UPDATES

ട്രെന്‍ഡിങ്ങ്

താമരപ്പൂവിന് റോസാപ്പൂവിനേക്കാള്‍ ഗാംഭീര്യം; മാണിസാറിന്റെ പൂ സിദ്ധാന്തം

പ്രതീകാത്മക സൌരഭ്യം കൊണ്ട് ഗാംഭീര്യമാര്‍ന്നതായിരുന്നു ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കാന്‍ ബിജെപി നടത്തിയ ചടങ്ങ്

താമരപ്പൂവിന് റോസാപ്പൂവിനേക്കാള്‍ ഗാംഭീര്യമുണ്ടെന്ന് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണിയുടെ കണ്ടുപിടുത്തം. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലയാള മനോരമയാണ്. കുറച്ചു കാലമായി ആന്തോളജിയില്‍ (Study of Flowers) അന്തംവിട്ട് ഗവേഷണം നടത്തുകയായിരുന്നത് കൊണ്ടാണ് പുറം ലോകത്തൊന്നും കെ എം മാണിയെ കാണാതിരുന്നത്. അങ്ങനെ ആ കണ്ടുപിടുത്തം മാണിസാര്‍ അനുയോജ്യമായ വേദിയില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പോലീത്തയെ ആദരിക്കാനായി ബിജെപി ന്യൂനപക്ഷമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം.

പക്ഷേ പണ്ട് ബ്രിട്ടിഷ് സഭയില്‍ എഴുതി അവതരിപ്പിച്ച അധ്വാന വര്‍ഗ്ഗ സിദ്ധാന്ത പ്രസംഗം പോലെ ഒന്നായിരുന്നില്ല ഇത്. പ്രസംഗത്തിനിടെ കാഷ്വലായി അങ്ങ് പറയുകയായിരുന്നു. “പല ചടങ്ങുകള്‍ക്കും ഇതുവരെ റോസാപ്പൂക്കളാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ താമരപ്പൂ ലഭിച്ചതിനെ പ്രത്യേകമായാണ് കാണുന്നത്.” കെ എം മാണി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും പ്രതീകാത്മക സൌരഭ്യം കൊണ്ട് ഗാംഭീര്യമാര്‍ന്നതായിരുന്നു ബിജെപിയുടെ ആദരിക്കല്‍ ചടങ്ങ്. നൂറിന്റെ നിറവില്‍ ‘ആദരിക്കപ്പെട്ട ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്ക് 101 റോസാപ്പൂക്കള്‍ നല്കിയപ്പോള്‍ കെ എം മാണിക്ക് വേണ്ടി സംഘാടകര്‍ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്ക പ്രത്യേകം കരുതിവെച്ചതായി’ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയെ കുറിച്ചുള്ള അറിയിപ്പ് മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കിലും കെ എം മാണി പങ്കെടുക്കുന്ന കാര്യം മാധ്യമങ്ങളില്‍ നിന്നും മറച്ചു വെച്ചു എന്ന വിവരവും മാതൃഭൂമിയില്‍ ഉണ്ട്. മാണി വരുമോ എന്നറിയാത്തതുകൊണ്ടാണ് ഈ വിവരം അറിയിക്കാതിരുന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.

വീണു കിട്ടിയ അവസരം മുതലാക്കാന്‍ ചോദ്യങ്ങളുമായെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കവിയെ പോലെ മാണി ഇങ്ങനെ മൊഴിഞ്ഞു, “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം”. ഇതാണ് ഞാന്‍ നേരെത്തെ പറഞ്ഞ പ്രതീകാത്മമക സൌന്ദര്യം. ഒടുവില്‍ ബിജെപിയുടെ അകിടില്‍ പാലാണ് എന്നു മാണിസാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. റബ്ബര്‍ പാലല്ല, ഒറിജിനല്‍ പശുവിന്‍ പാല്‍. അതായത് ബിജെപി ഗോ മാതാവാണെന്ന് വ്യംഗ്യം. പക്ഷേ ഏറ്റവും ക്രൂരമായ ഉപമ മാധ്യമ പ്രവര്‍ത്തകരെ ആയിപ്പോയി. കേരളം മുഴുവന്‍ പനിച്ചു വിറക്കുമ്പോള്‍ നാട്ടുകാര്‍ കണ്ണില്‍പെട്ടാല്‍ തച്ചുകൊല്ലാന്‍ കാത്തിരിക്കുന്ന കൊതുകുകള്‍ ആണത്രെ മാധ്യമ പ്രവര്‍ത്തകര്‍. ഇത്രയ്ക്ക് വേണ്ടായിരുന്നു മാണി സാറെ. പക്ഷേ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ബാര്‍ കോഴ വിവാദകാലത്ത് ഈ മാധ്യമങ്ങളുടെ കടിയേറ്റ് ഡെങ്കി ബാധിച്ചത് പോലെയല്ലേ മാണിസാര്‍ തുള്ളി വിറച്ചത്.

എന്തായാലും കേരളത്തിലെ ബിജെപിക്കാര്‍ അമിത്ഷാജിയുടെ പദ്ധതി നടപ്പിലാക്കി തുടങ്ങിയിരിക്കുന്നു. ക്രിസോസ്റ്റം തിരുമേനിക്ക് ആദരം കൂട്ടത്തില്‍ മാണിസാര്‍ക്ക് ഫ്രീ ആയി ഒരു താമര ബൊക്കയും. അഞ്ചു മിനുറ്റ് നീണ്ട കെ എം മാണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയം കടന്നു വന്നില്ലെങ്കിലും വരാന്‍ പോകുന്ന ചില രാഷ്ട്രീയ കരണം മറിച്ചിലുകളുടെ സൂചനയായി വേറെ പണിയൊന്നും ഇല്ലാത്ത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല.

ബിജെപിയുടെ അടിയന്തിര ആവശ്യം വരാന്‍ പോകുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ്. കേരള കോണ്‍ഗ്രസ്സ് എമ്മിന് 6 എം എല്‍ എ മാരും രണ്ട് എം പിമാരുമാണുള്ളത്. ആകെ വോട്ട് മൂല്യം 2428. കോണ്‍ഗ്രസ്സിന്റെ കൂടി വോട്ടില്‍ മത്സരിച്ച് ജയിച്ചതാണ് എങ്കിലും കെ എം മാണിക്കും മകന്‍ ജോസ് കെ മാണിക്കും പഴയ മമത കോണ്‍ഗ്രസ്സിനോട് ഇല്ല. പക്ഷേ പിജെ ജോസഫും കൂട്ടരും തങ്ങളുടെ കൂടെ നില്‍ക്കും എന്ന കാര്യത്തില്‍ കെ മാണിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടാണ് ഈ വളഞ്ഞ വഴി. പിതാക്കന്മാരെ സ്വാധീനിക്കുക. അവരുടെ പ്രീതി പിടിച്ച് പറ്റുക. അമിത്ഷാജി കേരളത്തില്‍ വന്നപ്പോള്‍ ആദ്യം കണ്ടത് പിതാക്കന്മാരെയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ ആദരിക്കല്‍ ചടങ്ങും. പിതാക്കന്‍മാര്‍ എന്തെങ്കിലും ഒന്ന് കടുപ്പിച്ച് പറഞ്ഞാല്‍ അതിനെ ധിക്കരിച്ച് അഭിപ്രായം പറയാനുള്ള കരുത്തൊന്നും പിജെ ജോസഫിനും കൂട്ടര്‍ക്കില്ലെന്ന് ബിജെപിക്കും മാണിസാറിനും അറിയാം.

ഇതാണ് കെ എം മാണിയുടെ രണ്ടിലയ്ക്കിടയില്‍ വിരിയുന്ന താമരപ്പൂ സിദ്ധാന്തത്തിന്റെ കാമ്പ്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍