TopTop
Begin typing your search above and press return to search.

മുല്ലക്കരയെ കുറിച്ചു മാത്രമല്ല, ബിജിമോളെ മാറ്റി നിര്‍ത്തിയതിനെ കുറിച്ചും എന്തെങ്കിലും പറയണം

മുല്ലക്കരയെ കുറിച്ചു മാത്രമല്ല, ബിജിമോളെ മാറ്റി നിര്‍ത്തിയതിനെ കുറിച്ചും എന്തെങ്കിലും പറയണം

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പതിനാലാം നിയമസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശം ധാരണയായിക്കഴിഞ്ഞു. സിപിഐഎം പൊട്ടലും ചീറ്റലും ഒന്നും ഇല്ലാതെ അവരുടെ മന്ത്രിമാരെ പ്രഖ്യാപിച്ചു. വിഎസ് വക കലാപക്കൊടി പ്രതീക്ഷിച്ചിരുന്നവരൊക്കെ നിരാശരായി. കഴിഞ്ഞ ഇടത് മന്ത്രിസഭയിലേത് പോലെ അതാത് മേഖലകളില്‍ പയറ്റിത്തെളിഞ്ഞവരെത്തന്നെ ഇപ്രാവശ്യവും സിപിഐഎം രംഗത്തിറക്കി. സിപിഐഎംന്റെ വക രണ്ടു വനിത മന്ത്രിമാരാണ് ഇത്തവണ സഭയില്‍ ഉണ്ടാകുക. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ സിപിഐയുടെ പട്ടികയില്‍ വനിതാ മന്ത്രിമാര്‍ ഇല്ല എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

എട്ടു വനിതകളെ വിജയിപ്പിച്ചു സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞ ഇടതു മുന്നണിയില്‍ രണ്ടു മന്ത്രി സ്ഥാനം മാത്രമാണ് സ്ത്രീകള്‍ക്കായി മാറ്റി വെച്ചിട്ടുള്ളത്‌. അതു രണ്ടും സിപിഐഎമ്മിന്റെ പക്കല്‍ നിന്നുമാണ്. എന്തുകൊണ്ട് ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയും, സഭയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയുമായ സിപിഐ വനിതകള്‍ക്ക് ഒരു മന്ത്രി സ്ഥാനം പോലും കരുതി വെച്ചില്ല?

ഇഎസ് ബിജിമോളും, ഗീതാ ഗോപിയും, സികെ ആശയുമാണ് സിപിഐയുടെതായി നിയമസഭയില്‍ എത്തിയ വനിതകള്‍. ഇതില്‍ ബിജിമോളും ഗീതാ ഗോപിയും രണ്ടാംവട്ടമാണ് സഭയില്‍. രണ്ടു ടേം മന്ത്രിയായവര്‍ക്ക് മാത്രമേ സ്ഥാനം നല്‍കേണ്ടതില്ല എന്ന് പാര്‍ടി തീരുമാനിച്ചിട്ടുള്ളൂ. രണ്ടു തവണ എംഎല്‍എ ആയവര്‍ക്ക് നല്‍കേണ്ടതില്ല എന്നില്ല. സി കെ ആശ പുതുമുഖമാണ് അതുകൊണ്ട് മാറ്റിനിര്‍ത്താം ബിജിമോളും ഗീതാഗോപിയും പുതുമുഖങ്ങള്‍ അല്ല.

പീരുമേട് പോലൊരു മണ്ഡലത്തില്‍ നിന്നും ബിജിമോള്‍ പൊരുതി ജയിച്ചുവന്ന രാഷ്ട്രീയ സാഹചര്യം നോക്കുമ്പോള്‍ എന്തുകൊണ്ടും മന്ത്രിയാക്കേണ്ട നേതാവാണ് ബിജിമോള്‍. കാരണം പാര്‍ട്ടി വോട്ടുകള്‍ കൊണ്ട് മാത്രമല്ല ബിജിമോള്‍ മണ്ഡലത്തില്‍ ജയിച്ചു കയറിയത്, അവരുടെ വ്യക്തിസ്വാധീനം കൊണ്ട് കൂടിയാണ്.തോട്ടം മേഖല ഒന്നടങ്കം ബിജിമോള്‍ക്ക് വോട്ടു കുത്തിയത് ബിജിമോള്‍ മന്ത്രിയാകും, തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നുള്ള വിശ്വാസത്തിലാണ്. സ്ത്രീസ്വാതന്ത്ര്യം മുറുകെ പിടിക്കുന്ന പ്രത്യയശാസ്ത്രം പിന്‍തുടരുന്ന ഒരു സംഘടന തങ്ങളുടെ നിയമസഭയിലേക്കുള്ള മന്ത്രിമാരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താതിരിക്കുക, അതും കഴിവും, പക്വതയും ഉള്ള സ്ത്രീകള്‍ ജയിച്ചുവന്നിട്ട് പോലും ഗൌനിക്കതിരിക്കുക, ഇതിലെത്രമാത്രം ശരിയുണ്ടെന്ന് സി പി ഐ ചിന്തിക്കേണ്ടിയിരിക്കുന്നു.

മന്ത്രിമാരാകേണ്ട എന്ന നേതൃത്വത്തിന്റെ തീരുമാനം അറിയിച്ചതോടെ വലിയ കലാപങ്ങള്‍ക്ക് ഇടനല്‍കാതെ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും, മുല്ലക്കര രത്നാകരനും കളമൊഴിഞ്ഞു കഴിഞ്ഞു. തനിക്ക് മന്ത്രി സ്ഥാനം കിട്ടിയേ തീരു എന്ന് മുല്ലക്കര രത്നാകരന്‍ കടും പിടുത്തം പിടിച്ചാല്‍ പാര്‍ടിക്ക് സമ്മതിക്കതിരിക്കാന്‍ കഴിയില്ല. എന്നാല്‍ മുല്ലക്കര രത്നാകരന്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു എന്ന തരത്തിലാണ് തന്റെ ആദ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളത്. അപ്പോള്‍ സ്ഥാന മോഹമല്ല പ്രശ്നം. നാല് മന്ത്രി സ്ഥാനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചത് അതില്‍ കഴിവുള്ള ആളുകളെ നിയമിക്കണം എന്നാണോ ഉത്തരമായി പറയാന്‍ പോകുന്നത്? ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം ഉണ്ടായിരുന്നല്ലോ? എന്തെ അത് ഒരു വനിതയ്ക്ക് കൊടുത്തില്ല?

ചരിത്രമെടുത്തു പരിശോധിച്ചാല്‍ പിളര്‍പ്പിനു ശേഷം ഉള്ള മന്ത്രി സഭയില്‍ ഒന്നും തന്നെ ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ടി വനിതകള്‍ക്ക് വേണ്ട വിധം പ്രാധാന്യം നല്‍കിയിട്ടില്ല എന്നു കാണാം.

ദേശിയ തലത്തില്‍ സി പി ഐ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ കൂടി സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം ഉയര്‍ന്നു വരില്ലായിരുന്നു. ആനി രാജ അടക്കമുള്ള നേതാക്കള്‍ ദേശിയ തലത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ വക്താക്കള്‍ എന്നാണ് അറിയപ്പെടുന്നത്. നിര്‍ഭയ സംഭവത്തിലും മറ്റും അവര്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ മൂല്യങ്ങള്‍ അപ്പാടെ സ്വീകരിക്കാന്‍ കേരളത്തിലെ കമ്യുണിസ്റ്റ് പാര്ടിയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് വേണം ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാന്‍. അല്ലെങ്കില്‍ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞു ബിജിമോളെയും,ഗീതാ ഗോപിയേയും ഒഴിവാക്കില്ലായിരുന്നു.


Next Story

Related Stories