UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആരാണ് ഫാസിസ്റ്റ്’ സംവാദം; ഇന്ത്യന്‍ സഖാക്കള്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല

Avatar

ടീം അഴിമുഖം

പല വിഷയങ്ങളിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ആശയക്കുഴപ്പം നിറഞ്ഞ ഒരു കൂട്ടമാണെന്നതിന് വലിയ തെളിവുകളൊന്നും ആവശ്യമില്ല. ഇനിയും കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍ ഈ തര്‍ക്കം നോക്കിയാല്‍ മതി.

ആരാണ് ഫാസിസ്റ്റ്? ഒരു ഫാസിസ്റ്റ് കക്ഷി എങ്ങനെയാണ്? ഫാസിസ്റ്റും ഫാസിസ്റ്റ് പ്രവണതയും ഒന്നാണോ? സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  “ഇന്ത്യയിലിപ്പോള്‍ ഫാസിസം സ്ഥാപിതമായിട്ടുമില്ല, രാഷ്ട്രീയ, സാമ്പത്തിക, വര്‍ഗാടിസ്ഥാനത്തില്‍ അത്തരമൊരു ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാന്‍ ആവശ്യമായ സാഹചര്യങ്ങളുമില്ല,” (ഈ സംവാദത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടു അഴിമുഖം പ്രകാശ് കാരാട്ടിന്റെ ലേഖനത്തിന്റെ പൂര്‍ണപരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു- ഇന്ത്യയിലേത് ഫാസിസ്റ്റ് സര്‍ക്കാരല്ല; ഇത് വലത് സമഗ്രാധിപത്യം ) എന്നെഴുതിയതില്‍പ്പിന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വൃത്തങ്ങള്‍ ഈ തര്‍ക്കത്തില്‍ മുഴുകിയിരിക്കുകയാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ‘സമഗ്രാധിപത്യ’മാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും ഫാസിസമല്ലെന്നും കാരാട്ട് പറയുന്നു. കാരാട്ടിന്റെ സൈദ്ധാന്തിക വ്യായാമം കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളെ വിരുദ്ധ ധ്രുവങ്ങളിലാക്കി. അത് ഇന്ത്യയില്‍ ഫാസിസത്തിന്റെ വരവ് വിളിച്ചു പറഞ്ഞ പാര്‍ട്ടിക്കാരെയും അനുഭാവികളെയും ഞെട്ടിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാകട്ടെ അഡോള്‍ഫ് ഹിറ്റ്ലറുടെ മാതൃകയിലുള്ള ഫാസിസം ഇന്ത്യയില്‍ എത്തിയിട്ടില്ല എങ്കിലും ഇപ്പോഴുള്ള സാഹചര്യം അതിലേക്കു നയിച്ചേക്കാം എന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. ബുദ്ധിജീവികള്‍ മര്യാദ പാലിക്കുകയും പേരെടുത്തുവിളിച്ചുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുകയും ചെയ്തപ്പോള്‍ സിപിഐയുടെ പുത്തന്‍ താരം കനയ്യ കുമാര്‍ സംവാദ മര്യാദയൊക്കെ ഒഴിവാക്കി, പോരാടാന്‍ ആഗ്രഹവും ധൈര്യവുമില്ലെങ്കില്‍ ‘സഖാവ് വിരമിച്ച് ന്യൂ യോര്‍ക്കില്‍ പോയി സ്ഥിരതാമസമാക്കാന്‍’ അധിക്ഷേപിച്ചുപദേശിച്ചു. (പോരാടാന്‍ പറ്റില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വിശ്രമിക്കൂ – കാരാട്ടിനെതിരെ വിമര്‍ശനവുമായി കനയ്യ)

പ്രത്യയശാസ്ത്ര മേളപ്പെരുക്കങ്ങള്‍ മാറ്റിവെച്ചാല്‍ ബിജെപിക്കെതിരെ സിപിഎം കോണ്‍ഗ്രസുമായി കൂട്ടുകൂടുമോ എന്നതിനെക്കുറിച്ചാണ് സംവാദമെന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് സഖ്യകക്ഷികളെ നിശ്ചയിക്കാന്‍ 1930-കളില്‍ യൂറോപ്പില്‍ നടന്ന ഒരു തര്‍ക്കത്തിലേക്ക് ഇതിനായി മടങ്ങിപ്പോകേണ്ടതുണ്ടോ എന്ന് ആരും ചിന്തിച്ചുപോകും. രാജ്യത്തിന്റെ മിക്കയിടത്തും പാര്‍ട്ടി പ്രസക്തമായ സാന്നിധ്യമേ അല്ലാതായ ഒരു സമയത്ത് ഇത്തരം വാഗ്വാദങ്ങളിലും ഭൂതോച്ചാടനങ്ങളിലും കുരുങ്ങിക്കിടക്കാന്‍ നേതാക്കന്‍മാര്‍ക്ക് അസാമാന്യ ധൈര്യം തന്നെ വേണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എത്രത്തോളം മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ തികഞ്ഞ അജ്ഞത കൂടിയാണ് ഇത് തെളിയിക്കുന്നത്.

സോവിയറ്റ് സാമ്രാജ്യത്തിന്റെ പ്രതാപകാലത്തുപോലും ജനങ്ങളെ ഏറെയൊന്നും ആകര്‍ഷിക്കാതിരുന്ന വാക്കുകളും ആശയങ്ങളും പുതിയ സ്വത്വങ്ങളുടെയും ശാക്തീകരണ രൂപങ്ങളുടെയും അടിസ്ഥാനത്തില്‍ സഖ്യങ്ങള്‍ രൂപം കൊള്ളുന്ന ഇക്കാലത്ത് ജനങ്ങളില്‍ ഒരു ചലനവും ഉണ്ടാക്കില്ല. പുതിയ വേദികള്‍ക്കും നവ നേതൃത്വത്തിനുമായി ആഗ്രഹിക്കുന്ന അസ്വസ്ഥരായ യുവാക്കള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കാനായി എന്തു പുതിയ ആശയങ്ങളാണ് സിപിഎമ്മിനുള്ളത്?

ദേശീയതയുടെയും പ്രാദേശിക, സാമുദായിക സ്വത്വങ്ങളുടെയും ശക്തി മനസിലാക്കുന്നതില്‍ ആദ്യതലമുറ കമ്മ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടെങ്കില്‍ അവരുടെ പിന്‍ഗാമികളും മരം കണ്ട് കാട് കാണാതെ പോവുകയാണ്. 

പ്രകാശ് കാരാട്ടിനുള്ള പ്രതികരണമെന്ന നിലയില്‍ പ്രമോദ് പുഴങ്കര എഴുതിയ ലേഖനം ഇവിടെ വായിക്കാം- ഫാഷിസ്റ്റ് വ്യാഖ്യാനത്തിനിടയില്‍ കാരാട്ട് സഖാവ് പറയാതെ പോയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍