വായന/സംസ്കാരം

ഗിരീഷ് കുമാര്‍ അനുസ്മരണം നാളെ തിരുവനന്തപുരത്ത്; കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെ പ്രഭാഷണം, ചിത്രപ്രദര്‍ശനം

1962ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരാണ് ഗിരീഷ് കുമാര്‍ ജനിക്കുന്നത്. പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഗിരീഷ് കുമാറിന്റെ അനുസ്മരണം നാളെ (നവംബര്‍ എട്ടിന്) വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും.

അനുസ്മരണത്തില്‍ രണ്ടാം ലോകയുദ്ധകാലത്തെ കാര്‍ട്ടൂണുകളെ ആധാരമാക്കി ‘പഴയ കാര്‍ട്ടൂണ്‍ പുതിയ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ എക്സ്പ്രസിലെ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി പ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് എം.എല്‍.എ ഗിരീഷ് കുമാറിനെ അനുസ്മരിച്ച് സംസാരിക്കും.

ഗിരീഷ് കുമാറിനെക്കുറിച്ചുള്ള ഓര്‍മ്മപുസ്തകം കെ.പി കുമാരന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് സനിതയുടെ ഹിന്ദുസ്ഥാനി സംഗീത സദസ്സും നടക്കും. വേണു, ഉണ്ണി ആര്‍, അന്ന മിനി എന്നിവര്‍ ഗിരീഷ് കുമാറിനെക്കുറിച്ച് സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ഗിരീഷ് കുമാറിന്റെ സുഹൃത്തുക്കളാണ് അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നവംബര്‍ 8 മുതല്‍ 11 വരെ ഗിരീഷ് കുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.

1962ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരിലാണ് ഗിരീഷ് കുമാര്‍ ജനിക്കുന്നത്. പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1997 മുതലാണ് ചിത്രകലയില്‍ കൂടുതല്‍ സജീവമാകുന്നത്. 2001 മുതല്‍ 2008 വരെ കേരളത്തിലും ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12-നാണ് ഗിരീഷ് കുമാര്‍ അന്തരിക്കുന്നത്.

ഗിരീഷ്‌ കുമാറിനെ കുറിച്ചുള്ള ഓര്‍മ്മപ്പുസ്തകത്തില്‍ കവി അന്‍വര്‍ അലി എഴുതിയ കവിത

കടുനിറങ്ങളില്‍
പടര്‍ന്ന പാട്ടുകള്‍

കോള്‍പ്പാടത്തെ വിഴുങ്ങിയ കടല്‍
പിന്‍വാങ്ങിത്തുടങ്ങുന്നു
വരമ്പുകളും പച്ചത്തലപ്പുകളും
മെല്ലെ തെളിഞ്ഞു വരുന്നു.
കൊറ്റികള്‍, കുളക്കോഴികള്‍,
ശലഭങ്ങ, പെലിക്കനുകള്‍,
കഴായകളിലെ വരാലുകളില്‍ കണ്ണിട്ട
മീന്‍പിടുത്തക്കാര്‍…
എല്ലാരും മടങ്ങിയെത്തുന്നു.

ഓര്‍മ

തെക്കന്‍ ചക്രവാളത്തില്‍ നിന്ന്
ഏന്തിയേന്തി നടന്നു വരുന്നു

കൃത്രിമക്കാല്‍ ഊരിവച്ച് അത്
അത് അടാട്ടു തീരത്തെ പുതിയ വീടിന്റെ ബാല്‍ക്കണിയില്‍
ഒരു വീല്‍ച്ചെയറില്‍ ഇരിക്കുന്നു.
പഴകിപ്പഴകി വീര്യമേറിയ വീഞ്ഞുപോലെ
തുളുമ്പുന്നു.

‘അവിടെ വന്ന് കുറച്ചു ദിവസം നില്‍ക്കും ഞാന്‍
ഈ ചൊറിയൊന്ന് കുറയെട്ട’

നീ വന്നില്ല
ഇനി വരില്ല
പക്ഷേ ഒരു നാള്‍ ഞാന്‍ അങ്ങോട്ട് വരും
അപരലോകത്തെ നിന്റെ കപിലവസ്തുവിലേക്ക്
നസറേത്തിലേക്ക്

നീ എന്റെ വീട്

പലരില്‍ പല ദേശങ്ങളില്‍ ഒരേ സമയം പടുത്ത വീട്
എട്ടുകാലിലും നാലു കാലിലും, ഒടുവില്‍ ഒറ്റക്കാലിലും അലഞ്ഞു നടന്ന വീട്
നേരത്തെ അങ്ങെത്തിയ നിന്റെ കാലിനെ
അവിടെങ്ങാനും നീ കണ്ടോ?
കാലും നീയും കൂടി കുടിച്ചു കുന്തം മറിഞ്ഞു നടപ്പാണോ?
നല്ല മീന്‍ പൊള്ളിച്ചതു കിട്ടുന്ന ഷാപ്പുണ്ടോ അവിടെ?
പഴയ കാലിനെ തിരിച്ചു കിട്ടിയ അര്‍മ്മാദത്തില്‍
നീ നമ്മുടെ ശശിയേയും ശ്രീലതയേയും
വിനയചന്ദ്ര കവിയേയും കുട്ടിയപ്പനേയുമെല്ലാം മറന്നോ?
ഒന്നു പോയിക്കാണ്
അല്ലെങ്കില്‍ വേണ്ട
അവരെല്ലം നിന്റെ മടയിലേക്ക് വരട്ടെ

നിങ്ങള്‍ ഒത്തുകൂടുമ്പോള്‍

‘ചന്തമേറിയ പൂവിലും…’
‘ലോകം മുഴുവന്‍ സുഖം പകരാന്‍…’
‘ആടിമാസത്തിലെ സന്ധ്യയിരുള്‍ കൊണ്ട്…’
എന്ന ക്രമത്തില്‍ നീ പാടിത്തുടങ്ങുമ്പോള്‍
എനിക്കൊരടയാളം തരണം
ഞാന്‍ അടാട്ടെ ബാല്‍ക്കണിയിലിരുന്ന്

‘അവയവങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍
അരുത് വേദന ആത്മവിലാപം’
എന്ന് തത്സമയ കവിയരങ്ങാവാം

നിന്റെ കാല്‍ അതുകേട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കണം

‘ഞാനാ ആദ്യം ആ കവിതയെ കുറിച്ച് എഴുതിയത് കേട്ടോ’
എന്ന് വിനയചന്ദ്രന്‍ സാര്‍ നിന്റെ തോളത്തു കിള്ളിക്കിള്ളി
ഊറ്റം കൊള്ളണം.
ഒടുവില്‍ ‘എങ്ങനെ നീ മറക്കും കുയിലേ’ എന്ന്
നിന്റെ നാവ് കുഴയാന്‍ തുടങ്ങുമ്പോള്‍
ഇവിടെ, എന്റെ നാവ്

‘പാടം പച്ചച്ച പാവാടയിട്ടപ്പോള്‍…’
എന്ന് വരണ്ടു കുഴയണം

കുഴഞ്ഞ നാവുകള്‍ കൊണ്ട് വരച്ച
ഒരമൂര്‍ത്ത ചിത്രത്തിലെ
ഈണത്തരികള്‍ പോലെ
ഒരു നാള്‍
നമ്മളോരോരുത്തുരായി ഇല്ലാതാവും

ഈ പാടം ഈ നാട് ഈ ഭൂമി
എരകപ്പൊന്ത പുതച്ച്
ശൂന്യതയുടെ അപ്പൂപ്പന്‍താടിക്കപ്പുറത്ത്
അലഞ്ഞു തിരിയും

അപ്പോഴുംം,
ശരണാലയമേ
സ്‌നേഹോന്മാദത്തിന്റെ ഭവനമേ
ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് ശകലമേ,

നീ പാടിക്കൊണ്ടിരിക്കുമോ

കടുനിറങ്ങളില്‍ പടര്‍ന്ന
നമ്മുടെ അതേ പാട്ടുകള്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍