TopTop
Begin typing your search above and press return to search.

സ്ത്രീകള്‍ക്ക് സ്വശരീരത്തിന്മേല്‍ പൂര്‍ണാവകാശം ഉണ്ടാകണം; ഗര്‍ഭച്ഛിദ്രത്തിനടക്കം

സ്ത്രീകള്‍ക്ക് സ്വശരീരത്തിന്മേല്‍ പൂര്‍ണാവകാശം ഉണ്ടാകണം; ഗര്‍ഭച്ഛിദ്രത്തിനടക്കം
ഒരു സ്ത്രീക്ക് അവരുടെ 26 ആഴ്ച്ച പ്രായമുള്ള, ഗര്‍ഭസ്ഥശിശുവിന് ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച, ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന സുപ്രീം കോടതി വിധി സ്ത്രീകള്‍ക്കനുകൂലമായ പുരോഗമനപരമായ വിധിയില്‍ നിന്നുള്ള പിന്‍മടക്കമാണ്. Anencephaly ബാധിച്ച- തലച്ചോര്‍, തലയോട്ടി, തലയോട് എന്നിവ ഭാഗികമായി ഇല്ലാതെ കുട്ടി ജനിക്കുന്ന അവസ്ഥ- 24 ആഴ്ച്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ആ വിധി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭ്രൂണവളര്‍ച്ച 20 ആഴ്ച്ച എന്ന പരിധിയില്‍ ഇളവ് നല്കിയായിരുന്നു ഇത്. ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ക്ക്-പരന്ന മുഖത്തോടുകൂടിയാണ് അത്തരം കുട്ടികള്‍ കാണപ്പെടുക- ജീവിതകാലം മുഴുവന്‍ ചെറുതും വലുതുമായ ശേഷിക്കുറവുകളും വൈകല്യങ്ങളും അനുഭവപ്പെടും. തലച്ചോറിന്റെ വൈകല്യം, ശാരീരിക വളര്‍ച്ചയിലെ പ്രശ്നങ്ങള്‍, ഹൃദ്രോഗം, ഉറക്കപ്രശ്നം, അല്‍ഷിമേഴ്സ് രോഗം എന്നിവ ഇവയില്‍ ചിലതാണ്.

അമ്മയുടെ ജീവനോ, ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന് ഭീഷണിയൊ ആണെങ്കിലോ, ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഉണ്ടെങ്കിലോ, 20 ആഴ്ച്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കുന്നതാണ് ഇന്ത്യയിലെ Medical Termination of Pregnancy നിയമം (MTP). പക്ഷേ നിരവധി സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. കാരണം അവര്‍ക്ക് ആരുടെയടുത്ത് പോകണം, ഇത് ചെയ്തുകൊടുക്കാന്‍ അനുമതിയുള്ളത് ആര്‍ക്ക് എന്നതിനെക്കുറിച്ചൊന്നും അറിയില്ല. ഗര്‍ഭച്ഛിദ്ര നിയമത്തിന്റെ പരിമിതികള്‍ മനസിലാക്കിക്കൊണ്ട് നിയമപരമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ച്ചയാക്കി ഉയര്‍ത്തി ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. പുതിയ ഭേദഗതികളില്‍ ഗര്‍ഭസ്ഥ ശിശുവിന് “ഗണ്യമായ തോതില്‍ ഭ്രൂണ വൈകല്യങ്ങള്‍’ ഉണ്ടെങ്കില്‍ അലസിപ്പിക്കാനുള്ള ഉയര്‍ന്ന കാലപരിധി എത്രയാണെന്ന് പറഞ്ഞിട്ടില്ല.

ബില്‍ പാര്‍ലമെന്‍റ്  നിയമമാക്കിയതിന് ശേഷം ഉണ്ടാക്കുന്ന ചട്ടങ്ങളില്‍ അതിനിയും നിശ്ചയിക്കണം. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നിര്‍ദ്ദിഷ്ട ഭേദഗതികള്‍ അനുമതിക്കായി മന്ത്രിസഭയുടെ പരിഗണനയിലാണ്. ഡൌണ്‍ സിന്‍ഡ്രോം ഇത്തരത്തില്‍ ‘substantial foetal abnormality’ വിഭാഗത്തില്‍പ്പെടുമോ എന്നു വ്യക്തമല്ല. പക്ഷേ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഒരു വൈദ്യപരമായ ഒന്നുപോലെ ഒരു അവകാശപ്രശ്നം കൂടിയാണ്. ആവശ്യമില്ലാതെ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കും, ശാരീരിക വൈകല്യത്തോടുകൂടി ജനിക്കുന്ന കുട്ടികള്‍ക്കും ഒരുതരത്തിലുള്ള സര്‍ക്കാര്‍ സഹായവും കിട്ടുന്നില്ല. ജീവിതകാലം മുഴുവന്‍ അവരുടെ മാതാപിതാക്കള്‍ അവരെ സംരക്ഷിക്കേണ്ടിവരുന്നു; മിക്കപ്പോഴും അമ്മ തന്നെ.

തന്റെ ജീവിതത്തെയും ശരീരത്തെയും സംബന്ധിച്ചു സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാകണം. ഇന്ത്യയില്‍ ഈ വിഷയം സദാചാര പൊലീസുകാര്‍ തട്ടിയെടുക്കാതെ നോക്കുകയും വേണം. ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീകള്‍ മറ്റുവഴി കണ്ടെത്തുകയും അവ മിക്കപ്പോഴും അവരുടെ ജീവനുതന്നെ അപകടകരമായ രീതിയിലുള്ളതായി മാറുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണെന്ന അറിവ് പോലും വളരെ കുറവാണ്. 15-24 പ്രായത്തിലുള്ളവര്‍ക്കിടയ്ക്ക് ബിഹാറില്‍ 36%, ഝാര്‍ഖണ്ട്-12%, എന്നിങ്ങനെയാണത്. സ്ത്രീകള്‍ വൈകി മാത്രം ഇതിനായുള്ള സേവനങ്ങള്‍ക്കായി എത്താന്‍ ഒരു കാരണം ഇതാണ്.

ഇന്ത്യയില്‍ ഓരോ ദിവസവും സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം മൂലം 10 സ്ത്രീകളെങ്കിലും മരിക്കുന്നുണ്ട്. ഇന്ത്യയിലെ മാതൃ മരണങ്ങളില്‍ 8% സംഭവിക്കുന്നത് സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം മൂലമാണ്. രാജ്യത്തു പ്രസവവുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് മൂന്നാമത്തെ വലിയ കാരണം ഇതാണ്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിനുമേല്‍ അധികാരം നല്‍കുന്ന ശക്തമായ നിയമങ്ങള്‍ക്കും വൈദ്യ സേവനങ്ങള്‍ക്കും പതിനായിരക്കണക്കിന് വരുന്ന ഇത്തരം മരണങ്ങള്‍ തടയാന്‍ കഴിയും.


Next Story

Related Stories