UPDATES

സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര? നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കെജ്രിവാള്‍

ഡിടിസി (ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകളിലും മെട്രോകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാന്‍ ആലോചിക്കുന്നു – കെജ്രിവാള്‍ പറഞ്ഞു.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സൗജന്യങ്ങളും ക്ഷേമ പദ്ധതികളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നോട്ട്. ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യം നല്‍കല്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നാളെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന കെജ്രിവാള്‍ പറഞ്ഞു.

ഡിടിസി (ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകളിലും മെട്രോകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കാന്‍ ആലോചിക്കുന്നു. സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ജൂണ്‍ മൂന്നിന് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനമുണ്ടാകും – കെജ്രിവാള്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എഎപിക്ക് ഒരു സീറ്റും കിട്ടിയില്ല. ബിജെപി തൂത്ത് വാരി. അതേസമയം 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റാണ് അന്ന് കിട്ടിയത്. ഉയര്‍ന്ന വൈദ്യുതിനിരക്ക് കുത്തനെ കുറച്ചതിന് പുറമെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളടക്കം നിരവധി ക്ഷേമ പദ്ധതികളില്‍ നടപ്പിലാക്കിയത് 2020ലും അധികാര തുടര്‍ച്ചയ്ക്ക് സഹായിക്കും എന്ന പ്രതീക്ഷയിലാണ് കെജ്രിവാള്‍.

ഡിടിസിയിലും ഡിഐഎംടിഎസിലും (ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ സിസ്റ്റം) ഡിഎംആര്‍സിയിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഗതാഗത മന്ത്രി കൈലാഷ് ഗാലോട്ട് നേതൃത്വം നല്‍കി. അതേസമയം കെജ്രിവാളിന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും വെല്ലുവിളികളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഡിടിസിയിലും ഡിഐഎംടിഎസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമായേക്കാം. എന്നാല്‍ ഡല്‍ഹി മെട്രോയില്‍ ഇത് നടപ്പാക്കുക ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക ബാധ്യത തന്നെ പ്രധാന പ്രശ്‌നം. ഡല്‍ഹി സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി നിരന്തര സംഘര്‍ഷത്തിലായിരുന്നതും മെട്രോയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് പ്രശ്‌നമായേക്കും. ഡിഎംആര്‍സിയില്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തുല്യ ഓഹരി പങ്കാളിത്തമാണുള്ളത് (50 : 50).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍