ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; ‘ശബരിമലയില്‍ ഉത്തരവാദിത്തം കേന്ദ്രത്തിന്, കേരളത്തിലെ ബിജെപിയില്‍ സവര്‍ണാധിപത്യം’

എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി വിധി മറികടക്കാന്‍ പാര്‍ലമെന്റിനാണ് കഴിയുക. നിയമം പാസാക്കാന്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ബിജെപിക്കെതിരെ രംഗത്തെത്തിയ വെള്ളാപ്പള്ളി നിലപാടില്‍ മലക്കം മറിഞ്ഞിരുന്നു. ശബരിമല വിധിക്കെതിരായ പ്രതിഷേധം രണ്ടാം വിമോചന സമരമെന്ന നിലപാട് തിരുത്തിയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നത്. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട ബാധ്യത എസ്എന്‍ഡിപിക്ക് ഇല്ല. സുപ്രീംകോടതി വിധി നിരാശാജനകമാണ്. വിധി സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ്. വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടില്‍ നിന്നും വീണ്ടും മലക്കം മറിഞ്ഞ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി. ശബരിമല പ്രശ്നത്തില്‍ വിമോചന സമരനീക്കമെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയില്‍ സവര്‍ണാധിപത്യമാണ്. ഇതര സമുദായങ്ങളില്‍പ്പെട്ട ഒരു ജില്ലാ പ്രസിഡന്റ് പോലും ബിജെപിക്കില്ല. എസ്എന്‍ഡിപി യോഗം ബിജെപിയെ പിന്തുണയ്ക്കില്ല. തുഷാര്‍ പറയുന്നതു പോലെയല്ല വോട്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാരസംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം വിശ്വാസികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനൊപ്പമല്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍