UPDATES

ബാലഭാസ്‌കറിന്റെ മരണം: സത്യം കണ്ടെത്തുന്നത് വരെ സംശയം ഉണ്ടാവുമെന്ന് അച്ഛൻ, ക്രൈംബ്രാഞ്ചിന് നൽകിയത് നിർണായക വിവരങ്ങളെന്ന് സോബി

ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയ ശേഷം കലാഭവന്‍ സോബി പ്രതികരിച്ചു.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് വിവാദത്തിൽ വെളിപ്പെടുത്തലുകളും പ്രതികരണങ്ങളും തുടരുന്നു. പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദാശ്രമം സംബന്ധിച്ച ആരോപണങ്ങൾ നിഷേധിച്ച് ഡോ രവീന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി പ്രതികരിച്ചത്. ഡോക്ടറുമായി സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു . ഇക്കാര്യം ബാലഭാസ്കർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കെ സി ഉണ്ണി പറഞ്ഞു.

മകന്റെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്തണം. യഥാർഥ വിവരങ്ങൾ പുറത്തുവരണം, ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറയുന്നു. തിരുവന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി വിശദമാക്കി. വീട്ടുകാരുമായി ബാലുവിന് അടുപ്പമില്ലെന്ന് പറയുന്നത് തെറ്റാണെന്നും പിതാവ് പറയുന്നു.

എന്നാൽ ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ് രവീന്ദ്രനാഥ്. സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അദ്ദേഹം പറയുന്നു.

അതിനിടെ, ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയ ശേഷം കലാഭവന്‍ സോബി ജോര്‍ജ് പ്രതികരിച്ചു. അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മൊഴിയാണ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി തിരുവനന്തപുരത്ത് പ്രതികരിച്ചു. തനിക്കെതിരെയുള്ള ഭീഷണി വകവെക്കുന്നില്ല, ആക്രമണം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണ്. മരണത്തിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറയുന്നു.

അതേസമയം ബാലഭാസ്കറിന്‍റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചതായാണ് വിവരം.

 

സ്വച്ഛ് ഭാരത് കക്കൂസിൽ പതിച്ച ടൈൽസിൽ ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍, വ്യാപക പ്രതിഷേധം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍