പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ ശക്തമായ പ്രതിഷേധം. തങ്ങളെ അധിക്ഷേപിച്ച എംഎം മണിയെ വിടില്ലെന്ന് പറയുന്ന സമരക്കാര്‍ മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നുണ്ട്.
ഒരേക്കര്‍ കൃഷി ഭൂമി ഓരോ കുടുബത്തിനും എന്ന ആവശ്യം ഉന്നയിച്ച് പെമ്പിളൈ ഒരുമൈ സമരാഹ്വാനം നടത്തിയിരുന്നു. മണിയുടെ പ്രസ്താവനയോടെ സമരത്തിന്റെ രൂപം മാറുകയായിരുന്നു. അടിമാലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പെമ്പിളൈ ഒരുമൈ സമരത്തെ അതിരൂക്ഷമായ ഭാഷയില്‍ മണി അധിക്ഷേപിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് മണിയുടെ ഭാഗത്തു നിന്നുമുണ്ടായത്. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് അസഭ്യ ചുവയോടെ മണി പറഞ്ഞത്.
ഒരു ഡിവൈഎസ്പിയും ഇതിന് കൂട്ടുനിന്നു. എല്ലാവരും കൂടെക്കൂടി, ഇതൊക്കെ ഞങ്ങള്‍ക്കറിയാം എന്നിങ്ങനെയായിരുന്നു മണിയുടെ ആരോപണങ്ങള്‍.
ഇതോടെ മണിക്കെതിരെ പെമ്പിളൈ ഒരുമൈ സംഘടിക്കുകയായിരുന്നു. മണി നേരിട്ട് വന്ന് മാപ്പ് പറയാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. വളരെ രോഷത്തോടെയാണ് അവര്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത്. തേയില തോട്ടം തൊഴിലാളികളെക്കുറിച്ച് എംഎം മണി എന്താണ് വിചാരിച്ചിരിക്കുന്നതെന്നും അവര്‍ ചോദിച്ചു. കാടും മലയും താണ്ടി ജോലിയെടുക്കുന്നവരാണ് ഞങ്ങള്‍. തോട്ടം തൊഴിലാളികള്‍ എങ്ങനെയാണ് കഷ്ടപ്പെടുന്നതെന്ന് തനിക്ക് അറിയുമോയെന്നും അവര്‍ മണിയോട് ചോദിക്കുന്നു. തോട്ടം തൊഴിലാളികളെന്താ തേവിടിശികളാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?
ഇന്ന് നിങ്ങള്‍ കോടീശ്വരനാണ്. എങ്ങനെയാണ് കോടീശ്വരനായത് എന്ന് ഞങ്ങള്‍ക്കറിയാം. ഇവിടെ വന്ന് മാപ്പ് പറയാതെ നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല. മണിയുടെ പ്രസ്താവന കേട്ട് മിണ്ടാതിരിക്കുന്ന സ്ത്രീകള്‍ക്ക് അഭിമാനമില്ലെന്നും അവര്‍ പറയുന്നു.