റിമാൻഡിലിരിക്കെ പീരുമേട് ജയിലിൽ വച്ച് മരിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന് ജയിലിൽ വിദഗ്ദ ചികിൽസ ലഭ്യമാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. കസ്റ്റഡി മരണത്തിൽ ജയിൽ വകുപ്പ് പ്രത്യേക അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ജയിലധികൃതരുടെ ഭാഗത്ത് വലിയ വീഴ്ച പറ്റിയെന്ന് വ്യക്തമാകുന്ന പുതിയ രേഖകൾ. എഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മർദനമേറ്റ പരിക്കുകളോടെ റിമാൻഡ് തടവുകാരനായി പീരുമേട് സബ് ജയിലിലെത്തിച്ച രാജ്കുമാറിനെ 18ാം തീയ്യതി ജയില്‍ അധികൃതര്‍ രാജ്കുമാറിനെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഈ സമയം കാലുകൾ ചലിപ്പിക്കാൻ പോലും ആകാത്ത നിലയിലായിരുന്നു ഇയാൾ. തുടയിലും കാലിലും വേദനയും കടുത്ത നീരുണ്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ രേഖകളില്‍ വ്യക്തമാണ്. ആശുപത്രിയിലെ ഓർത്തോ വിഭാഗവും അതേ ദിവസം തന്നെ കുമാറിനെ പരിശോധിച്ചിരുന്നെന്നും രേഖകൾ വ്യക്തമാക്കുന്നു. സഹിക്കാനാകാത്ത വേദനയുണ്ടെന്നും രാജ്കുമാർ ഡോക്ടറോട് പറഞ്ഞിരുന്നതായാണ് വിവരം.
ഇക്കാര്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആനന്ദും സ്ഥിരീകരിക്കുന്നുണ്ട്. രാജ് കുമാറിന് വിദഗ്ദചികിൽസ നിർദേശിച്ചിരുന്നു. ജയിൽ ആംബുലൻസിൽ എത്തിയാണ് ഡോക്ടര്‍മാർ പരിശോധിച്ചത്. നടക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. എന്നാൽ ജയിൽ അധികൃതർ അന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായിട്ടും വിദഗ്ദ ചികിൽസ ലഭ്യമാക്കാതെ തിരികെ ജയിലേക്ക് കൊണ്ട് പോവുകയാണ് പീരുമേട് ജയിൽ അധികൃതർ ചെയ്തതെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. അടുത്ത ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സ നല്‍കാതെ തിരികെ കൊണ്ടുപോവുകയും ചെയ്തെന്നും ജയിൽ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. രാജ്കുമാറിന്റെ മരണ കാരണം തുടർച്ചയായ മർദനവും ആന്തരിക ക്ഷതങ്ങളെ തുടർന്നുണ്ടായ ന്യൂമോണിയയുമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കണ്ടെത്തലും നില നിൽക്കവെയാണ് പുതിയ രേഖകൾ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, രാജ്കുമാറിനെ മർദ്ദിച്ചെന്ന് ആരോപണ വിധേയനായ സിപിഒ നിയാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ക്രൈംബ്രാഞ്ച് നെടുങ്കണ്ടം ക്യാമ്പ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇതിനായി നിയാസ് നെടുങ്കണ്ടം ക്യാമ്പ് ഓഫീസിലെത്തി. നേരത്തെ സമാനമായ രീതിയിൽ വിളിച്ച് വരുത്തിയായിരുന്നു ഒന്നാം പ്രതി മുന്‍ എസ്ഐ സാബുവിനെയും നാലാം പ്രതി സിപിഒ സജീവ് ആന്റണിയെയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് ചെയ്തത്.
എന്നാൽ, പ്രതി പട്ടികിയല്‍ കൂടുതല്‍ പൊലീസുകാരുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഒന്‍പതോളം പേര് രാജ്കുമാറിനെ മര്‍ദ്ദിച്ചെന്നാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി നല്കിയ മൊഴിയിലുള്ളത്. തുടർ അന്വേഷണത്തിൽ പ്രതിപട്ടിക വിഫുലീകരിക്കാനും ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ സാബുവിനെയും സജീവ് ആന്റണിയെയും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് പീരുമേട് കോടതിയില്‍ അപേക്ഷ നല്കി. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കുകയാണെങ്കില്‍ എല്ലാവരെയും ഒന്നിച്ച് ചോദ്യം ചെയ്ത് മൊഴികളിലെ പൊരുത്തക്കേട് പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസിലെ മുഖ്യ പ്രതികളായ എഎസ്ഐയും പൊലീസ് ഡ്രൈവറും ഇന്നു കീഴടങ്ങുമെന്നും സൂചനകളുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണം: ശാലിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ പൊരുത്തക്കേടുകള്‍, രാജ് കുമാറിന് നാസറിനെ നേരത്തെ അറിയാമായിരുന്നു