UPDATES

വാര്‍ത്തകള്‍

മോദി കള്ളം പറയുന്നു, മമത വാഗ്ദാനങ്ങൾ ലംഘിക്കുന്നു; രൂക്ഷ വിമർശനങ്ങളുമായി രാഹുൽ ഗാന്ധി

സിപിഎമ്മുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സംഭവിച്ചതുപോലുള്ള അതിക്രമങ്ങള്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴിലും നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പോലെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വടക്കന്‍ മാല്‍ഡയിലെ ചഞ്ചലില്‍ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദി കള്ളത്തരങ്ങൾ മാത്രം പറയുന്ന വ്യക്തിയാണെന്ന് ആരോപിച്ച അദ്ദേഹം മമതാ ബാനര്‍ജി വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളുമാണെന്നും കുറ്റപ്പെടുത്തി.

സഖ്യം സംബന്ധിച്ച ചർച്ചകൾക്കായി ആഴ്ചകൾ ക്ക് മുൻപ് ശരത് പവാറിന്റെ വസതിയിൽ ഒന്നിച്ച് വാർത്താ സമ്മേളനം നടത്തുകയും, കൊല്‍ക്കത്തയിൽ മമത സംഘടിപ്പിച്ച മഹാറാലിയിൽ പ്രതിനിധിളെ പങ്കെടുപ്പിക്കുകയും ചെയ്തതിന് പിറകെയാൻ മമതയെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്.

ഒരു വശത്ത് പ്രധാനമന്ത്രി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ഇതോടൊപ്പം ബംഗാൾ മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു. ഇരു നേതാക്കളിൽ നിന്നും ഒരിക്കലും ജനങ്ങള്‍ക്ക് ഗുണകരമായി ഒന്നും സംഭവിക്കുന്നില്ല. യുവാക്കള്‍ക്ക് ജോലിയോ കര്‍ഷകര്‍ക്ക് സഹായങ്ങളോ ഈ സര്‍ക്കാരുകളില്‍നിന്ന് ലഭിച്ചിട്ടുണ്ടോ എന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു.

ബംഗാളില്‍ ഭരണം ഏകാധിപത്യമാണ്, തന്നിഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രി മമത. അവർ മറ്റാരുടെയെങ്കിലും അഭിപ്രായം ആരായുകയോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാറില്ല. ബംഗാളിൽ മുന്‍പുണ്ടായിരുന്ന ഇടത് ഭരണത്തേക്കാള്‍ ഒട്ടും മെച്ചമല്ല മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ഭരണം . സിപിഎമ്മുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സംഭവിച്ചതുപോലുള്ള അതിക്രമങ്ങള്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴിലും നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കോണ്‍ഗ്രസിനെ വഞ്ചിച്ച ആളുകളെ ഈ തിരഞ്ഞെടുപ്പ് കാലത്ത് നാം മറക്കരുതെന്നു വ്യക്തമാക്കിയ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് തൃണമൂല്‍ പാര്‍ട്ടിയിലേയ്ക്ക് ചേക്കേറിയ നോര്‍ത്ത് ബംഗാള്‍ എംപി മൗസം ബേനസീര്‍ നൂറിനെയും വിമർ‌ശിച്ചു. ഒരാള്‍ക്കും വഞ്ചനയിലൂടെ നിലനില്‍ക്കാനാവില്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി  ആഹ്വാനം ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍