Top

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പങ്കെന്ത്? സുപ്രീം കോടതി പറഞ്ഞത്

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പങ്കെന്ത്? സുപ്രീം കോടതി പറഞ്ഞത്
റാഫേൽ കരാറിൽ അനിൽ അംബാനിയുടെ റിലയൻസിന്റെ പങ്കാളികളാക്കിയാതിൽ കേന്ദ്ര സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് പറയാനാവില്ല എന്നു സുപ്രീം കോടതി വിലയിരുത്തല്‍. ഓഫ്സെറ്റ് കരാർ പങ്കാളിയെ തീരുമാനിക്കേണ്ടത് വിമാന നിർമാണക്കമ്പനിയാണെന്നും ഇക്കാര്യത്തിൽ സർക്കാറിന് ഇടപെടൽ നടത്തിയെന്നത് തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ ഇടപാടുകളിൽ കോടതി പരിശോധനയ്ക്കു പരിധിയുണ്ട്. ഇത്തരത്തിൽ കോടതി വിഷയം പരിഗണിക്കുമ്പോൾ ബാക്കിയാവുന്നത് കരാറിനെ വിവാദത്തിലേക്ക് നയിച്ച ഒരു പിടി ഗുരുതര ആരോപണങ്ങളാണ്.

റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ഡസോൾട്ട് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതോടെയായിരുന്നു കരാർ വിവാദത്തിന് വഴിവച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേർന്ന് വിമാനങ്ങൾ നിർമിക്കാനായിരുന്നു 2012 ലെ യുപിഎ സർക്കാർ ഫ്രാന്‍സിലെ ഡസോൾട്ട് കമ്പനിയുമായി കരാർ‌ ഒപ്പുവച്ചത്. ഏകദേശം 54,000 കോടി രൂപ വരുന്ന 10.2 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. 2014 മാര്‍ച്ചില്‍ കരാറില്‍ ഡാസോൾട്ടും എച്ച്എഎല്ലും വര്‍ക് ഷെയര്‍ കരാറും ഒപ്പിട്ടിരുന്നു. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ പഴയ കരാറിന് പകരം 59,000 കോടി രൂപയുടേതാണ് കരാര്‍. പുതിയ കരാര്‍ 2016 സെപ്തംബര്‍ 23ന് ഒപ്പുവച്ചതിന് പിറകെ ദിവസങ്ങള്‍ക്കകം ഡസോൾട്ട് ഏവിയേഷന്‍സും റിലയന്‍സ് എയ്റോസ്പേസും ചേര്‍ന്ന് സംയുക്ത സംരംഭത്തിനും തുടക്കമായിരുന്നു. എച്ച്എഎല്ലിനെ ഒഴിവാക്കിയായിരുന്നു റിലയൻസിനെ കരാറിന്റെ ഭാഗമാക്കിയത്. പുതിയ കരാർ പ്രകാരം 30,000 കോടി രൂപ വരുന്ന കരാര്‍ തുകയുടെ പകുതിയോളം നിര്‍മാണപ്രവൃത്തികള്‍ സംയുക്തസംരംഭമാണ് ഏറ്റെടുത്ത് നടത്തുമെന്നായിരുന്നു ധാരണ.

എന്നാൽ, കരാറിൽ അനില്‍ അംബാനിയെ ഭാഗമാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്നായിരുന്നു പ്രധാന അരോപണം. എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പു മാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യപ്രകാരമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കടക്കെണിയിലുള്ള അനിൽ അംബാനിയെ രക്ഷിക്കാൻ വേണ്ടിയാണ് തട്ടിക്കുട്ട് കമ്പനിയെ കരാറിന്റെ ഭാഗമാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് തെളിവായി പ്രതിപക്ഷം കാണിക്കുന്നത് ഡസോള്‍ട്ടിന്‍റെ ചെയര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പാണ്. എച്ച്എഎല്ലിന് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ല എന്നതിനാലാണ് അവരെ ഒഴിവാക്കിയത് എന്നാണ് പുതിയ കരാറിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്തതിനാലും, നാഗ്പൂരില്‍ ഭൂമി കൈവശമുള്ളതിനാലുമാണ് അനിൽ അംബാനിയുടെ കടബാധ്യതയുള്ള റിലയൻസ് ഡിഫൻസ് കമ്പനിയെ റഫേൽ കരാറിൽ തങ്ങളുടെ പങ്കാളിയാക്കിയത് എന്ന് പ്രതിരോധ ഉത്പന്ന നിർമാതാക്കളായ ഡസോള്‍ട്ടുമായി ബന്ധപ്പെട്ട ഉന്നതകേന്ദ്രങ്ങള്‍ വെളിപ്പെടുത്തതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. പ്രതിരോധ, വിമാന വ്യവസായം മുകേഷ് അംബാനി സഹോദരന്‍ അനില്‍ അംബാനിക്ക് കൈമാറിയതിനു ശേഷമാണ് തങ്ങള്‍ കരാറിലേര്‍പ്പെട്ടതെന്ന് ഡസോള്‍ട്ടിന്‍റെ പ്രതിനിധി വിശദീകരിച്ചത്.

ഡസോൾട്ട് ഏവിയേഷന് അനിൽ അംബാനിയുടെ റിലയൻസുമായുള്ള ഓഫ്‌സെറ്റ് പങ്കാളിത്തം (അനുബന്ധ കരാർ പങ്കാളി) ബന്ധം നിർബന്ധിതമായ ഒന്നായിരുന്നെന്ന് റിപ്പോർട്ടുകളും പിറകെ പുറത്തുവന്നു. ഡസോൾട്ട് ഏവിയേഷന്റെ ആഭ്യന്തര രേഖകൾ സഹിതമാണ് മീഡിയപാർട് എന്ന മാധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മോദിയുടെ ആവശ്യപ്രകാരമായിരുന്നു കരാറിൽ റിലയൻസിനെ ഉൾപ്പെടുത്തിയതെന്ന മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഒളാന്തിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച മീഡിയപാർട് തന്നെയായിരുന്നു ഈ റിപ്പോർട്ടും പുറത്ത് വിട്ടത്. റിലയൻസിനെ ഇന്ത്യയിലെ ഓഫ്‍സെറ്റ് പാർട്ട്ണറായി ചേർക്കാതെ റാഫേൽ കരാർ കമ്പനിക്ക് നേടാൻ കഴിയില്ലായിരുന്നുവെന്ന് ഡസ്സോൾട്ട് ഏവിയേഷൻ രേഖകൾ. റിപ്പോർട്ട് തള്ളിയ ഡാസോൾട്ട് റിലയൻസ് ഗ്രൂപ്പിനെ തങ്ങൾ ആരുടെയും നിർബന്ധപ്രകാരം തെരഞ്ഞെടുത്തതല്ലെന്ന് വ്യക്തമാക്കി.

അതിനിടെ 2016 കാലത്തെ റിലയൻസിന്റെ സിനിമാ നിർമാണം കരാറും റാഫേൽ ഇടപാടുമായി ബന്ധപ്പെടുത്തി റിപ്പോർട്ടുകൾ പുറത്തുവന്നു.  10 ദശലക്ഷം യൂറോ ചെലവിട്ട് നിർമിക്കുന്ന സിനിമയിൽ 1.6 ദശലക്ഷം യൂറോ നിക്ഷേപത്തിനാണ് അനിൽ അംബാനിയുടെ റിലയൻസ് തയ്യാറായത്. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് സ്നോബോർഡിൽ താഴെയെത്തിയ ആദ്യത്തെയാളെന്ന ബഹുമതിയുടെ ഉടമയായ ഫ്രഞ്ചുകാരൻ മാക്രോ സിഫ്രദിയെക്കുറിച്ചുള്ള സിനിമയടക്കം നിർമ്മിക്കാനുള്ള കരാറിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തിന്റെ ജീവിതപങ്കാളിയും നടിയുമായ ജൂലീ ഗായറ്റായിരുന്നു ചിത്രത്തിന്റെ പങ്കാളി. റോഗ് ഇന്റർനാഷണൽ എന്ന ഫ്രഞ്ച് സിനിമാ നിർമാണക്കമ്പനിയുമായിട്ടായിരുന്നു 2016 ജനുവരി 24ന് കരാർ ഉണ്ടാക്കിയത്. നാഗ്പൂരിൽ ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ നിർമാണ ഫാക്ടറി സ്ഥാപിക്കപ്പെടുന്നതും ഏതാണ്ടിതേ കാലയളവിലാണ്.

ഫ്രഞ്ച് സിനിമ നിർമിക്കുന്നതു സംബന്ധിച്ച റിലയൻസിന്റെ പ്രഖ്യാപനം വന്ന് രണ്ടു ദിവസത്തിനു ശേഷം, ജനുവരി 26ന് ഫ്രഞ്ച് പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും റാഫേൽ വിമാനക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 59,000 കോടി രൂപയുടെ റാഫേൽ കരാറും അതിന്റെ ഓഫ്‌സെറ്റ് കരാറുകളുമാണ് ഈ ധാരണാപത്രത്തിൽ പ്രതിപാദിച്ചിരുന്നത്. ഇരുവരും സംയുക്തമായി ഒരു കമ്പനി രൂപീകരിച്ചു. ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) എന്ന ഈ കമ്പനിയിൽ 51% ഓഹരികളും റിലയൻസിന്റെ പക്കലാണുള്ളത്. 49% ഓഹരി ഡസോള്‍ട്ടിന്റെ പക്കലും. റാഫേൽ ധാരണാപത്രം 2016 ജനുവരിയിൽ ഒപ്പിട്ടതിനു ശേഷം സിനിമാനിര്‍മാണം സജീവമായി നീങ്ങി. ചിത്രം 2017 ഡിസംബർ 20ന് പുറത്തിറങ്ങി. സിനിമാ പ്രവർത്തനങ്ങൾ നടക്കവെ ഡസോൾട്ട് കമ്പനിയുമൊത്ത് അനിൽ അംബാനി തന്റെ റാഫേൽ ഇടപാടിലെ നയം കൂടിയാണ് നടപ്പാക്കിയതെന്നുമായിരുന്നു അരോപണങ്ങൾ.

കോടതി വിധി പുറത്തുവന്നതോടെ റാഫേൽ ഇടപാടിൽ റിലയൻസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ പുർണമായും തെറ്റാണെന്ന്  തെളിഞ്ഞതായി അനില്‍ അംബാനി വ്യക്തമാക്കി. വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിച്ച തീർത്തും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. റിലയൻ‌സിനെയും തന്നെയും വ്യക്തിപരമായി കടന്നാക്രമിക്കാവനുള്ള ശ്രമങ്ങൾ നടന്നതായും അനിൽ അംബാനി പറയുന്നു.

https://www.azhimukham.com/india-rafale-jet-deal-supreme-court-to-pronounce-verdict-today-pleas-for-court-monitored-probe/

https://www.azhimukham.com/explainer-what-is-happening-between-rafale-deal-and-anil-ambani/

Next Story

Related Stories