Top

കമ്മിറ്റി ചേരുന്നത് കുഴിമന്തി കഴിക്കാനല്ല; പി ജയരാജന്‍ വിഷയത്തില്‍ എം വി ജയരാജന്‍

കമ്മിറ്റി  ചേരുന്നത്  കുഴിമന്തി കഴിക്കാനല്ല; പി ജയരാജന്‍ വിഷയത്തില്‍ എം വി ജയരാജന്‍
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിപിഎം നടപടി എടുത്തു എന്നും ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുമുള്ള മാധ്യമ പ്രചരണത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ജയരാജന്‍ വിമര്‍ശണമുന്നയിച്ചത്. പൂര്‍ണ്ണരൂപം വായിക്കാം;

കുഴിമന്തി ബിരിയാണി കഴിക്കുന്നതിനായി കമ്മിറ്റി വിളിച്ചുചേർക്കുന്നവർ ഉണ്ടാകാം. എന്നാൽ സി.പി.ഐ.എമ്മിൽ അങ്ങനെയല്ല സ്ഥിതിയെന്ന് എതിരാളികൾപ്പോലും സമ്മതിക്കും. കൃത്യമായി കമ്മിറ്റികൾ ചേരുകയും അതുവരെയുള്ള ദൈനംദിന പ്രവർത്തനങ്ങളും പൊതുവിഷയങ്ങളും വിലയിരുത്തുകയും ചെയ്യുന്നതാണ് സി.പി.ഐ.എം രീതി. വിമർശനവും സ്വയം വിമർശനവും ഉൾപ്പാർട്ടി ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന സി.പി.ഐ.എം എന്നപാർടിയുടെ പ്രത്യേകതയാണ്. അവിടെ ആരും വിമർശനത്തിനതീതരല്ല. മാത്രമല്ല, സ്വയം വിമർശനം നടത്താത്ത കമ്യൂണിസ്റ്റുകാരൻ ഉണ്ടാവുകയുമില്ല. വിമർശനം നടത്തുന്നതാകട്ടെ ശത്രുതാ മനോഭവത്തോടെയും അല്ല. അതുകൊണ്ടുതന്നെയാണ് ജീവനുള്ളപാർടിയാണ് സി.പി.ഐ.എം എന്നുപറയുന്നത്.

സി.പി.ഐ.എം എന്താണെന്നറിയാത്തവരും പാർടിയെക്കുറിച്ച് അല്പധാരണയുള്ളവരുമായ ചില മാധ്യമങ്ങൾ പലതും പടച്ചുവിടുന്നുണ്ട്. വസ്തുതയാണ് വാർത്തയാക്കേണ്ടത്. എന്നാൽ 'സത്യത്തോട് പക്ഷം ചേരുന്നു' എന്ന് പരസ്യവാചകം നൽകിയ പത്രവും 'യഥാർത്ഥ മഞ്ഞപ്പത്രത്തിന്റെ ശക്തി'യാണ് തുറന്നുകാട്ടുന്നതെന്നത് പറയാതെവയ്യ. കള്ളം പ്രചരിപ്പിക്കുകയും അത് സത്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ കള്ളങ്ങൾ 'ഫോളോഅപ്പ് സ്റ്റോറി'കളാക്കുകയും ചെയ്യുന്നവർ ഗീബൽസിയൻ തന്ത്രക്കാർ തന്നെയെന്ന് തീർച്ചയായും പറയേണ്ടിവരും. അത്തരത്തിലൊന്നാണ് സ. പി ജയരാജനെതിരെ നൽകിയ വാർത്ത. കണ്ണൂർ ജില്ലാ സെക്രട്ടറി സ. പിജയരാജനെതിരെ പാർടി നടപടി സ്വീകരിച്ചു എന്നും സഖാവ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും വാർത്ത സൃഷ്ടിച്ചവർ, അത് വസ്തുതയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റും സ.പി ജയരാജനും വ്യക്തമാക്കിയ സാഹചര്യത്തിലെങ്കിലും തെറ്റായ വാർത്ത തിരുത്തണമായിരുന്നു. അതായിരുന്നു അന്തസ്സുറ്റ മാധ്യമ പ്രവർത്തനം. എന്നാൽ മലയാളത്തിലെ ഈ മാധ്യമങ്ങൾ സ്വീകരിച്ചത് അന്തസ്സറ്റ മാധ്യമപ്രവർത്തനമാണ്.
സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ മാധ്യമപ്രവർത്തകർ. അങ്ങനെവരുമ്പോൾ വിമർശനവും സ്വയം വിമർശനവും മാധ്യമപ്രവർത്തകരും നടത്തണം. അതൊരു നല്ലശീലമാണ്. എന്നാൽ തങ്ങൾക്ക് തെറ്റേ പറ്റില്ലെന്ന വാശിയാണ് പല മാധ്യമപ്രവർത്തകരും വച്ചുപുലർത്തുന്നത്. 'ബോധപൂർവം തെറ്റിദ്ധാരണപരത്തുന്ന മാധ്യമപ്രവർത്തനം ശരിയോ' എന്ന് ഒരു മുതിർന്ന മാധ്യമപ്രവർത്തകരും ചർച്ച ചെയ്യുന്നതും മാധ്യമ സ്ഥാപനത്തിന്റെ തീരുമാനമായി പ്രഖ്യാപിക്കുന്നതും നമ്മളാരും കണ്ടിട്ടില്ല. മാധ്യമസ്ഥാപനത്തിന്റെ പരസ്യവാചകമല്ല, മാധ്യമപ്രവർത്തകരുടെ സത്യസന്ധതയാണ് സമൂഹത്തിനാവശ്യം.

http://www.azhimukham.com/trending-ka-antony-writing-self-interested-people-are-trying-to-stabbing-p-jayarajan/

സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഇതാദ്യമായല്ല ഒരോ വ്യക്തിയുടേയും പ്രവർത്തനത്തെ കുറിച്ച് വിലയിരുത്തുന്നത്. അത് പാർടി രൂപീകരിച്ചതുമുതൽ തുടർന്നുപോരുന്ന സംഘടനാരീതിയാണ്; സാധാരണവുമാണത്. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് രീതി അറിയുന്നവർക്ക് അതിൽ അത്ഭുതം ഉണ്ടാകാനിടയില്ലെന്ന് മാത്രമല്ല, ഇത്തരത്തിൽ വിമർശന-സ്വയം വിമർശനം നടത്തുന്നതിനെ പ്രകീർത്തിക്കുകയും ചെയ്യും. എന്നാൽ മാർക്‌സിറ്റ് വിരോധം തലയ്ക്ക് പിടിച്ചവരും മാധ്യമപ്രവർത്തനത്തിൽ വസ്തുതയ്ക്ക് പകരം വിവാദത്തെ തിരുകിക്കയറ്റുന്നവർക്കും സി.പി.ഐ.എം സംഘടനാ രീതിയോട് വിയോജിപ്പുണ്ടാകാം. വലതുപക്ഷ വിധേയത്വം ശക്തമാക്കിയവർ എതിർക്കുന്നു എന്നതുതന്നെയാണ് ഈ പാർടിയിൽ ജനങ്ങൾ കാണുന്ന വലിയ ശരി. അതുകൊണ്ടുതന്നെ വിമർശന-സ്വയം വിമർശനം ഊർജ്ജമാക്കിയ പ്രസ്ഥാനത്തെ തളർത്താൻ ഭാവനാവിലാസക്കാർക്ക് സാധിക്കില്ലെന്നുറപ്പാണ്.Next Story

Related Stories