TopTop
Begin typing your search above and press return to search.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജയിലുകളായി മാറുന്നതെന്തുകൊണ്ട്?

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജയിലുകളായി മാറുന്നതെന്തുകൊണ്ട്?

2017 ജനുവരി 09 - സ്വാശ്രയ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കായി വിദ്യാര്‍ത്ഥി സമൂഹം കണക്ക് ചോദിച്ച ദിവസമായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് സംഘടിച്ചെത്തി തകര്‍ക്കാന്‍ അന്ന് അവര്‍ക്ക് ഒരുവിധത്തിലുമുള്ള രാഷ്ട്രീയ-സ്ഥാപിത താല്‍പര്യങ്ങളോ സമ്മര്‍ദ്ദങ്ങളോ തടസമായില്ല. മാനേജ്‌മെന്റിന്റെ കാടത്തത്തിനെതിരെ വിദ്യാര്‍ത്ഥി രോഷം അണപൊട്ടിയപ്പോള്‍ അതു തടയാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസിനുമായില്ല.

ജിഷ്ണുവിന്‍റെ ജീവന് പകരം ചോദിക്കാന്‍ ആയിരം ജിഷ്ണുമാരാണ് കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജിന് മുന്‍പിലേക്ക് തൊണ്ട പൊട്ടുമാറുച്ചത്തില്‍ കൊടിയുടെ നിറം നോക്കാതെ മുദ്രാവാക്യം മുഴക്കി എത്തിയത്. പൊലീസിനെ എറിഞ്ഞോടിച്ച പ്രവര്‍ത്തകര്‍ ജിഷ്ണുവിനെ നിശ്ചലനാക്കിയ കോളേജിന്റെ മുഴുവന്‍ ഭാഗങ്ങളും തകര്‍ത്തെറിഞ്ഞ് സംഹാര താണ്ഡവമാടി. ഇടിമുറിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് തകര്‍ന്ന് തരിപ്പമണമായി. കാന്റീനും ജനല്‍ചില്ലുകളും എറിഞ്ഞുടച്ചു. ഈ സമയമെല്ലാം അവിടെയുണ്ടായിരുന്ന കോളേജ് ക്യാന്റീനിലെ ജീവനക്കാരെ തൊട്ടു നോവിക്കാന്‍ പോലും വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നില്ല.

നേതാക്കളിടപെട്ട് രംഗം ശാന്തമാക്കിയതോടെയാണ് കോളേജിനുള്ളിലെ താണ്ഡവം കുട്ടികള്‍ അവസാനിപ്പിച്ചത്. അപ്പോഴും ജിഷ്ണുവിന്റെ കണ്ണീര്‍ വീണ വഴിയരികില്‍ ചാച്ചാജിയുടെ പേരെഴുതിയ കോളേജിന്റെ ബോര്‍ഡ് അഗ്‌നിക്കിരയാക്കുകയായിരുന്നു അവന്റെ സഹപാഠികള്‍. ഒരു ഭരണകൂടത്തിനും വിദ്യാര്‍ത്ഥികളുടെ അണപൊട്ടിയ രോഷം തടയാനാവില്ലെന്ന് കൊടിയുടെ നിറവ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി സമൂഹം അടിവരയിട്ടു.

കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ഇടിമുറികള്‍ ഇത്തരം പല സ്ഥാപനങ്ങളിലും ഉണ്ടെന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കോളേജ് ഗേറ്റിനു പുറത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പകല്‍ മുഴുവന്‍ പ്രതിഷേധിച്ചു. നെഹ്റുവിന്റെ പേരല്ല; ഹിറ്റ്‌ലറുടെ പേരാണ് കോളേജിന് ചേരുകയെന്നും ജിഷ്ണുവിന്റെ മരണം മാനേജ്മെന്റ് നടത്തിയ കൊലപാതകമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

നെഹ്റു കോളേജിന്റെ കോയമ്പത്തൂര്‍ ക്യാമ്പസിലും സമാനമായ പീഡനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയുന്നു. ഡിസിപ്ളിന്‍ എന്ന വ്യാജേന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ വന്‍ ക്രൂരതകളാണ് നടക്കുന്നത്. ഇതെല്ലാം ഹിറ്റ്ലറുടെ കോണ്‍സട്രേഷന്‍ ക്യാമ്പിനേക്കാള്‍ കഷ്ടമാണെന്ന് കുട്ടികള്‍ പരസ്യമായും രഹസ്യമായും സംസാരിക്കുന്നുണ്ട്. ക്യാമ്പസ് കാട്ടാളത്തം നിര്‍ത്തലാക്കുക, കോളേജില്‍ 'സ്റ്റുഡന്റസ് യൂണിയന്‍' രൂപവത്കരിക്കുക, വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, 'ഫൈന്‍' സമ്പ്രദായം അവസാനിപ്പിക്കുക, 90 ശതമാനം അറ്റന്‍ഡന്‍സ് എന്ന കരിനിയമം നിര്‍ത്തലാക്കുക, കോളേജിന്റെ ക്രൂരതക്കു എതിരെ വാ തുറക്കുന്നവരെ മൂന്നാംമുറ ഉപയോഗിച്ചു അടിച്ചമര്‍ത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

നിരവധി വിദ്യാര്‍ത്ഥികളാണ് കോളേജിലെ ക്രൂരതകളെ കുറിച്ച് പരാതികളും വെളിപ്പെടുത്തലുകളുമായി മാധ്യമങ്ങളെ കണ്ടത്. താടി ഫൈന്‍ (200/- രൂപ ), ചെരുപ്പ് ഫൈന്‍ (100/-), കളര്‍ ഷൂ ഫൈന്‍ (100/-), ഹെയര്‍ കട്ട് ഫൈന്‍ (100/-), ടാഗ് ഫൈന്‍ (500/-), ലേറ്റ് ഫൈന്‍ (200/-), കോമണ്‍ ഫൈന്‍ (5,000/- /ക്ളാസ്), ബര്ത്ഡേ കേക്ക് മുറിച്ചാല്‍ ഫൈന്‍ (1,000/-), മലയാളം സംസാരിച്ചാല്‍ ഫൈന്‍ (100/-), കൂട്ടുകാരിയോട് സംസാരിച്ചാല്‍ ഫൈന്‍ (100/-), പെനാല്‍റ്റി ഫൈന്‍ (200/-) എന്നിങ്ങനെയാണ് നെഹ്റു കോളേജില്‍ ഫൈന്‍ ഈടാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുകയും ഫൈനടച്ച ചലാനുകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ കാണിച്ചു കൊടുക്കുകയും ചെയതു.

ജിഷ്‌ണു‌ പ്രണോയ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ ജില്ലയിലെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാമ്പാടി നെഹ്റു കോളേജിനെ കുറിച്ച് കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെടുന്ന ചില വസ്തുതകള്‍ മാത്രമാണിവയെല്ലാം. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ഇത്രയേറെ പ്രകോപിതരായതെന്ന് ഏറെ ഗൗരവത്തോടെ പരിശോധിക്കാന്‍ നമുക്കാവേണ്ടതുണ്ട്.

വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ തീരുമാനമെടുത്തപ്പോഴും അതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കിയപ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തെ കാമ്പസുകളില്‍നിന്ന് അടിച്ചിറക്കിയപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറഞ്ഞ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.

വിദ്യാഭ്യാസം തികച്ചും ജനാധിപത്യപരമായി നടക്കേണ്ട ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകണ്ടതില്ല. കൗമാരപ്രായക്കാരുടെ വിദ്യാഭ്യാസമാകുമ്പോള്‍ ഏറെ ഗൗരവത്തോടെ അതിനെ സമീപിക്കാന്‍ നമുക്ക് കഴിയണം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് മനഃശാസ്ത്രപരമായി അവരെ സമീപിക്കാന്‍ നമ്മുടെ സ്ഥാപനങ്ങള്‍ക്കോ അതിനെ നയിക്കുന്നവര്‍ക്കോ കഴിയാതെ പോകുന്നത് പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കച്ചവടവും ലാഭവും മാത്രം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി മാറുമ്പോള്‍ എല്ലാത്തരം ജനാധിപത്യ അവകാശങ്ങളേയും സര്‍ഗ്ഗാത്മകതയേയും വിദ്യാഭ്യാസത്തില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നു.

എന്തുകൊണ്ടിങ്ങനെയെല്ലാം സംഭവിക്കുന്നുവെന്ന് പരിശോധിക്കുമ്പോള്‍, നമുക്ക് മുന്നില്‍ പലപ്പോഴും ചര്‍ച്ച ചെയ്യാന്‍ ഭരണകൂടമോ മാധ്യമങ്ങളോ കേരളത്തില്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹമോ ഇഷ്ടപ്പെടാത്ത ചില വസ്തുതകളിലേക്ക് നമുക്ക് ചെന്നെത്തണ്ടിവരും.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ നിയമസഭാസമ്മേളനം നടക്കുന്ന കാലത്താണ് വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തിയിലായവര്‍ സമരത്തിലേക്കെന്ന വാര്‍ത്ത പുറത്തുവരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യമാണ് സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിയത്. കേട്ടാല്‍ തീര്‍ത്തും നിരുപദ്രവമായൊരു മുദ്രാവാക്യം. അതിന്‍റെ കാരണങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ സമൂഹം ഗൗരവത്തോടെ ചര്‍ച്ചചെയ്യേണ്ട ചില അടിസ്ഥാന പ്രശ്നങ്ങള്‍ നമുക്ക് പരിശോധിക്കേണ്ടതായിവരും. കൂട്ടത്തില്‍, വിദ്യാഭ്യാസത്തിന്‍റെ കച്ചവട താല്‍പര്യങ്ങളും അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങളും മാധ്യമങ്ങളും നിയമ വ്യവസ്ഥയുെമെല്ലാം ചേര്‍ന്ന് സാമാന്യ ജനങ്ങളെ വ‍ഞ്ചിക്കുന്നതിന്‍റെ ചിത്രം പുറത്തേക്ക് എത്തിക്കേണ്ടതായിവരും.

വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂത്തിയാക്കിയ കുട്ടികളില്‍നിന്നും വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയായി. ആത്മഹത്യാ ഭീഷണിയിലാണ് വായ്പയെടുത്തവരുടെ കുടുംബങ്ങളെല്ലാം. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേര്‍ക്കും ജോലിയായിട്ടില്ലായെന്ന കാര്യം സമരക്കാര്‍ വെളിപ്പെടുത്തുന്നു. ജോലി ലഭിച്ചവര്‍ക്കാകട്ടെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ പലിശയും മുതലുമായി വലിയൊരു തുക തിരികെ അടക്കാന്‍ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് രക്ഷിതാക്കളും കുട്ടികളും വെളിപ്പെടുത്തികൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസ വായ്പയെടുത്ത 26 പേരോളം ഇതുവരെ ബാങ്കുകാരുടെ ഭീഷണി മൂലം കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പല രക്ഷിതാക്കളും ഇപ്പോള്‍ ആത്മഹത്യാ മുനമ്പിലാണ്. ജപ്തി നടപടിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ 48 മണിക്കൂര്‍ നീണ്ട ധര്‍ണ പോലും നടക്കുകയുണ്ടായി.

വിദ്യാഭ്യാസ വായ്പ കടക്കെണിയാണെന്ന കാര്യമാണിവിടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അത് സംഭവിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസ താല്‍പര്യമല്ല; കോളേജുകളുടേയും ബാങ്കുകളുടേയും ഭരണകൂടങ്ങളുടേയും അജണ്ടയെന്നത് നാട്ടിലെ സാധാരണക്കാരോ രക്ഷിതാക്കളോ കാര്യമായി മനസ്സിലാക്കിയിട്ടില്ല. ഇവിടെ സെല്‍ഫ് ഫൈനാന്‍സിങ്ങ് കോളേജുകളിലെ ഒരൊറ്റ സീറ്റുപോലും ഒഴിഞ്ഞു കിടക്കാന്‍ പാടില്ല. കുട്ടികള്‍ ഇടക്കുവെച്ച് പഠനം നിര്‍ത്തി പോകാന്‍ പാടില്ല. ഇതെല്ലാം കുട്ടികളുടെ ഭാവിയെ കരുതി ചെയ്യുന്ന കാര്യങ്ങളൊന്നുമല്ല; മറിച്ച് സ്വാശ്രയ കോളേജുകള്‍ക്ക് വേണ്ടിയാണെന്നത് കേവലയുക്തി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാകും. അതിന്‍റെയെല്ലാം ഭാഗമായാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ ഒരുക്കുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശ/ഫീസ് സബ്ബ്സിഡികളും കോളേജുകളിലെ സീറ്റുകള്‍ ഫില്‍ ചെയ്യുന്നതിനുള്ള തന്ത്രമാണെന്ന കാര്യമൊന്നും ആരും ചര്‍ച്ച ചെയ്യാന്‍ മിനക്കെടാറില്ല. കേരളത്തില്‍ വളര്‍ന്ന് പന്തലിച്ചിട്ടുള്ള സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ നാട്ടിലെ മദ്യ-സ്വര്‍ണ്ണ വ്യവസായികളേക്കാള്‍ കരുത്തന്മാരായിക്കഴിഞ്ഞിരിക്കുന്നു.

വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍, ഒരു വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഉന്നതവിദ്യാഭ്യാസം സംബന്ധിക്കുന്ന ചര്‍ച്ചകള്‍ അതോടെ അവസാനിക്കാറാണുള്ളത്. അഡ്മിഷന്‍ കാലയളവില്‍ നടക്കുന്ന സംവാദ-വിവാദം അതോടെ തീരുന്നു. പിന്നീട് അടുത്ത വര്‍ഷത്തെ പ്രവേശന നടപടികള്‍ക്ക് തുടക്കമിടുമ്പോള്‍ ചില വിവാദങ്ങള്‍ ഉണ്ടാകുന്നു. എല്ലാവര്‍ഷവും സംഭവിക്കുന്ന ഒരേ നാടകത്തിന്‍റെ ഭാഗമായി മാത്രമുള്ള ചര്‍ച്ചകകള്‍ മാത്രമാണിവയെല്ലാമെന്നത് നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

എന്നാല്‍, ഒരു വര്‍ഷത്തില്‍ - എത്രകുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയം എടുത്ത് പഠിക്കാന്‍ കഴിയുന്നു? വായപയെടുത്തോ അല്ലാതേയൊ പഠിക്കാന്‍ തുടങ്ങുന്നവര്‍ എത്രപേര്‍ പഠനം പൂര്‍ത്തിയാക്കുന്നു? പഠനം കഴിഞ്ഞവര്‍ക്ക് എത്രപേര്‍ക്ക് പ്ലേയ്സ്മെന്‍റ് ലഭിക്കുന്നു? ഇങ്ങനെ ജോലി ചെയ്യുന്ന കുട്ടികള്‍ക്ക് അവരുടെ പഠനത്തിനായി വാങ്ങിയ വായ്പയടക്കമുള്ള കുടുംബത്തിന്‍റെ ബാധ്യതകളേറ്റെടുക്കാന്‍ കഴിയുന്നുണ്ടോ? ആരുടെ കൈവശമാണിത്തരം കണക്കുകള്‍ ഉള്ളത്?

ബാങ്ക് വായപയടുത്ത് പഠിച്ച കുട്ടികള്‍ എത്രപേര്‍ക്ക് കൃത്യമായി തിരിച്ചടവിന് വഴിയുണ്ട്? അടുത്തകാലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഒരു നിയന്ത്രണത്തെ കുറിച്ച് ആരെല്ലാം അറിഞ്ഞിട്ടുണ്ട്?! പഠിക്കാന്‍ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ കുട്ടികള്‍ക്ക് ബാങ്കില്‍ ജോലിക്കപേക്ഷിക്കാന്‍ വിലക്ക്. പേരും വിലാസവും ഓണ്‍ലൈനില്‍ കയറ്റുമ്പോഴേക്കും വെബ്സൈറ്റ് കുടിശ്ശികക്കാരുടെ പേര് റിജക്ട് ചെയ്യും. പഠനം പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് തൊഴില്‍ കിട്ടതെ എങ്ങിനെ വായ്പ തിരിച്ചടക്കാനാവും? ഇതേക്കുറിച്ചെല്ലാം ആര്‍ക്കെങ്കിലും മറുപടിയുണ്ടോ?

ബാങ്ക് വായ്പയെടുത്തുള്ള പഠനം, വിദ്യാഭ്യാസ കച്ചവടക്കാരുടെ അടിമകളാകുന്നതിന്‍റെ ഭാഗമാണ്. കേവലം 22-23 വയസ്സ് പ്രായമാകുന്ന, കൗമാരം വിടാത്ത ചെറുപ്പക്കാര്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കരായാണ് ഇപ്പോള്‍ ജീവിതം ആരംഭിക്കുന്നതെന്ന ദുഃഖ സത്യം ആരെങ്കിലും ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നുണ്ടോ? നമ്മുടെ ശരാശരി രക്ഷിതാക്കളും കുട്ടികളും ഇതൊന്നും പരിശോധിക്കാനോ പഠിക്കാനോ തയ്യാറാകുന്നില്ല. വിദ്യാഭ്യാസ കച്ചവടക്കാരുടെ കൗണ്‍സിലിങ്ങിലും കരിയര്‍ ഗൈഡന്‍സിലുംപെട്ട് മിക്കവരും മിക്കപ്പോഴും വഞ്ചിതരാവുകയാണ്.

ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഇക്കാര്യത്തില്‍ ഏതാണ്ടൊരേ സ്വരം! കൊള്ളക്കാരില്‍നിന്നും നമ്മുടെ വിദ്യാഭ്യാസത്തെ രക്ഷിക്കുക, നമ്മുടെ കുട്ടികളെ കെണിയില്‍നിന്നും മോചിപ്പിക്കുക, വലിയ കടക്കാരായി അവരുടെ ജീവിതം ആരംഭിക്കാതിരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അവസരമൊരുക്കുക..

അതോടൊപ്പം, വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യവും അതിനായി കൈകൊള്ളുന്ന മാര്‍ഗ്ഗവും പരിപാടികളും അതിന്‍റെ ഉള്ളടക്കവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മാത്രമേ ഈ കുറിപ്പ് കുറച്ചെങ്കിലും സത്യസന്ധമാകുകയുള്ളുവെന്ന് എനിക്ക് തോന്നുന്നു. വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കവും പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് പ്രസിദ്ധ വിദ്യാഭ്യസ ചിന്തകനും ബ്രസീലിയന്‍ പാതിരിയുമായ പൗലോ ഫ്രയര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ നടത്തിയിട്ടുള്ള ചില നിരീക്ഷണങ്ങളിലേക്ക് ഈ വിഷയത്തെ ബന്ധപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. അത് ഈ സംവാദത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ ഒരു പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്. ക്ലാസ് മുറിക്കകത്തും പുറത്തും, ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് മേലെ എന്‍റെ അധികാരം ഞാന്‍ നിരന്തരം പ്രയോഗിക്കുന്നത് (ഞാനും എന്‍റെ മുന്‍തലമുറയും ഇപ്പോഴും മഹാഭൂരിപക്ഷവും) എങ്ങനെയാണ് പൗലോ ഫ്രെയര്‍ അറിഞ്ഞുവെന്നതോര്‍ത്ത് അദ്ദേഹത്തെ വായിക്കുന്ന സന്ദര്‍ഭത്തിലെപ്പോഴും ഞാന്‍ ആശ്ചര്യം കൂറിയിട്ടുണ്ട്. ഇങ്ങ് കേരളത്തിലെ ഒരധ്യാപകനെ കുറിച്ച് എങ്ങനെയാണ് അദ്ദേഹം കൃത്യമായെഴുതിയതെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.

ലോകത്തിലെ ഏത് കോണിലും വിദ്യാഭ്യാസം തന്‍റെ മുന്നിലെത്തുന്ന കുട്ടികള്‍ക്ക് മേല്‍ അധീകാരം പ്രയോഗിക്കാന്‍ അധ്യാപകനും വിദ്യഭ്യാസ സംവിധാനത്തിനും ലൈസന്‍സ് നല്‍കുന്ന ഒരു ഉപകരണമാണെന്ന് പഠിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. ഫെയറിന്‍റെ Pedagogy of the oppressed (മര്‍ദിതരുടെ ബോധനശാസ്ത്രം), Politics of Education (വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം) എന്നി കൃതികളിലും മറ്റു ലേഖനങ്ങളിലും വിദ്യാര്‍ഥി-അധ്യാപക ബന്ധത്തെപ്പറ്റി ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുതന്നിട്ടുള്ളത് നമ്മുടെ അധ്യാപകരും വിദ്യാഭ്യാസ സംവിധാനങ്ങളും എത്രകണ്ട് സ്വാംശീകരിച്ചിട്ടുണ്ടെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ ചോദ്യമായി നിലനില്‍ക്കുന്നു.

മര്‍ദിതരുടെ ബോധനശാസ്ത്രം എന്ന തന്‍റെ പ്രസിദ്ധ ഗ്രന്ഥത്തിന്‍റെ ആരംഭത്തില്‍ത്തന്നെ മാനവീകരണമെന്ന ഒരാശയം പൗലോ ഫ്രെയര്‍ ഊന്നുന്നുണ്ട്. മര്‍ദകര്‍, മര്‍ദിതര്‍ അല്ലെങ്കില്‍ ചൂഷകര്‍, ചൂഷിതര്‍ എന്നിങ്ങനെയുള്ള വര്‍ഗീകരണം നമുക്ക് പരിചതവും മര്‍ദകര്‍ക്കുമേല്‍ മര്‍ദിതര്‍ വിജയം നേടുന്ന ചൂഷണരഹിതമായ ലോകം അതുവഴി നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ സ്വപ്നങ്ങളായി മാറേണ്ടതായിട്ടുണ്ടെന്നെന്ന് അദ്ദേഹം അതില്‍ പറഞ്ഞുവെയ്ക്കുന്നു.

'മര്‍ദിതര്‍, തങ്ങളെ അങ്ങനെയാക്കിത്തീര്‍ത്തവര്‍ക്കെതിരെ പോരാട്ടത്തിന് തയ്യാറാകും; അവര്‍ ഇരുവര്‍ഗത്തിന്റെയും മനുഷ്യത്വത്തെ സമന്വയിപ്പിക്കും' എന്നദ്ദേഹം ലോകത്തോട് വിളിച്ചു പറയുന്നു. അതായത് സ്വയം വിമോചിതരാകുന്നതിനൊപ്പം മര്‍ദകരെയും വിമോചിപ്പിക്കുകയാണ് മര്‍ദിതരുടെ ലക്ഷ്യവും കടമയുമെന്നര്‍ഥം. ഉന്മൂലനമല്ല ക്രിയാത്മകമായ ഉടച്ചുവാര്‍ക്കലാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി മാറേണ്ടത്. മര്‍ദിതരുടെ ബോധനശാസ്ത്രത്തിന്റെ കേന്ദ്ര ആശയം അപമാനവീകരണത്തിന് വിധേയമായ ജനതയുടെ വിമോചനമാണെന്ന് പറയാം. അതുകൊണ്ടുതന്നെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിമര്‍ശനം, പൗലോ ഫ്രെയറിന്‍റെ ഈ നിരീക്ഷണങ്ങള്‍ വഴി കാലാതിവര്‍ത്തിത്വത്തിന് മുഖ്യ കാരണമാകുന്നുണ്ട്.

എല്ലാമറിയുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളിലേക്ക് അറിവുകള്‍ നിക്ഷേപിക്കുന്ന രീതി- ഫ്രെയറിന്റെ വാക്കുകളില്‍ ബാങ്കിങ്ങ് സമ്പ്രദായം; അധ്യാപക-വിദ്യാര്‍ഥി വൈരുധ്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്തെ കുട്ടികള്‍ക്ക് മുന്നില്‍ അത് തുറന്നുകാട്ടുന്നില്ല. വിദ്യാര്‍ഥിയുടെ സൃഷ്ടിപരമായ കഴിവുകളെ കെട്ടഴിച്ചുവിടുന്നില്ല. സമൂഹത്തിന്റെ അബദ്ധജടിലങ്ങളായ വിശ്വാസങ്ങളെ ചോദ്യംചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നില്ല. സംവാദാത്മകമായ ബോധനരീതികള്‍ക്ക് മാത്രമേ ഇതിന് മാറ്റംവരുത്താനാകൂ. പൗലോ ഫ്രെയറിന്‍റെ ഈ നിരീക്ഷണങ്ങളും കച്ചവടത്തിലും ലാഭത്തിലും ഊന്നി നടത്തുന്ന നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തമാനങ്ങളും ഒരിടത്തും ഒത്തുപോകുന്നവയെല്ലെന്ന് നമുക്ക് തരിച്ചറിയാന്‍ എന്നാണ് കഴിയുക?

മേല്‍ സൂചിപ്പിച്ച വിദ്യാഭ്യാസ വിമോചന സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ് ഇന്ന് നമ്മുടെ കാമ്പസുകളില്‍നിന്നും ലഭ്യമാകുന്നത്. ജയിലുകളേക്കാള്‍ ഭീതിതമാണ് പലയിടത്തും കാര്യങ്ങള്‍. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും ഡി സ്കൂളിങ്ങിന്‍റെ പ്രയോക്താവുമായ ഇവാന്‍ ഇല്ലിയിച്ച് ഒരു വിദ്യാലയത്തേയും ജയിലിനേയും താരതമ്യം ചെയ്തുകൊണ്ട് നടത്തിയിട്ടുള്ള നിരീക്ഷണം ഈ അവസരത്തില്‍ പരിശോധിക്കുന്നത് പ്രസക്തമണന്ന് തോന്നുന്നു.

ആധുനിക സാമ്പ്രാദായിക വിദ്യാഭ്യാസത്തെ അദ്ദേഹം വിശകലനം ചെയ്യുന്നത് ഇപ്രകാരമാണ്.

ഒരു വിദ്യാഭ്യാസ സ്ഥാപനവും ഒരു ജയിലും തമ്മിലുള്ള താരതമ്യവിശകലനം/പരിശോധനയാണ് ഇവാന്‍ ഇല്ലിയിച്ച് ഇവിടെ നടത്തുന്നത്. ഇടിമുറികളും നടയടികളും ഒക്കെയുള്ള വിദ്യാലയങ്ങളെ കുറിച്ച് മാത്രമല്ല നാം ചര്‍ച്ച ചെയ്യുന്നത്. മറിച്ച് സാധാരണ കെ.ജി വിദ്യാലയങ്ങള്‍ തൊട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വരെ ഈ വിശകലനം ബാധകമാണെന്നതാണ് സത്യം. ചില കാര്യങ്ങളിലെങ്കിലും നമ്മുടെ ജയിലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം അവിടുത്തെ തടവുകാര്‍ക്ക് (വിദ്യാലയങ്ങളിലെ തടവുകാര്‍ അവിടുത്തെ വിദ്യാര്‍ഥികള്‍ ആണ്) നല്‍കുന്നുണ്ടെന്നത് തികച്ചും യാദൃശ്ചികമാണെന്ന് തോന്നുമെങ്കിലും അത് ഈ അവസരത്തില്‍ ഏറെ പ്രസക്തമായി മാറുകയാണ്.

1. ചുറ്റുമതില്‍ (Compound Wall)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

2. പടിവാതില്‍ (Gate)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

3. പ്രവേശനരേഖ (Admission Register)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

4. സമയനിഷ്ഠയ പട്ടിക (Time Table)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

5. ഹാജര്‍ പട്ടിക (Admission Register)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

6. സമയനിഷ്ഠ പാലിക്കാനുള്ള മണി (Bell)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

7. ബെല്ലിനാല്‍ തിരിച്ച സമയ ദൈര്‍ഘ്യം (Periods)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

8. മേലധികാരികളെ അനുസരിക്കല്‍ (Obedience to Authority)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

9. അനുസരണക്കേടിനുള്ള മരുന്നുകള്‍ (Corrective Measures for Disobedience)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

10. ശിക്ഷിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ (Tool, Implement for Punishments)

എ. ചൂരല്‍ (Cane)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

ബി. തെറി (Abuse)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

സി. ശാരീരിക പീഠനം (Physical Torture)

വിദ്യാലയം: ഉണ്ട്

ജയില്‍: ഉണ്ട്

ഡി. ആവര്‍ത്തന ശിക്ഷ (Imposition)

വിദ്യാലയം: ഉണ്ട്.

ജയില്‍: ഉണ്ട്

ഇ. ബഹിഷ്ക്കരണം (Isolation)

വിദ്യാലയം:പുറത്താക്കല്‍.

ജയില്‍: ഏകാന്തതടവ്

11. അധികാരികളോട് വേണ്ടതായ മനോഭാവം (Attitude Towards Authority)

വിദ്യാലയം: പൂര്‍ണ്ണ വിധേയത്വം.

ജയില്‍: പൂര്‍ണ്ണ വിധേയത്വം

12. അധികാരികളോട് തെറ്റിനോടുള്ള പ്രതികരണം (Disirable Attitude Towards Errors of Authority)

വിദ്യാലയം: പൂര്‍ണ്ണ വിധേയത്വം.

ജയില്‍: പൂര്‍ണ്ണ വിധേയത്വം

13. പ്രാഥമിക ശാരീരിക ചലനങ്ങല്‍ക്കുള്ള സ്വാതന്ത്ര്യം- ഇരിക്കല്‍, നില്‍ക്കല്‍, തിരിയല്‍, മറിയല്‍ (Freedom for Basic Body Movements)

വിദ്യാലയം: കുറവ്.

ജയില്‍: താരതമ്യേന കൂടുതല്‍ (സെല്ലില്‍ തടവുകാരന് എന്തിനും സ്വാതന്ത്ര്യം ഉണ്ട്)

14. അധികാരികള്‍ ഇഷ്ടപ്പെടാത്ത വികാര പ്രകടനം (Disliking Expression)

വിദ്യാലയം: പാടില്ല

ജയില്‍: പാടില്ല

15. ഭാഷ (Language)

വിദ്യാലയം: തരതമ്യേന പരിഷ്കൃതം

ജയില്‍: അപരിഷ്കൃതം

16. ഭരണാധികാരിയുടെ പേര് (Name of The Head)

വിദ്യാലയം: ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍

ജയില്‍: ജയില്‍ സൂപ്രണ്ട്

17. വിസര്‍ജ്ജന (മല-മൂത്ര-കഫ) സ്വാതന്ത്ര്യം

വിദ്യാലയം: പരിമിതം

ജയില്‍: സ്വാതന്ത്ര്യം കൂടുതല്‍ (സെല്ലില്‍ ആരോടും അനുമതി വാങ്ങാതെ ഇതെല്ലാം നിര്‍വ്വഹിക്കാം)

18. വിടുതല്‍ രേഖയുടെ പേര് (Certificate)

വിദ്യാലയം: വിടുതല്‍ രേഖ (Transfer Certificate)

ജയില്‍: വിടുതല്‍ രേഖ (Discharge Certificate)

ഞാന്‍ ഈ കുറിപ്പിവിടെ അവസാനിപ്പിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം, ഉള്ളടക്കം, പരിപാടി എന്നിവയെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ ബോധത്തിലൂന്നികൊണ്ടുള്ള പരിശോധന അനിവാര്യമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വിദ്യാഭ്യാസം എന്നത് കേവലം വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനമാണെന്ന ധാരണക്ക് മാറ്റം വരുത്താന്‍ കഴിയണം. രക്ഷിതാവും കുട്ടിയും മാനേജേമെന്‍റും നടത്തുന്ന സ്വകാര്യ പരിപാടിയല്ല വിദ്യാഭ്യാസം. അതിന് സാമൂഹ്യമായ ഇച്ഛയും അതിലൂന്നിയുള്ള ആവശ്യകതയും പരിപാടിയും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയുണ്ടാകുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ സമൂഹത്തിന് മുഖ്യ പങ്കാളിത്തം ഉണ്ടാകും. സമൂഹവും ഭരണകൂടവും അവിടുത്തെ വരും തലമുറയെ വാര്‍ത്തെടുക്കാനുള്ള വിദ്യാഭ്യാസത്തിനാവശ്യമായ വിഭവം കണ്ടെത്തും. വിദ്യാഭ്യാസം പരിപൂര്‍ണ്ണമായും ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമായി മാറുന്പോള്‍ മാത്രമേ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വന്തം സമൂഹത്തിനായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും ഉണ്ടാകുകയുള്ളു.

ചരിത്രം അതാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പുരാതന നളന്ദ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ ചുറ്റിലുമുള്ള 200-ല്‍പരം ഗ്രാമങ്ങളിലെ മുഴുവന്‍ സമ്പത്തും വരുമാനവും അന്നത്തെ ഭരണകൂടം അനുവദിച്ച് നല്‍കിയിരുന്നുവെന്നത് ഈ അവസരത്തില്‍ കൗതുകമായി തോന്നാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അന്നും ഇന്നും രാഷ്ട്രം വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്തം നിറവേറ്റുന്നതിന്‍റെ ചരിത്രം കാണാന്‍ കഴിയും. വിദ്യാഭ്യാസത്തില്‍ അത്തരം രാഷ്ട്രീയ നിലപാടുകള്‍ നാം എടുക്കുന്ന കാലത്ത് മാത്രമേ ജയിലുകള്‍ക്ക് സമാനമായ ക്ലാസ്മുറികളും ജയിലറേക്കാള്‍ പേടിക്കുന്ന അധ്യാപകരും വിദ്യാലയങ്ങളിലെ ഇടിമുറികളും ഇല്ലാതാവുകയുള്ളു. അതുവഴി മാത്രമെ സാമൂഹ്യ ജ്ഞാനനിനര്‍മ്മാണവും വിമര്‍ശനാത്മക ബോധനവും സര്‍ഗ്ഗാത്മക വിദ്യാഭ്യാസവും എല്ലാം നമുക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളു. അതിനായുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആര് മുന്‍കൈയ്യെടുക്കും എന്നതാണ് ഇവിടെ ഉയരുന്ന അടിസ്ഥാന പ്രശ്നം.

(അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories