UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പോലീസിനെ സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് കുമ്മനം

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ച പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നും കേരള പോലീസിനെ സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ച പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം അരാജകത്വം സൃഷ്ടിക്കുകയാണ്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസിനും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ ടൗണില്‍ കലോത്സവം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ കലാപത്തിന്റെ ഉത്സവമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു.

അതേസമയം പൊന്‍കുന്നം ശ്രേയാസ് പബ്ലിക് സ്‌കൂളില്‍ ആര്‍എസ്എസ് ക്യാമ്പ് നടത്തിയതിനെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് പൊന്‍കുന്നം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ അവസാനിച്ചത്. ‘വിദ്യാലയങ്ങള്‍ ആയുധപ്പുരകളാക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് സമീപം വച്ച് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

അതിന് ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ഇതിനിടെയാണ് സ്‌റ്റേഷന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ സ്‌റ്റേഷനിലെ സിസിടിവി ക്യാമറകളും ജനല്‍ ചില്ലുകളും തകര്‍ന്നു. ഇതുവഴി കടന്നുപോയ മണിമല പോലീസ് സ്‌റ്റേഷനിലെ വാഹനവും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഒരു വനിതാ പോലീസ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍