Top

ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപിക്കാര്‍, രോഹിത് വെമൂലയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടലായിരുന്നു ലക്ഷ്യമെന്നും മുന്‍ ഭാരവാഹികളുടെ വെളിപ്പെടുത്തല്‍

ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എബിവിപിക്കാര്‍, രോഹിത് വെമൂലയില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടലായിരുന്നു ലക്ഷ്യമെന്നും മുന്‍ ഭാരവാഹികളുടെ വെളിപ്പെടുത്തല്‍
ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമൂല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ ചുമത്തിയതെന്ന് വെളിപ്പെടുത്തല്‍.

ചില ടെലിവിഷന്‍ ചാനലുകള്‍ പ്രദര്‍ശിപ്പിച്ച 'പാക്കിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചത് എബിവിപിയുടെ തന്നെ പ്രവര്‍ത്തകരും അനുഭാവികളുമാണെന്നും സംഭവം നടക്കുമ്പോള്‍ സംഘടനയുടെ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്നവര്‍ വെളിപ്പെടുത്തി.

ജെഎന്‍യു ക്യാമ്പസില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി ഭാരവാഹികളായിരുന്ന ജതിന്‍ ഗോരയ്യ, പ്രദീപ് നര്‍വാല്‍ എന്നിവരാണ് ഗുരുതരമായ ആരോപണവുമായി ഇന്നലെ രംഗത്തെത്തിയത്. സംഭവം നടക്കുമ്പോള്‍ എബിവിപിയുടെ ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു ഗോരയ്യ. ജോയിന്റ് സെക്രട്ടറിയായിരുന്നു നര്‍വല്‍.

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായിരുന്ന കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ തുടങ്ങിയവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരുന്നു. 2016 ഫെബ്രുവരി ഒമ്പതിന് നടന്ന പരിപാടിയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഇവരുള്‍പ്പെടുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അതു ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

ഇരുവരും പറഞ്ഞ കാര്യങ്ങള്‍: ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമൂലയുടെ മരണം ഉണ്ടാക്കിയ പ്രതിഷേധങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. തങ്ങള്‍ ദളിതരാണ് എന്നതു കൊണ്ട് ടിവി ചര്‍ച്ചകളിലും മറ്റ് അഭിമുഖങ്ങളിലും വെമൂല വിഷയത്തില്‍ സംഘടനയെ പ്രതിരോധിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ വെമൂലയെ 'തീവ്രവാദി' എന്നാണ് സംഘടനാ നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത് എന്നതിനാല്‍ തങ്ങള്‍ ഇതിന് തയാറായില്ല. പിന്നാലെ ഫെബ്രുവരി ഒമ്പതിന്റെ പരിപാടിക്ക് തങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാന്‍ അവര്‍ തീരുമാനിച്ചു- നര്‍വാല്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് നടക്കാന്‍ പോകുന്ന പരിപാടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അതിനു മുമ്പു തന്നെ ജെഎന്‍യു എബിവിപിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിരന്തരം ചര്‍ച്ച നടന്നിരുന്നതായി ഗോരയ്യ വ്യക്തമാക്കി. സംഭവസമയത്ത് സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് അവിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തത് എബിവിപിയുടെ തന്നെ പ്രവര്‍ത്തകരാണൈന്നും ഇരുവരും അവകാശപ്പെട്ടു.

എബിവിപി പ്രവര്‍ത്തകരില്‍ നിന്നും സീ ന്യൂസ് ചാനലില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളാണ് തങ്ങളുടെ ദൃശ്യങ്ങള്‍ക്കൊപ്പം കുറ്റപത്രത്തിനൊപ്പം തെളിവായി ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സീ ന്യൂസ് ചാനല്‍ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു എന്നാരോപിച്ച് വീഡിയോ എഡിറ്റര്‍ തന്നെ പിന്നീട് രാജി വച്ചിരുന്നു. സംഭവത്തിനു പിന്നാലെ ജെഎന്‍യു കേന്ദ്രീകരിച്ച് വന്‍ വിദ്യാര്‍ത്ഥി വേട്ട നടക്കുകയും വിദ്യാര്‍ത്ഥികളെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിച്ചു കൊണ്ട് മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്യാമ്പസിനു പുറത്ത് എബിവിപി-ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ദിവസങ്ങളോളം പ്രതിഷേധം നടത്തി.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ പിന്നീട് ജാമ്യത്തിലാണ് പുറത്തു വന്നത്. ഇവര്‍ക്ക് ക്യാമ്പസില്‍ വന്‍ സ്വീകരണമൊരുക്കിയ വിദ്യാര്‍ത്ഥികള്‍ ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മാര്‍ച്ചുകളടക്കം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ എബിവിപിയുടെ മുന്‍ ഭാരവാഹികള്‍ ഉന്നയിച്ച ആരോപണത്തെ തള്ളിക്കളയുകയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യുണിയന്‍ മുന്‍ ജോയിന്റ് സെക്രട്ടറി കൂടിയായ എബിവിപി നേതാവ് സൗഭര് ശര്‍മ. ഇരുവരും എബിവിപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പത്രസമ്മേളനം ഇപ്പോള്‍ നടത്തിയത് എന്നുമാണ് ശര്‍മയുടെ വാദം. കള്ളങ്ങള്‍ പ്രസ്താവിച്ച് ശ്രദ്ധ തിരിച്ചു വിടുക അവരുടെ ഉദ്ദേശമാണെന്നും ശര്‍മ കുറ്റപ്പെടുത്തി.

ഫെബ്രുവരിയില്‍ തന്നെ ഇരുവരും എബിവിപിയില്‍ നിന്നു രാജി വച്ചിരുന്നു. നര്‍വാല്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ ഗോരയ്യ ഒരു പാര്‍ട്ടിയിലും ഇപ്പോള്‍ അംഗമല്ല.

Next Story

Related Stories