ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക വിദഗ്‌ധയും എഎപി നേതാവുമായ മീര സന്യാൽ അന്തരിച്ചു

കൊച്ചിയിൽ ജനിച്ച മീര 30 വർഷം നീണ്ട ബാങ്കിങ് കരിയർ രാജിവച്ചായിരുന്നു പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്.

പ്രമുഖ സാമ്പത്തിക വിദഗ്ധയും എഎപി നേതാവുമായിരുന്ന മീരാ സന്യാല്‍ (57) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. കൊച്ചിയിൽ ജനിച്ച മീര 30 വർഷം നീണ്ട ബാങ്കിങ് കരിയർ രാജിവച്ചായിരുന്നു പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. സ്കോട്ട്ലൻഡ്​ റോയൽ ബാങ്ക്​ സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ് മീരാ സന്യാല്‍ 2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ ആം ആദ്​മി ടിക്കറ്റിൽ മുംബൈ സൗത്ത്​ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയത്. എന്നാൽ പരാജയപ്പെടുകയായിരുന്നു. 2009 ലും മുംബൈ സൗത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി സന്യാൽ മൽസരിച്ചിട്ടുണ്ട്.

മീരയുടെ നിര്യാണത്തിലൂടെ മികച്ച സാമ്പത്തിക വിദഗ്ധയെയും മാന്യയായ വ്യക്തിയെയുമാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

നേവൽ ഓഫീസറായിരുന്ന ഗുലാബ് മോഹൻലാൽ ഹിരാനന്ദാനിയുടെ മകളായി 1961 ഒക്ടോബർ 15 ന് കൊച്ചിയിലായിരുന്നു മീരാ സന്യാലിന്റെ ജനനം. മുംബൈ ഫ്രാൻസ് എന്നിവിടങ്ങളിലായിരുന്നു സന്യാലിന്റെ വിദ്യാഭ്യാസം. ആഷിശ് ജെ സന്യാലാണ് ഭർത്താവ്.
രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം പ്രധാൻ എന്ന സർക്കാർ ഇതര സംഘടനയുടെ ഡയറക്ടറായും പ്രവർത്തിച്ച് വരികയായിരുന്നു മീര സന്യാൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍