TopTop
Begin typing your search above and press return to search.

അമ്മയുടെ ജീവിതം, മോറല്‍ പോലീസിംഗ് കാലത്തെ രാഷ്ട്രീയ പ്രസ്താവം-നീലന്‍ പ്രേംജി/അഭിമുഖം

അമ്മയുടെ ജീവിതം, മോറല്‍ പോലീസിംഗ് കാലത്തെ രാഷ്ട്രീയ പ്രസ്താവം-നീലന്‍ പ്രേംജി/അഭിമുഖം

നീലന്‍ പ്രേംജി/ സബ്ജു ഗംഗാധരന്‍

കഥേതര വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ ഏറ്റവും മികച്ച ഡോക്യുമെന്റററിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയ ചിത്രമാണ് നീലന്‍ പ്രേംജി സംവിധാനം ചെയ്ത 'അമ്മ'. നമ്പൂതിരി സമുദായത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ സദാചാര മാമൂലുകള്‍ക്കെതിരെ സ്വന്തം ജീവിതം കൊണ്ട് സമരം ചെയ്ത ആര്യ പ്രേംജിയുടെ ജീവിതാനുഭവങ്ങളെയും ഓര്‍മകളെയും ആണ് ചിത്രം രേഖപ്പെടുത്തുന്നത്. ഒമ്പതാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആര്യ പ്രേംജിയുടെ മകനുമായ നീലന്‍ പ്രേംജി സംസാരിക്കുന്നു.

സബ്ജു ഗംഗാധരന്‍: അമ്മയെ പകര്‍ത്തുന്ന ക്യാമറ..നീലന്‍ പ്രേംജി: ഞാനൊരിക്കല്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് നാല്‍പ്പതു വയസുള്ള ഒരു പുരുഷനെ കിടക്കയില്‍ പരിഗണിക്കാനാവുക എന്ന്. അമ്മ പറഞ്ഞു; പതിനാലു വയസുള്ള പെണ്‍കുട്ടിയ്ക്ക് അന്നവള്‍ക്ക് കിട്ടിയ പുതു വസ്ത്രങ്ങളെ കുറിച്ചു മാത്രമേ ചിന്തിക്കുവാനാവൂ, ബാക്കിയെല്ലാം അവള്‍ക്കതീതമാണെന്ന്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമതിയും സുന്ദരിയും ശക്തയുമായ സ്ത്രീ എന്റെ അമ്മയാണ്. പ്രശസ്തനായ ഒരു പുരുഷന്റെ ഭാര്യ മാത്രമായിരുന്നില്ല അവര്‍. ഓരോ അമ്മമാര്‍ക്കും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചരിത്രമുണ്ട്. വിശാലമായ ഉമ്മറങ്ങളുടെ വലിയ വര്‍ത്തമാനങ്ങള്‍ക്ക് പിന്നില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. എന്നാല്‍ എല്ലാ സദാചാര മതിലുകളും തകര്‍ത്തെറിഞ്ഞു തന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് സ്വയം തീരുമാനിച്ച സ്ത്രീയാണ് ആര്യപ്രേംജി എന്ന എന്റെ അമ്മ. അമ്മയുടെ ജീവിതം പകര്‍ത്തണം എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ പെട്ടെന്നൊരു സന്ദര്‍ഭത്തില്‍ ചെയ്തു പോയതുമല്ല. അമ്മയുടെ ജീവിതം പഠിക്കുന്നതിനൊപ്പം സിനിമയും രൂപപ്പെട്ടുവരികയായിരുന്നു.

: അമ്മയുടെ രാഷ്ട്രീയം....

നീ: അമ്മയുടെ വിധവാ വിവാഹം യഥാര്‍ത്ഥത്തില്‍ ദുഷിച്ച സദാചാര വ്യവസ്ഥകള്‍ക്കെതിരെയുള്ള വിപ്ലവകരമായ ഒരു പോരാട്ടമായിരുന്നു. അടുക്കളയില്‍ അടയ്ക്കപ്പെട്ട സ്ത്രീജീവിതങ്ങളില്‍ നിന്ന് എന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ് എന്ന് ഉറപ്പുള്ള രാഷ്ട്രീയ പ്രസ്താവനയായിരുന്നു.

എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്തില്‍ വിശ്വസിക്കണം എന്നിങ്ങനെ മോറല്‍ പൊലീസിംഗിന്റെ ആക്രോശങ്ങളുയരുന്ന നമ്മുടെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ടാണ് അമ്മയുടെ ജീവിതത്തെ ഡോക്യുമെന്ററി വിശദീകരികുന്നത്.: അമ്മ സിനിമ കണ്ടതിനെക്കുറിച്ച്..

നീ: ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും വീല്‍ചെയറിലിരുന്നു അമ്മ സിനിമയുടെ ആദ്യ പ്രദര്‍ശനം കണ്ടു. സിനിമ കണ്ടു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ എന്നെ അടുത്തേക്ക് വിളിച്ചിട്ട് എന്റെ കൈപിടിച്ചു. പിന്നെ എന്റെ മുഖത്തേക്ക് നോക്കി പതിയെ ചിരിച്ചു; ചിരിക്കുക മാത്രം ചെയ്തു. അമ്മയുടെ ആ ചിരിയാണ് ഈ ചിത്രത്തില്‍ ലഭിച്ച ഏറ്റവും വില പിടിച്ച സമ്മാനം. ഈ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച കാര്യം പിന്നീടൊരിക്കല്‍ അമ്മയോട് പറഞ്ഞു. എന്താണ് ആ സംഗതിയെന്നു അമ്മയ്ക്ക് പിടികിട്ടിയില്ല. അച്ഛന് കിട്ടിയ സമ്മാനമാണ് എനിക്കും കിട്ടിയതെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു 'ജീവിതത്തിന്റെ അപരിചിതമായ വഴികള്‍' എന്ന്.

: സിനിമയിലെ സെന്‍സറിംഗിനെ കുറിച്ച്...

നീ: സിനിമയെന്നല്ല ഒന്നും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ല. അടിയന്തരാവസ്ഥ കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയത് പോലെയാണ് ഇപ്പോള്‍ ലീഗല്‍ ആയി സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് കൊണ്ടുപോകുന്നത്. ലീഗാലിറ്റി എന്ന് പറയുന്നത് തന്നെ തെറ്റാണ്. നിയമപരമായി ഈ സദാചാര കടന്നു കയറ്റത്തിന് സാധുത നല്‍കുകയാണ്. സബ്ജക്ടീവാണ് എല്ലാ സെന്‍സര്‍ഷിപ്പുകളും. സെന്‍സര്‍ ബോര്‍ഡിലിരിക്കുന്നവരുടെ ഐഡിയോളജികള്‍ ആണ് അത് തീരുമാനിക്കുന്നത്. ആ ഐഡിയോളജികള്‍ കലാകാരന്മാരുടെയും പ്രേക്ഷകന്റെയും മുകളില്‍ അടിച്ചേല്പ്പിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുമുള്ള സര്‍ഗാത്മക സൃഷ്ടികളുടെ മുകളിലും സെന്‍സറിംഗ് ഏര്‍പ്പെടുത്തുവാന്‍ പാടില്ല. നിങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമില്ലെങ്കില്‍ നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. സിനിമ നിരോധിക്കേണ്ടതോ, സെന്‍സര്‍ ചെയ്യേണ്ടതോ ഇല്ല എന്ന് പറയുന്നതിലെ യുക്തി ഇതാണ്: നമുക്ക്' സിനിമ കാണാതിരിക്കുവാനുള്ള അവകാശം ഉണ്ടല്ലോ, അത്ര സാമൂഹ്യ വിരുദ്ധമാണെങ്കില്‍ എല്ലാവരും കൂടി സിനിമ കാണേണ്ട എന്ന് തീരുമാനിച്ചാല്‍ മതിയല്ലോ!: ഫാസിസത്തിന്റെ കാലത്തെ സിനിമ...

നീ: ശരിയായ അര്‍ത്ഥത്തില്‍ ഉള്ള ഫാസിസം ഇവിടെ നിലനില്‍ക്കുന്നില്ല. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ എല്ലാ വീടുകളിലും ഫാസിസം നിലനില്‍ക്കുന്നുണ്ട്. എന്റെ വീട്ടില്‍ ഞാനൊരു ഫാസിസ്റ്റാണ്! അച്ഛന്‍ എന്ന നിലയില്‍, ഭര്‍ത്താവെന്ന നിലയില്‍ നമ്മള്‍ കാണിക്കുന്ന അധികാരങ്ങള്‍ എല്ലാം തന്നെ ഫാസിസം ആണ്. ഇപ്പോള്‍ എന്റെ ജോലി സ്വയം ആത്മപരിശോധന നടത്തുക എന്നുള്ളതാണ്. സിനിമ എല്ലായിടത്തും എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും അതിജീവിച്ചിട്ടുണ്ട്. ഐസന്‍സ്റ്റീനോട് സിനിമ എടുക്കരുത് എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. 'ഇവാന്‍ ദി ടെറിബിളിന്റ' രണ്ടാം ഭാഗം ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും സോവിയറ്റ് യുണിയനില്‍ പോലും സിനിമ നിലനിന്നിട്ടുണ്ട്.

: ഐഡിഎസ്എഫ്എഫ്‌കെ അനുഭവം

നീ: കഴിഞ്ഞ തവണത്തെക്കാള്‍ ഫിലിം ഫെസ്‌റിവല്‍ ഊര്‍ജസ്വലമാകുന്നുണ്ട്. ഒരു പക്ഷേ മീഡിയ സ്‌കൂളുകള്‍ കേരളത്തില്‍ ഇപ്പോള്‍ എല്ലായിടത്തും ഉള്ളതുകൊണ്ടാകാം യുവാക്കളുടെ ഇടപെടല്‍ കൂടിവരുന്നത്.എന്നാല്‍ സ്വന്തം സിനിമകളുടെയോ, കൂട്ടുകാരുടെയോ സിനിമകള്‍ക്ക് ശേഷം തീയറ്റര്‍ വിടുന്നത് നല്ല ശീലമല്ല. അവര്‍ക്ക് സിനിമയോട് സ്‌നേഹവുമില്ല. ഒരു സമയം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകളും കണ്ടിട്ടിറങ്ങണം എന്നാണ് എനിക്ക് യുവാക്കളോട് പറയാനുള്ളത്. അല്ലാതെ വരുന്നവര്‍ വെറും 'സെല്‍ഫിയെടുക്കുവാന്‍ വരുന്നവരാണ്.

(മാധ്യമ വിദ്യാര്‍ത്ഥിയാണ് സബ്ജു ഗംഗാധരന്‍)


Next Story

Related Stories