട്ടാനിരിക്കുന്നു) സിദ്ദുവിന്റെ ഇരമ്പിമറിയുന്ന സ്വഭാവത്തിലേക്ക് വീണ്ടും മുതല്‍ക്കൂട്ടുകയാണ്. അയാളുടെ വ്യക്തിത്വത്തിലെ എടുത്തുചാട്ടവും മുന്‍കോപവും കൂടി കാണിക്കുന്നുണ്ട് ഇത്.പിന്‍കുറിപ്പ്: ഇതില്‍നിന്നും ബി ജെ പിക്കും ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ടേസ്റ്റില്‍ നിന്നുമുള്ള സിദ്ദുവിന്റെ പിന്‍മാറ്റത്തെ തുടര്‍ന്ന് രണ്ടു ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ടീമില്‍ അവസരം കിട്ടിയെന്നാണ് കഥ. ആ പരമ്പരയില്‍ കളത്തിലിറങ്ങിയ ആ രണ്ടു പേര്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളായി: സൌരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും.

ഒരു പതിറ്റാണ്ടോളമായുള്ള ഭരണത്തിനൊടുവില്‍ കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന ബി ജെ പി-അകാലി സഖ്യം പഞ്ചാബ് രാഷ്ട്രീയത്തില്‍ അവരുടെ ഗാംഗുലിയെയും ദ്രാവിഡിനെയും കണ്ടെത്തുമോ എന്നതാണ് ചോദ്യം. സമയം അതിവേഗം തീരുകയാണ്.

ഇന്‍റര്‍നെറ്റിലെ സിദ്ദുയിസത്തിന്റെ ചില തമാശപ്രാര്‍ത്ഥനകളിലൊന്ന് ഇങ്ങനെയാണ്: “തുരങ്കത്തിനൊടുവില്‍ അവര്‍ക്ക് വെളിച്ചമുണ്ടായിരുന്നു, പക്ഷേ അത് അവരെ തട്ടിക്കടന്നുപോകാനുള്ള എതിരെ വരുന്ന തീവണ്ടിയുടേതായിരുന്നു.”

തന്റെ ഇംഗ്ലീഷിനെ തമാശയാക്കുന്ന തലതിരിച്ച പ്രയോഗം പോലെയോ അല്ലെങ്കില്‍ ഒരു പടുകൂട്ടാന്‍ സിക്സറടിക്കാന്‍ ക്രീസില്‍ നിന്നും ഇറങ്ങിച്ചാടുന്ന പോലെയോ സിദ്ദു തന്റെ രാഷ്ട്രീയവും വ്യത്യസ്തമായാണ് കളിച്ചത്. ഇത് പഞ്ചാബിലെ രാഷ്ട്രീയമാറ്റത്തിന്റെ കാലമാണ്. അതുകൊണ്ടുതന്നെ നവജോത് സിങ് സിദ്ദുവിനെ നിങ്ങള്‍ക്ക് അത്രയെളുപ്പം ‘ഔട്ടാക്കാന്‍’ ആകില്ല.


Next Story

Related Stories