Top

കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണമല്ലാതാവില്ല; ചെന്നിത്തലയുടെ ബ്രൂവറി ചാലഞ്ചില്‍ പിണറായിക്ക് തോല്‍വി

കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണമല്ലാതാവില്ല; ചെന്നിത്തലയുടെ ബ്രൂവറി ചാലഞ്ചില്‍ പിണറായിക്ക് തോല്‍വി
മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്റിംഗ് യൂണിറ്റിനും നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാരിന് മേല്‍ പ്രതിപക്ഷം നേടുന്നത് നിര്‍ണായക വിജയം. അനുമതി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന വാദത്തിന്ന് മുന്നില്‍ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തേണ്ടി വരും. നാട് ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുന്നതിന് ശ്രമങ്ങള്‍ നടത്തുകയാണെന്നും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

പ്രതിപക്ഷ നേതാവ് ഉയത്തിയ ആരോപണം മറികടക്കുന്ന വാദങ്ങളും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കന്നുണ്ട്. കേരളത്തില്‍ വിതരണം ചെയ്യുന്ന മദ്യം ഇവിടത്തന്നെ ഉത്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ കാഴ്ചപ്പാടിനെ പിന്നീട് പ്രതിപക്ഷ നേതാവ് തന്നെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറയുന്നു. വകുപ്പ് തലത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ പറ്റുന്ന കാര്യമാണ് ഇതിന്റെ അനുമതിയുമായി ബന്ധപ്പെട്ടത്. മന്ത്രിസഭയില്‍ വയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

എന്നാല്‍ അനുമതി റദ്ദാക്കുമ്പോള്‍ പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകുന്നുവെന്നല്ല അര്‍ത്ഥം എന്നും മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുക എന്ന സമീപനം സര്‍ക്കാര്‍ തുടരും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ 8 ശതമാനവും ബീയറിന്റെ 40 ശതമാനവും പുറത്തുനിന്ന് വരുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. സാങ്കേതിക പരിശോധനയ്ക്ക് ശേഷം അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും അംഗീകാരം നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും പിണറായി വിജയന്‍ പറയുന്നു.

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന 1999ലെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോള്‍ അത്യാവശ്യമായ ആലോചനകള്‍ ഉണ്ടായില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെക്രട്ടേറിയറ്റ് യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു, ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ അനുമതി റദ്ദാക്കുന്നത്. വിഷയത്തില്‍ സിപിഐ കൂടി അതൃപ്തി പ്രകടിപ്പിച്ചതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരുന്നു.

കഴിഞ്ഞ മാസം 29നാണ് സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. 17 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റലറി അനുവദിക്കുന്നതെന്നും ഇതിന് ആരുമറിയാതെ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നുമായിരുന്നു ചെന്നിത്തല ആരോപണം. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ ഇല്ലാത്തതാണ് ബ്രൂവറികള്‍ക്കുള്ള അനുമതിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. 1999 ലെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കരുതെന്നാണിരിക്കെ ഇതേ ഉത്തരവ് പ്രകാരമാണെന്ന് അനുവാദം നല്‍കുന്ന ഉത്തരവ് ഇറക്കിയതെന്നും ചെന്നിത്തല ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു അപേക്ഷ സ്വീകരിച്ചു അനുമതി നല്‍കുകയായിരുന്നു എന്നും ആരോപണം ഉന്നയിച്ചിരുന്നു.

ചെന്നിത്തലയുടെ വാദങ്ങളെ മറുവാദങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരും സിപിഎമ്മും പ്രതിരോധിക്കാന്‍ ശ്രമിച്ചു. എകെ ആന്റണിയുടെ കാലത്ത് ബ്രുവറിക്ക് ലൈസന്‍സ് നല്‍കിയെന്ന വാദം ഉയര്‍ത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതിരോധ നീക്കം. ഇതോടെ വിഷയം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയും ഇടപാടുമായി ബന്ധപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ചെന്നിത്തല കൃത്യമായ ഇടവേളകളില്‍ വാര്‍ത്താ സമ്മേളനം നടത്തി പുറത്തവിടുകയായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന് ഇടപാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം വാദിച്ചു.

ഇതിനിടെ സുപ്രീം കോടതിയുടെ പല ഉത്തരവുകളും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും, ബ്രൂവറി വിവാദത്തിന്റെ വാര്‍ത്ത പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബ്രൂവറി ഇടപാടെന്ന് നിലയിലേക്ക് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിച്ചത്. ഇടപാടിലെ ക്രമവിരുദ്ധത ആരോപിച്ച് സംസ്ഥാന എക്‌സൈസ് മന്ത്രിക്ക് മുന്നിലേക്ക് പത്ത് ചോദ്യങ്ങളും ചെന്നിത്തല സമര്‍പ്പിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന എക്‌സൈസ് മന്ത്രി, അടുത്തിടെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിവിധ ആരോപണങ്ങളില്‍ പൊള്ളത്തരം ആരോപിച്ച മാധ്യമങ്ങളില്‍ ലേഖനം എഴുതുകയാണുണ്ടായത്.

"നികുതിവരുമാനത്തിലുണ്ടാകുന്ന നഷ്ടവും തൊഴില്‍നഷ്ടവും സര്‍ക്കാര്‍ പരിഗണിച്ചു. സംസ്ഥാനത്തിനകത്ത് തന്നെ ബിയര്‍ ഉല്‍പ്പാദിപ്പിക്കുവാനും ബോട്‌ലിങ് യൂണിറ്റ് സ്ഥാപിക്കാനും സാധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും നിരവധി പേര്‍ക്ക് തൊഴില്‍ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തില്‍ അധികവരുമാനവും ലഭ്യമാകും. ഈ വസ്തുതകള്‍ പരിഗണിച്ച ശേഷമാണ് ബ്രൂവറികള്‍ക്കും ഒരു ബോട്‌ലിങ് യൂണിറ്റിനും തത്വത്തിലുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്." എന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം.

പാലക്കാട് ബ്രൂവറി സ്ഥാപിക്കാന്‍ തീരുമാനിച്ച എലപ്പുള്ളി പഞ്ചായത്ത് വരള്‍ച്ചാ ബാധിത പ്രദേശമാണെന്നും ആരോപണം ഉയരുകയും പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഇറങ്ങുകയും ചെയ്തു. ജലചൂക്ഷണം നടത്തുന്ന ഒരു പ്ലാന്‍റ് കൂടി വന്നാല്‍ കൂട്ടപ്പലായനം നടത്തേണ്ടിവരും എന്നുപറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ സമര രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സമരത്തിന് എലപ്പുള്ളിയില്‍ നേരിട്ടെത്തിയും പ്രതിപക്ഷ നേതാവ് പിന്തുണ പ്രഖ്യാപിച്ചു. ഇതിന് പിറകെയാണ് മേഖലയിലെ എംഎല്‍എയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായി വി എസ് അച്യുതാനന്ദന്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതും സര്‍ക്കാരന് തലവേദനയായി. പദ്ധതി പുനഃപരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതോടെ പ്രത്യക്ഷ സമരത്തിലേക്കും പ്രതിപക്ഷം കടന്നു. ഇന്ന് (തിങ്കാളാഴ്ച) രാവിലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ അഴിമതി ആരോപണം ഉയര്‍ത്തി സംസ്ഥാന വ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിറകെയാണ് അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ക്രമക്കേട് കയ്യോടെ പിടിക്കപ്പെട്ടതാണ് അനുമതി പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രതികരണം. കളവു മുതല്‍ തിരിച്ചേല്‍പ്പിച്ചാല്‍ മോഷണം അല്ലാതാവുന്നില്ല. സംഭവത്തില്‍ എക്‌സൈസ് മന്ത്രിയെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെതിരെ കിട്ടിയ മികച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാണ്.

https://www.azhimukham.com/keralam-setting-up-a-brewerry-will-force-us-to-leave-elappully-says-natives-reports-dhanya/

https://www.azhimukham.com/trending-excise-minister-tpramakrishnan-against-oppositon-leader-ramesh-chennithala-brewery-controversy/

https://www.azhimukham.com/offbeat-chennithalas-one-day-fast-on-sabarimala-issue-and-its-intention/

Next Story

Related Stories