ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്; പോലീസിനെ സമീപിക്കേണ്ടത് യുവതിയെന്ന് എസ്ആര്‍പി

പികെ ശശിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയുണ്ടാവുമെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല. പരാതിക്കാരിയായ യുവതി പോലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങള്‍ക്ക് ലഭിച്ച പരാതി സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നു. എന്നാല്‍ കേന്ദ്ര ഘടകത്തിന് പരാതി ലഭിക്കും മുന്‍പ് സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നതായും ബൃന്ദ കാരാട്ട് പറയുന്നു.

അതേസമയം, ലൈംഗിക പീഡനപരാതിയില്‍ പോലീസിനെ സമീപിക്കണമോ എന്ന് യുവതിക്ക് തീരുമാനിക്കാമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. ആര്‍ക്ക് പരാതി നല്‍കണമെന്നത് യുവതിയുടെ സ്വാതന്ത്രമാണ്. തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്തും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

എന്നാല്‍ പരാതിയെ കുറിച്ച് അറിയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പി കെ ശശി രംഗത്തെത്തി. പരാതി നേരിടാനുള്ള കമ്മ്യൂണിറ്റ് ആര്‍ജ്ജവവും കരുത്തും തനിക്കുണ്ടെന്നും അന്വേഷണം നടത്താനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടെന്നും എംഎല്‍എ പ്രതികരിക്കുന്നു. അതിനിടെ പികെ ശശിക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ചെര്‍പ്പുളശ്ശേരിയില്‍ പൊതു പരിപാടിക്കെത്തിയ എംഎല്‍എക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എംഎല്‍എയെ അനുകൂലിച്ച് ഇടത് പ്രവര്‍ത്തകരും സംഘടിച്ചെത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍