Top

മോദിയുടെ അതിവേഗം വളരുന്ന ഇന്ത്യയിലാണ് മോട്ടിറാമും ചെറുമകന്‍ ഓംകാറും ഉള്ളത്

മോദിയുടെ അതിവേഗം വളരുന്ന ഇന്ത്യയിലാണ് മോട്ടിറാമും ചെറുമകന്‍ ഓംകാറും ഉള്ളത്
ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികരംഗം എന്ന പദവി ഇന്ത്യ 2025 വരെ നിലനിര്‍ത്തുമെന്നാണ് പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ ശരാശരി 7.7 ശതമാനം വളര്‍ച്ച നിരക്കാവും ഇന്ത്യ കൈവരിക്കുക എന്ന് ഹാര്‍വാഡ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഗ്രോത്ത് പ്രൊജക്ഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍, ഈ വികസനം ഏതൊക്കെ മേഖലകളെ കേന്ദ്രീകരിക്കുന്നുവെന്നതും സമത്വപൂര്‍ണമായ വളര്‍ച്ചയാവുമോ രാജ്യം കൈവരിക്കുക എന്നതും വലിയ ചോദ്യമായി അവശേഷിക്കുന്നു. പ്രത്യേകിച്ചും ഗ്രാമീണ, കാര്‍ഷീക മേഖലകളെ ആശ്രയിച്ച് നില്‍ക്കുന്ന പരമ്പരാഗത വൈദഗ്ധ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ അതിജീവനം വലിയ ചോദ്യ ചിഹ്നമായി മാറുകയാണെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതായത്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്ന 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം,' എന്ന മുദ്രാവാക്യം പറയുന്നത് പോലെ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അത്ര എളുപ്പമായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരു ഭാഗത്ത് വികസനവും സമ്പത്തും കുന്നുകൂടുമ്പോള്‍ മറുഭാഗത്ത് പ്രാന്തവല്‍കൃതരാവുന്ന ജനവിഭാഗങ്ങളുടെ എണ്ണവും അതിനനുസരിച്ച് വളരുന്നു എന്നതാണ് ഇന്ത്യന്‍ വികസനചിത്രം മുന്നോട്ട്‌വയ്ക്കുന്ന ആശങ്ക.

ഇത്തരത്തില്‍ അതിവേഗം പ്രാന്തവല്‍കൃതമാകുന്ന ജനവിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് 72 കാരനായ സാട്ടുവ മോട്ടിറാം ചവാന്റെയും അദ്ദേഹത്തിന്റെ ഭാര്യ 68 കാരി ഗംഗ ഭായിയുടെയും കഥ കഴിഞ്ഞ ആഴ്ച എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പണിക്കാരായ ഈ വൃദ്ധ ദമ്പതികള്‍ അതിജീവനത്തിനായി ഇപ്പോഴും ഇരുമ്പിനോട് പടവെട്ടുന്നു. പകലന്തിയോളം പണിയെടുത്താല്‍ ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത് ഏതാനും നൂറ് രൂപകള്‍ മാത്രമാണ്. അതും കരാറുകാരന്‍ കൃത്യസമയത്ത് വരികയും ഇവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്താല്‍ മാത്രം.കാര്‍ഷീക മേഖല യന്ത്രവല്‍ക്കരിക്കപ്പെട്ടതോടെ തൊഴില്‍ നഷ്ടമായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് മഹാരാഷ്ട്രയിലെ നന്ദഡില്‍ നിന്നും തെലുങ്കാനയിലെ സിദ്ദിപ്പെട്ടിലേക്ക് കുടിയേറിയത്. കൂടെ ചെറുമകനായ ആറുവയസുകാരന്‍ ഓംകാറും. പ്രസവത്തോടെ അമ്മയെ നഷ്ടമായ ഓംകാറിന്റെ അച്ഛന്‍ അതിജീവിനത്തിനായി സോളാപ്പൂരിലേക്കും അവിടെ നിന്നും മുമ്പെയിലേക്കും കുടിയേറിയതോടെയാണ് കുട്ടിയുടെ ചുമതലയും ഈ വൃദ്ധ ദമ്പതികളുടെ ചുമലിലായത്.

റോഡരികില്‍ ഒരു ചെറിയ കൂടാരം കെട്ടിയാണ് ഇവര്‍ താമസിക്കുന്നത്. സിദ്ദിപ്പെട്ടിലേക്ക് 81 കിലോമീറ്റര്‍ എന്ന മൈല്‍ക്കുറ്റി മാത്രമാണ് സ്ഥലവുമായി ഇവരെ ബന്ധിപ്പിക്കുന്നത്. കാരണം അവര്‍ക്ക് ശരിയായ വീടോ വിലാസമോ ഇല്ല. ഒരു കൈയില്‍ കളിപ്പാട്ടങ്ങളുമായി മുത്തച്ഛന് വെള്ളം എത്തിക്കുന്ന ഓംകാറിനെയാണ് ഒരാഴ്ച മുമ്പ് എന്‍ഡിടിവി പ്രതിനിധി കണ്ടത്. അവനെ സ്‌കൂളില്‍ അയയ്ക്കാന്‍ ചവാന് യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു രേഖകളും ഇവരുടെ കൈവശമില്ലെന്നതാണ് പ്രശ്‌നം.

കഴിഞ്ഞ വര്‍ഷം സിദ്ദിപ്പെട്ടില്‍ കനത്ത മഴ പെയ്തതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന കൂടാരത്തിന് അടുത്ത് താമസിക്കുന്ന ഒരാള്‍ ഇവര്‍ക്ക് ഒരു ഷെഡ്ഡില്‍ അഭയം നല്‍കുകയായിരുന്നു. വല്ലപ്പോഴും അവര്‍ ഭക്ഷണവും നല്‍കുന്നു. ഓംകാറിനെ ഒരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ തുനിഞ്ഞെങ്കിലും 5,000 സംഭാവന ആവശ്യപ്പെട്ടതോടെ അതും നടക്കാതെയായി. ചെറുമകന്റെ വിദ്യാഭ്യാസം വൃദ്ധ ദമ്പതികളെ അലട്ടുന്നതടക്കമുള്ള എന്‍ഡിടിവി റിപ്പോര്‍ട്ട് പക്ഷെ ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാണ്.

ഇവരുടെ ദുരിതം കേട്ടറിഞ്ഞ ചിലര്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. സെക്കന്തരാബാദില്‍ നിന്നുള്ള മുഹമ്മദ് സല, അര്‍ഫാ ദമ്പതിമാര്‍ ഓംകാറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തത് ഇവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഇപ്പോള്‍ ഓംകാറിനെ സ്ഥലത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ്. ഓംകാറിന് പുസ്തകങ്ങളും മറ്റ് പഠനോപാധികളും മുഹമ്മദ് സല ദമ്പതികള്‍ സമ്മാനിച്ചിട്ടുണ്ട്. സ്‌കൂള്‍ ബസിനുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. എ്ന്നാല്‍ ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഓംകാറിനെ നേരിട്ട് ഒന്നാം ക്ലാസില്‍ ചേര്‍ക്കാനാവില്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അറിയിച്ചു. ആദ്യത്തെ മൂന്ന് മാസം അവനെ എല്‍കെജിയില്‍ ഇരുത്തും. പഠിച്ചെടുക്കുന്ന പക്ഷം പിന്നീട് യുകെജിയിലേക്കും ഒന്നാം ക്ലാസിലേക്കും കയറ്റം നല്‍കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഒരു അവസരം ലഭിക്കുമെന്നും സ്‌കൂളില്‍ പോകാനുള്ള സൗകര്യമാണ് ഓംകാറിന് ലഭിച്ചിരിക്കുന്ന അവസരമെന്നും മുഹമ്മദ് സല എന്‍ഡിടിവിയോട് പറഞ്ഞു.ഐക്യരാഷ്ട്രസഭ ഏപ്രിലില്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 53 ശതമാനവും കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനത്തില്‍ താഴെ വരുന്ന അതിസമ്പന്നരാണ്. ഇന്ത്യയുടെ വികസനം പ്രാദേശിക സന്തുലിതമായ രീതിയിലല്ല നടക്കുന്നതെന്നും ആ യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും സാമൂഹ്യവികസന പ്രവര്‍ത്തനങ്ങളും താഴെ തട്ടിലേക്ക് ഇറങ്ങി വന്നാല്‍ മാത്രമേ സാട്ടുവ മോട്ടിറാം ചവാനെ പോലുള്ളവരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാതിരിക്കൂ. ഓംകാറിനെ പോലുള്ളവരുടെ വിദ്യാഭ്യാസവും ക്ഷേമവും ഉറപ്പാക്കിയാല്‍ മാത്രമേ ഒരു ക്ഷേമ രാജ്യം എന്ന നിലയില്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിക്കുകയുള്ള എന്ന തിരിച്ചറിവാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടത്.


Next Story

Related Stories