UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടെ ചാക്ക് രാധാകൃഷ്ണന്‍മാരുണ്ട്, ഡല്‍ഹിയില്‍ മോദിയും; കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല പിണറായിക്ക്

Avatar

കെ എ ആന്റണി

അധികാരത്തിലേക്കുള്ള വഴി ഒരു അര്‍ത്ഥത്തില്‍ പിണറായി വിജയനും ഇടതുപക്ഷത്തിനും അത്ര ദുഷ്‌കരമൊന്നുമായിരുന്നില്ല. 91 സീറ്റിന്റെ തിളക്കമാര്‍ന്ന വിജയം. ഒന്നിലേറെ സീറ്റുകളില്‍ കപ്പിനും ചുണ്ടിനും ഇടയിലുള്ള വിജയ നഷ്ടം. ഇത്ര കനത്ത വിജയം സമ്മാനിച്ചത് വോട്ടര്‍മാരാണെങ്കിലും അവരെ കൊണ്ട് അത് ചെയ്യിച്ചത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം ഉളവാക്കിയ മനംപിരട്ടലാണ്.

സീറ്റിന്റെ എണ്ണത്തില്‍ മതിമറന്ന് എന്തും കാണിച്ചുകൂട്ടാമെന്ന് പിണറായി വിജയന്റെ സര്‍ക്കാര്‍ കരുതാന്‍ ഇടയില്ല. അങ്ങനെ സംഭവിച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഗതി തങ്ങള്‍ക്കും വന്നു ചേരുമെന്ന് പിണറായിക്കും കൂട്ടര്‍ക്കും നന്നായി അറിയാം. എങ്കിലും അഴിമതിയില്‍ നീരാടിയ ഒരു സര്‍ക്കാരിനെ താഴെയിറക്കി ഭരണം മറ്റൊരു കൂട്ടരെ ഏല്‍പ്പിക്കുമ്പോള്‍ ഒരു ജനത ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടിയ തെറ്റുകുറ്റങ്ങള്‍ അവ ആ സര്‍ക്കാരിനോട് ഉണ്ടാക്കിയ അവമതിപ്പ്. ഇവയൊക്കെ കരുതലോടെ ഓര്‍മ്മയില്‍ സൂക്ഷിച്ചു വച്ചു തന്നെ വേണം കൃഷ്ണപിള്ളയുടേയും എകെജിയുടേയും ഇഎംഎസിന്റേയുമൊക്കെ പിന്തുടര്‍ച്ചക്കാര്‍ മുന്നോട്ടു നീങ്ങേണ്ടത്. ഒരു ജനത കാത്തിരിക്കുന്നതും അത്തരത്തിലുള്ള ജാഗ്രത നിറഞ്ഞ ഒരു ഭരണത്തേയാണ്.

ഓരോ നീക്കവും കരുതലോടെയാകണമെന്ന സന്ദേശം തലമുതിര്‍ന്ന സഖാവ് വി എസ് നല്‍കി കഴിഞ്ഞു. പരാജയം ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേട് ജനത്തിന് വരുത്തരുതെന്നാണ് വിഎസിന്റെ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പില്‍ ഒരു ഭീഷണി നിഴലിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ പാര്‍ട്ടിയേയും മുന്നണിയേയും വിജയിപ്പിച്ച താന്‍ തന്നെ കളത്തിലിറങ്ങുമെന്ന മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിനേയും കെ പി സി സിയുടേയും ബിജെപിയുടേയും സംസ്ഥാന അധ്യക്ഷന്‍മാരെക്കാളേറെ പിണറായി സര്‍ക്കാര്‍ ഭയക്കേണ്ടത് വിഎസിനെ തന്നെയാണ്. എവിടെയെങ്കിലും ഒരു പതര്‍ച്ച കണ്ടാല്‍ വിഎസ് ചാടി വീഴുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.


മുഖ്യഉപദേഷ്ടാവായി ഒരു മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പ്രതിഷ്ഠിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഇത്. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞത് വെറും പൊയ് വാക്കായിരുന്നുവെന്ന് അറിയാന്‍ അധിക നാള്‍ വേണ്ടി വരില്ല. എങ്കിലും വിഎസിന്റെ പഴയ കാല ശിഷ്യനായ പിണറായി തനിക്കും മുന്നണിക്കും വിജയ വീഥിയൊരുക്കിയ ആ വലിയ മനുഷ്യനെ തീര്‍ത്തും തള്ളിക്കളയാന്‍ ഇടയില്ല. ഇതിന്റെ സൂചന തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് വിഎസിന്റെ കന്റോണ്‍മെന്റ് ഹൗസിലേക്കുള്ള മുന്നറിയിപ്പില്ലാത്ത ആദ്യ യാത്രയും.

ഇതാദ്യമായല്ല ജനങ്ങള്‍ക്ക് കാവലാളായി ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുണ്ടാകുന്നത്. 1957-ല്‍ ബാലറ്റിലൂടെ കേരളത്തില്‍ ചരിത്രമെഴുതി അധികാരത്തില്‍ വന്ന ഇഎംഎസ് പിന്നീട് ഒരിക്കല്‍ ഉപദേശക സ്ഥാനം വഹിക്കുന്നത് കേരളം കണ്ടതാണ്. അതിന്റെ പേരില്‍ സിപിഐഎമ്മിലുണ്ടായ കുശുമ്പും കുന്നായ്മയും പാര്‍ട്ടിയെ പിളര്‍പ്പുകളിലേക്ക് നയിച്ചതും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം. 1986-ല്‍ എംവിആര്‍, പിന്നെ ഗൗരിയമ്മ. വര്‍ഷങ്ങള്‍ക്കുശേഷം അറ്റുപോയ കണ്ണികളെ വിളക്കിച്ചേര്‍ത്തു കൊണ്ടാണ് പിണറായി ഗൗരിയമ്മയേയും എംവിആര്‍ പുത്രന്‍ എംവി നികേഷ് കുമാറിനേയും പഴയ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗത്തേയും കൂടെ നിര്‍ത്തുന്നതും.

എന്നാല്‍ ഇതുകൊണ്ടൊന്നും ജനമാഗ്രഹിക്കുന്ന ഒരു സര്‍ക്കാരിനെ കൊണ്ടു നടക്കാന്‍ കഴിയണമെന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരെ മാത്രമല്ല ഘടകകക്ഷി മന്ത്രിമാരേയും കൃത്യമായി കൊണ്ടു നടക്കേണ്ടതുണ്ട്. ഇക്കാര്യം എത്ര ഫലവത്തായി നടപ്പിലാക്കാന്‍ കഴിയും എന്നിടത്തായിരിക്കും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ ജയപരാജയങ്ങള്‍ രേഖപ്പെടുത്തപ്പെടുക.

കേരളത്തില്‍ ഇനിയും ജിഷമാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന പ്രഖ്യാപനമാണ് പോളിങ് ദിനത്തില്‍ പിണറായി നടത്തിയത്. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഏത് വിധത്തിലാണ് ഇടപെടുന്നത് എന്ന് അറിയാന്‍ കേരളം മാത്രമല്ല സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിലുള്ളവരും കാത്തിരിക്കുന്നു. ജിഷയുടെ കൊലപാതകി(കളെ) നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് അപ്പുറം സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം കൂടി അധികാരത്തിലേറ്റിയ ജനം പ്രതീക്ഷിക്കുന്നുണ്ട്. പെണ്ണിന്റെ കാര്യത്തിലെന്ന പോലെ തന്നെ മണ്ണിന്റെ കാര്യത്തിലുമുണ്ട് ജനത്തിന് ഏറെ ഉല്‍ക്കണ്ഠ. ഇക്കാര്യത്തില്‍ ഒരു സിപഐഎം സര്‍ക്കാരിനെ അതും പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ എത്ര കണ്ട് നമ്പാനാകുമെന്ന ആശങ്ക ജനം പങ്കുവയ്ക്കുന്നത് ഒരു പക്ഷേ, മുന്‍മന്ത്രി എളമരം കരീം കൂടി ഉള്‍പ്പെട്ട ഒരു ഖനനകേസുമായി ബന്ധപ്പെട്ടാണ്. അത്തരം അപചയങ്ങള്‍ ഉണ്ടാകില്ലെന്ന തീര്‍ച്ച ജനത്തിന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഭൂമിക്കച്ചവടങ്ങളെ മറയാക്കി അധികാരത്തിലെത്തിയവര്‍ ചാക്ക് രാധാകൃഷ്ണന്റേയും വന്‍കിട ഭൂമാഫിയയുടേയും പിടിയില്‍ അമരാതെ ഇരിക്കാന്‍ എത്ര കണ്ട് പുതിയ സര്‍ക്കാര്‍ ജാഗ്രത കാണിക്കും എന്നതാണ് ജനം കാത്തിരിക്കുന്നത്.

വാഗ്ദാന പെരുമഴയുമായാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ഈ വാഗ്ദാനങ്ങള്‍ എത്ര കണ്ട് പാലിക്കാനാകും എന്നതും ജനം കാത്തിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം വളര്‍ന്നുവരുന്ന തൊഴില്‍ രാഹിത്യം പോലെ തന്നെ വളരെ ഗൗരവതരമാണ്. തെരഞ്ഞെടുപ്പിന് മുമ്പും തൊട്ടുപിന്നാലെയും അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തന്നെയാകും ആഭ്യന്തരം കൂടി കൈയാളുന്ന മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ എതിരാളികള്‍ കച്ചകെട്ടി നില്‍ക്കുന്നുണ്ട്. പ്രകോപനങ്ങളില്‍ വീഴുകയും അടിച്ചമര്‍ത്തല്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്താല്‍ 57-ലെ ഇഎംഎസ് സര്‍ക്കാരിന്റെ ദുര്‍വിധി തന്നെയാകും പിണറായി സര്‍ക്കാരിനും സംഭവിക്കുക. ഇഎംഎസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 58-ല്‍ അരങ്ങേറിയ വിമോചന സമരത്തെ സൂചിപ്പിക്കും വിധമാണ് ബിജെപിയും ആര്‍ എസ് എസും കരുക്കള്‍ നീക്കുന്നത്. ഡല്‍ഹിയില്‍ എകെജി ഭവനിലേക്ക് നടന്ന മാര്‍ച്ചും രാഷ്ട്രപതിയെ കാണലുമൊക്കെ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍