TopTop
Begin typing your search above and press return to search.

നെടുങ്കയം ആദിവാസി കോളനി ഡിജിറ്റലായി; ഇനി വേണ്ടത് കുടിവെള്ളവും സ്വന്തമായി ഭൂമിയുമാണ്

നെടുങ്കയം ആദിവാസി കോളനി ഡിജിറ്റലായി; ഇനി വേണ്ടത് കുടിവെള്ളവും സ്വന്തമായി ഭൂമിയുമാണ്
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി വനത്തിലെ നെടുങ്കയം ആദിവാസി കോളനി ഡിസംബര്‍ 27-ന് രാജ്യത്തെ ആദ്യത്തെ കറന്‍സിരഹിത കോളനിയായി പ്രഖ്യാപിക്കപ്പെട്ടു. ജില്ലയില്‍ നടപ്പാക്കുന്ന 'ഡിജിറ്റല്‍ മലപ്പുറം ക്യാഷ്‌ലെസ് മലപ്പുറം' പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ അമിത് മീണയാണ് കോളനിയിലെത്തി നെടുങ്കയത്തെ ഡിജിറ്റല്‍ പട്ടിക വര്‍ഗ കോളനിയായി പ്രഖ്യാപിച്ചത്. വനത്തിനുള്ളില്‍ 103 കുടുംബങ്ങളിലായി 350-ഓളം ആദിവാസികളാണ് താമസിക്കുന്നത്. ഇവരില്‍ 27 സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളടക്കം 100-ഓളം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുണ്ട്. ജില്ലയിലെ മറ്റ് ആദിവാസി കോളനികളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും സാക്ഷരതയിലും മുന്നിട്ടുനില്‍ക്കുന്ന കോളനികളിലൊന്നായതിനാലാവാം പ്രസ്തുത പദ്ധതിക്ക് നെടുങ്കയം തെരഞ്ഞെടുക്കപ്പെട്ടത്.

പദ്ധതി നടപ്പാക്കലിനു മുന്നോടിയായി ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ കോളനിക്കാര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യസഭാ എംപി പിവി അബ്ദുള്‍വഹാബ് അടിസ്ഥാന സൗകര്യവികസനത്തിനായി ഏറ്റെടുത്ത പഞ്ചായത്താണ് നെടുങ്കയം വനമേഖലകൂടി ഉള്‍പ്പെടുന്ന കരുളായി. അതിനാല്‍ ഡിജിറ്റല്‍ കോളനി പ്രഖ്യാപനത്തിന് സന്‍സദ് പദ്ധതി പ്രവര്‍ത്തകരുടെ സഹായവും ലഭിച്ചിരുന്നു. കൂടാതെ എന്‍എസ്എസ് സപ്തദിന ക്യാമ്പിനായി കരുളായിയിലെത്തിയ കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാര്‍ഥികള്‍ കോളനിയിലും പഞ്ചായത്തിലെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലുമെത്തി ഓണ്‍ലൈന്‍ പണമിടപാടിനെ കുറിച്ച് ക്ലാസുകളും നല്‍കുകയുമുണ്ടായി. എസ്ബിഐ ബഡ്ഡി ഓണ്‍ലൈന്‍ വാലറ്റാണ് മേഖലയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇവര്‍ പരിചയപ്പെടുത്തിയത്. താത്പര്യക്കാര്‍ക്ക് ആപ്ലിക്കേഷന്‍ ഇവര്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുകയുമുണ്ടായി. ഇതോടൊപ്പമാണു കോളനിയിലെ ഡിജിറ്റല്‍ പ്രഖ്യാപനവും നടന്നത്. ജില്ല കളക്ടറോടൊപ്പം പിവി അബ്ദുള്‍ വഹാബും തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണാധികാരികളുമെല്ലാം പ്രഖ്യാപനത്തിനായി കോളനിയില്‍ എത്തിയിരുന്നു.പ്രഖ്യാപനത്തിനുശേഷം ഡിജിറ്റല്‍ മണിട്രാന്‍സ്ഫറിംഗ് പ്രൊമോഷനുവേണ്ടി കോളനിവാസികള്‍ക്ക് കളക്ടര്‍ ഒരു സമ്മാനവും പ്രഖ്യാപിച്ചിരുന്നു. തന്റെ അക്കൗണ്ടിലേക്ക് 5 രൂപ ഓണ്‍ലൈനായി അയക്കുന്നവര്‍ക്ക് 25 രൂപ കലക്ടര്‍ തിരിച്ചുനല്‍കി. 30-ഓളം പേര്‍ കോളനിയില്‍ നിന്നും കലക്ടറുടെ അക്കൗണ്ടിലേക്ക് പണമയച്ച് 25 രൂപ സ്വന്തമാക്കിയതായാണ് കണക്ക്. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വാലറ്റ് ഉപയോഗിച്ചും സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് *99# എന്ന യുഎസ്എസ്ഡി കോഡ് ഉപയോഗിച്ചും പണമിടപാടു നടത്തുന്ന രീതിയുമാണ് പറഞ്ഞുകൊടുത്തിട്ടുള്ളത്. ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തോടൊപ്പം കോളനിയിലേക്ക് എംപിയുടെ വക ഒരുവര്‍ഷത്തേക്ക് സൗജന്യ വൈഫൈ കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. കോളനിയിലെ കമ്യൂണിറ്റി സെന്ററില്‍ വച്ച് വൈഫൈ ഉപയോഗിച്ച് ഇനി ആര്‍ക്കുവേണമെങ്കിലും മൊബൈല്‍ ഫോണ്‍ വഴി പണമിടപാടുകള്‍ നടത്താം.

രാജ്യത്ത് നോട്ട് ക്ഷാമം അറുതിയില്ലാതെ തുടരുമ്പോള്‍ പിന്നാക്കമേഖലയിലെ സാധാരണക്കാരന്റെ പ്രയാസങ്ങള്‍ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നെടുങ്കയം കോളനിയില്‍ നടപ്പാക്കിയ ഡിജിറ്റലൈസേഷനെ അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഭാരതത്തെ ഡിജിറ്റല്‍ ഭാരതമാക്കാന്‍ ഒരുങ്ങുന്ന ഈ കാലഘട്ടത്തില്‍ വനത്തിനുള്ളിലെ ഈ കൊച്ചു കോളനിയില്‍ നിന്നുള്ളവര്‍ രാജ്യത്തിനും ഒരു പടി മുന്നില്‍ ഡിജിറ്റല്‍ ലോകത്തേക്ക് നടന്നു നീങ്ങുന്നതും അഭിമാനാര്‍ഹമാണ്.

എന്നാല്‍ ഇതെത്രത്തോളം വിജയകരമാവും? കോളനി നിവാസികള്‍ക്ക് എത്രകണ്ട് ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. ഈ ആശങ്കക്കുപിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രമാമായി നെടുങ്കയത്തെ പ്രഖ്യാപിക്കാനെത്തിയ കലക്ടര്‍ അടക്കമുള്ളവര്‍ക്കു മുന്നില്‍ കോളനി നിവാസികള്‍ എത്തിയത് പുതിയ സ്മാര്‍ട്ട് ഫോണ്‍ യുഗത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളുമായിട്ടായിരുന്നില്ല, മറിച്ച് ഒരുപിടി പരിഭവങ്ങളും പരാതികളുമായായിരുന്നു. സ്വന്തമായി ഒരു സെന്റ് ഭൂമി എന്നതു മുതല്‍ കുടിക്കാനുള്ള ശുദ്ധജലം വരെ നീണ്ട പട്ടികയുമായായിരുന്നു ഇവര്‍ എത്തിയത്. കോളനിയിലെ കുടുംബങ്ങളുടെ എണ്ണം കൂടിയതോടെ വീടുവയ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് നെടുങ്കയത്തുകാര്‍ ഇന്ന്. വനാതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് കോളനിക്ക് കൂടുതല്‍ സ്ഥലം വിട്ടുനല്‍കണമെന്നും കുടിവെള്ള സൗകര്യമൊരുക്കിത്തരണമെന്നുമുള്ള നിരവധി ആവശ്യങ്ങള്‍ കോളനി മൂപ്പന്‍ രാജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ കലക്ടര്‍ക്കു മുന്നില്‍ നിരത്തി. എന്നിരുന്നാലും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുംശേഷം നിറകൈയ്യടിയോടെയായിരുന്നു ഇവര്‍ ഡിജിറ്റല്‍ ട്രൈബല്‍ കോളനി പ്രഖ്യാപനം സ്വീകരിച്ചത്. പുതിയ വിദ്യയെക്കുറിച്ച് അറിയാത്തവര്‍ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കി. പലരും പണമയക്കാന്‍ കലക്ടര്‍ക്കു മുന്നില്‍ തിരക്കുകൂട്ടുകയും ചെയ്തു.നെടുങ്കയം കോളനിയില്‍ ഡിജിറ്റല്‍ പണമിടപാടില്‍ പ്രാവീണ്യം നേടിയവരും യുവാക്കളും ഇത് മറ്റുള്ളവരിലെത്തിക്കുമെന്നും എന്നാല്‍ മാത്രമേ പദ്ധതി പൂര്‍ണതയിലെത്തുകയുള്ളൂവെന്നും അതിന് കുറച്ച് സമയമെടുക്കുമെന്നുമാണ് പദ്ധതി നടപ്പാക്കിയവര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് എത്രകണ്ട് പ്രാവര്‍ത്തികമാവുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇങ്ങോട്ടുവരുന്ന ഫോണ്‍ എടുക്കാനും അങ്ങോട്ട് ആരെയെങ്കിലും വിളിക്കാനുമല്ലാതെ ഫോണില്‍ വന്ന മെസേജ് വായിച്ചു നോക്കാന്‍ പോലുമറിയാത്ത നിരവധിയാളുകള്‍ ഇവിടെയുണ്ട്. മൊബൈല്‍ ഫോണുമായി യാതൊരു ബന്ധമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇവരിലേക്കെല്ലാം പണമിടപാട് പ്രചരിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പുകളില്‍ ഇവര്‍ ഇരയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സാക്ഷരരും ഓണ്‍ലൈന്‍ ഇടപാടുകളില്‍ അഗ്രഗണ്യരുമായവര്‍ പോലും എടിഎം തട്ടിപ്പുകള്‍ക്കും ഇതര ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഇരയായ നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്.

എന്നാല്‍ നെടുങ്കയം കോളനിയേക്കാള്‍ നിലവില്‍ ഏറെ പിറകിലാണ് ഡിജിറ്റല്‍ സാക്ഷരതയില്‍ കോളനിയോട് ഏറ്റവും അടുത്തു കിടക്കുന്ന കരുളായി അങ്ങാടി എന്നതാണ് മറ്റൊരുകാര്യം. ഇവിടെയുള്ള ഒരു സ്ഥാപനത്തില്‍ പോലും ഇതുവരെയും ഒരു സൈ്വപ്പിങ് മെഷീന്‍ പോലും സ്ഥാപിക്കപ്പെട്ടിട്ടില്ല. നിലവില്‍ ഒരു നാഷണലൈസ്ഡ് ബാങ്കിനും ശാഖകള്‍ ഇല്ലാത്ത പഞ്ചായത്തുകൂടിയാണിത്. ആകെയുള്ളത് ഒരു ഗ്രാമീണ്‍ ബാങ്ക് ശാഖയും ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെ ഏതാനും സഹകരണ ബാങ്കുകളും മാത്രം. ഒരു ഗ്രാമീണ്‍ ബാങ്ക് എടിഎമ്മും ഒരു ഇന്ത്യവണ്‍ എടിഎമ്മും ഇതോടൊപ്പമുണ്ട്. നെടുങ്കയത്തിനപ്പുറം മാഞ്ചീരി ചോലനായക്ക കോളനിയുള്‍പ്പെടെയുള്ളവയില്‍ ഡിജിറ്റല്‍ മണിട്രാന്‍സ്ഫര്‍ കടന്നു ചെല്ലുമ്പോള്‍ കരുളായിയും അതോടൊപ്പം മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നോട്ട് നിരോധനം ഒരു കൈവിട്ട കളിയായി മാറുമ്പോള്‍ ഡിജിറ്റലൈസേഷന്‍ ഒരു സൊല്യൂഷനാണ്. ഗതികേടുകളാണല്ലോ നമ്മെ പലയിടങ്ങളിലും കൊണ്ടെത്തിക്കുന്നത്. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം പുതിയനോട്ടുകള്‍ ആവശ്യത്തിന് എന്നെത്തിക്കാനാവുമെന്നത് ഉത്തരമില്ലാത്ത ഒരു സമസ്യയായി മാറുമ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ ഡിജിറ്റല്‍ സാങ്കേതികത്വവും അതിനപ്പുറവും നമ്മള്‍ പഠിച്ചെടുക്കേണ്ടിവന്നേക്കാം. പക്ഷേ, അതിനൊപ്പം മറക്കാനോ കണ്ണടയ്ക്കാനോ പാടില്ലാത്തതാണ് ഈ ജനങ്ങളുടെ അടിസ്ഥാന ജീവിതം മെച്ചപ്പെടുത്തല്‍ എന്നത്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് വിനു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


Next Story

Related Stories