UPDATES

ട്രെന്‍ഡിങ്ങ്

ഭരണഘടനയെ വെല്ലുവിളിച്ച ജസ്റ്റിസ് ചിദംബരേഷ് അന്തസുണ്ടെങ്കില്‍ രാജി വയ്ക്കണം: സംവരണവിരുദ്ധ പ്രസംഗത്തിനെതിരെ സണ്ണി എം കപിക്കാട്‌

ഭരണഘടനാപരമായ സംവരണത്തോടും അവകാശങ്ങളോടും മറ്റും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ജഡ്ജി പദവി രാജി വയ്ക്കണം. അന്തസുള്ള മനുഷ്യര്‍ അങ്ങനെയാണ് ചെയ്യുക.

ഭരണഘടനാപദവിയിലിരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ജാതി സംവരണത്തിനെതിരെ സംസാരിച്ചതിലൂടെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് ചെയ്തിരിക്കുന്നത് എന്ന് ദലിത് ചിന്തകനും പൊതുപ്രവര്‍ത്തകനുമായ സണ്ണി എം കപിക്കാട്. അന്തസുണ്ടെങ്കില്‍ ചിദംബരേഷ് രാജി വച്ച് പുറത്തുപോകണമെന്നും സണ്ണി എം കപിക്കാട് അഴിമുഖത്തോട് പറഞ്ഞു.

അതേസമയം സംവരണത്തിനെതിരായ പ്രസംഗം എന്നതിനേക്കാള്‍ ഇതിനെ വംശീയവാദത്തിലൂന്നിയുള്ള പ്രസംഗം എന്നാണ് വിളിക്കേണ്ടത് എന്ന് സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാണ് ജസ്റ്റിസ് ചിദംബരേഷ്. അങ്ങനെയുള്ളയാളാണ് ഭരണഘടനയെ വെല്ലുവിളിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഭരണഘടനാപദവിയിലിരുന്നകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുന്ന വൃത്തികേടാണ് ജസ്റ്റിസ് ചിദംബരേഷ് കാണിച്ചത്. ഭരണഘടനാപരമായ സംവരണത്തോടും അവകാശങ്ങളോടും മറ്റും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ജഡ്ജി പദവി രാജി വയ്ക്കണം. അന്തസുള്ള മനുഷ്യര്‍ അങ്ങനെയാണ് ചെയ്യുക. ഇത് കുറേ ബ്രാഹ്മണരെ എല്ലാം വിളിച്ചുകൂട്ടി, എനിക്ക് ഭരണഘടനാ പദവിയുള്ളതിനാല്‍ ഞാനൊന്നും പറയുന്നില്ല എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ബ്രാഹ്മണ്യം മനുഷ്യജീവിതത്തെ തകര്‍ക്കുന്നതാണ്. ബ്രാഹ്മണര്‍ എല്ലാ കാലവും മനുഷ്യരെ കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് തന്നെയാണ് ചിദംബരേഷും ചെയ്യുന്നത് – കപിക്കാട് പറഞ്ഞു.

കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിലായിരുന്നു ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. സംവരണം ജാതി, മത അടസ്ഥാനങ്ങളില്‍ തുടരേണ്ടതുണ്ടോ എന്ന് ചോദിച്ച ചിദംബരേഷ് ഭരണഘടനാപരമായ പദവി വഹിക്കുന്ന തനിക്ക് ഇത് സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തുന്നതില്‍ പരിമിതിയുണ്ടെന്നും നിങ്ങളുടെ ശ്രദ്ധ ഇതിലേയ്ക്ക് ക്ഷണിക്കുക മാത്രമാണ് ഉദ്ദേശമെന്നും സദസിലുള്ളവരോട് പറഞ്ഞു.

‘റൊമ്പ പ്രമാദം തന്നെ സാമീ, ഭരണഘടനാ ചുമതലയിലിരുന്ന് ഭരണഘടനാ വിരുദ്ധത പറയുമ്പോൾ ഞാനൊന്നും പറയുന്നില്ലേ എന്ന് ഇടയ്ക്കിടെ ചേർക്കണം’

സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന ചര്‍ച്ച മുന്നോട്ടുവയ്ക്കാനുള്ള സമയമായിരിക്കുന്നു എന്നാണ് ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞത്. ബ്രാഹ്മണര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത സവിശേഷതകളുണ്ട് എന്ന് അവകാശപ്പെട്ടാണ് ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗം തുടങ്ങുന്നത്. ബ്രാഹ്മണന്‍ പൂര്‍വജന്മ സുകൃതം മൂലം രണ്ട് തവണ ജനിച്ചവനാണ് എന്ന് ചിദംബരേഷ് അഭിപ്രായപ്പെടുന്നു. സസ്യാഹാരം മാത്രം കഴിക്കല്‍, വൃത്തി, കര്‍ണാടക സംഗീതം ആസ്വദിക്കല്‍ ഇതെല്ലാം ബ്രാഹ്മണരുടെ പ്രത്യേകതകളാണെന്നും ഇത്തരത്തിലുള്ള നല്ല ഗുണങ്ങളെല്ലാം ചേര്‍ന്നാല്‍ ഒരാള്‍ ബ്രാഹ്മണനായി എന്നും ജസ്റ്റിസ് ചിദംബരേഷ് പറയുന്നു.

“ഭരണഘടനാപദവി വഹിക്കുന്നതിനാല്‍ ഞാന്‍ ഇതേക്കുറിച്ച് അഭിപ്രായം പറയുകയല്ല” എന്ന് പറഞ്ഞുകൊണ്ട് വളരെ വ്യക്തമായി ഭരണഘടന അനുവദിക്കുന്ന സംവരണത്തിനെതിരെ സംസാരിക്കുകയാണ് ജസ്റ്റിസ് വി ചിദംബരേഷ്. ബ്രാഹ്മണരെ ഒതുക്കാന്‍ ആരേയും അനുവദിക്കരുത് എന്നും ചിദംബരേഷ് പറയുന്നു. സാമ്പത്തിക സംവരണമെന്ന ആവശ്യവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്നും ജസ്റ്റിസ് ചിദംബരേഷ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍