TopTop

മനുഷ്യത്വരഹിതമായ പിടിവാശി ഉപേക്ഷിക്കണം; മുഖ്യമന്ത്രിയോട് സാംസ്കാരിക പ്രവര്‍ത്തകര്‍

മനുഷ്യത്വരഹിതമായ പിടിവാശി ഉപേക്ഷിക്കണം; മുഖ്യമന്ത്രിയോട് സാംസ്കാരിക പ്രവര്‍ത്തകര്‍
മനുഷ്യത്വരഹിതമായ പിടിവാശി ഉപേക്ഷിച്ചു ജിഷ്ണുവിന്റെ അമ്മയുടെയും സഹോദരിയുടെയും ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസന്വേഷണത്തിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലും അറിഞ്ഞോ അറിയാതെയോ വന്നുചേര്‍ന്ന പിഴവുകള്‍ തിരുത്താനുള്ള സന്നദ്ധത തന്നെയാവണം ഒരു ജനാധിപത്യ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരുടേയും അറസ്റ്റിന് ഇനിയും കാലതാമസം ഉണ്ടായാല്‍ സ്വാശ്രയ ധനശക്തികള്‍ നിയമപാലനത്തെ സ്വാധീനിക്കുന്നുവെന്ന പൊതുജനസംശയത്തെ അത് ബലപ്പെടുത്തുമെന്നും സാംസ്കാരിക പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ജിഷ്ണുവിന്റെ കൊലയിലെ കുറ്റാരോപിതര്‍ ജാമ്യം നേടിയും അല്ലാതെയും സ്വതന്ത്രരായിരിക്കുന്ന നാട്ടില്‍ ജിഷ്ണുവിന്റെ ബന്ധുക്കളുടെ സമരത്തെ പിന്തുണച്ചവര്‍ ജാമ്യമില്ലാതെ ജയിലില്‍ കിടക്കുന്ന ഓരോ നിമിഷവും ഈ സര്‍ക്കാര്‍ ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകയാണെന്നത് മറക്കരുതെന്നും ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തെ പിന്തുണച്ച പൊതുപ്രവര്‍ത്തകരെ ഗൂഢാലോചന ആരോപിച്ച് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചത് ജനാധിപത്യക്രമത്തിന് നേരെയുള്ള ഭരണകൂട ആക്രമണമായി മാത്രമേ കരുതാനാകൂ എന്നും സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറയുന്നു.

ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം, തങ്ങള്‍ കയറൂരിവിട്ട സ്വാശ്രയ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഇരയാണ് ജിഷ്ണുവെന്ന വസ്തുതയെ അംഗീകരിക്കാന്‍ കേരളത്തിലെ ഭരണ - പ്രതിപക്ഷകക്ഷികള്‍ തയ്യാറാകണം ജിഷ്ണുവിനുള്ള നീതി ആ തെറ്റ് ആവും വിധം തിരുത്തിക്കൊണ്ട് കൂടിയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇടിമുറികളും ഗുണ്ടാസംഘങ്ങളും നിറഞ്ഞ അധോലോകമായി അധഃപതിച്ച സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ വിദ്യാര്‍ത്ഥി അക്കാദമിക് സൗഹൃദമായ ജനാധിപത്യ കേന്ദ്രങ്ങളായി വീണ്ടെടുക്കാന്‍ ഇനി വൈകിക്കൂടാ.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അടിമുടി ജനാധിപത്യവല്‍ക്കരിക്കാനും സാമൂഹ്യ നിയന്ത്രണത്തിലാക്കാനുമുള്ള സമഗ്രമായ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച് ഉടന്‍ തയ്യാറാകണമെന്നും പ്രസ്ഥാവനയിലൂടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

എം.ജി.എസ്സ് നാരായണന്‍, എന്‍.എസ്സ് മാധവന്‍, കെ.ജി. ശങ്കരപിള്ള, സാറാ ജോസഫ്, പ്രൊ.ബി. രാജീവ്, എം.എന്‍ കാരശ്ശേരി, ഡോ. ബാലമോഹന്‍ തമ്പി, കുരീപ്പുഴ ശ്രീകുമാര്‍, എന്‍. പ്രഭാകരന്‍, കല്‍പ്പറ്റ നാരായണന്‍, വി.ആര്‍ സുധീഷ്, പി. ഗീത, സന്തോഷ് എച്ചിക്കാനം, കെ. അജിത, സി.ആര്‍ പരമേശ്വരന്‍, മനോജ് കാന, എം.എ റഹ്മാന്‍, വീരാന്‍ കുട്ടി, എം.എം സോമശേഖരന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ. ആസാദ്, കെ. സി ഉമേഷ്ബാബു, രാഘവന്‍ പയ്യനാട്, സതീഷ് കെ സതീഷ്, ടി.പി. രാജീവന്‍ എന്നിവരാണ് പ്രസ്ഥാവനയിലൂടെ ജിഷ്ണു കേസില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടത്.

Next Story

Related Stories