TopTop

കാശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്നതായി ചൈന

കാശ്മീരിലെ ഇന്ത്യയുടെ നടപടികള്‍ തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്നതായി ചൈന
ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളും നടത്തുന്ന നീക്കങ്ങളും തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണ് എന്ന് ചൈന. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി ഇവയെ മാറ്റുന്നതായി അറിയിച്ചിരുന്നു. പ്രധാനമായും ലഡാകുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കെതിരെ ചൈനയുടെ വിമര്‍ശനം.

ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പ്രസ്താവനയിലാണ് പ്രതിഷേധമറിയിച്ചത്. മേഖലയില്‍ ചൈനയുടെ പരമാധികാരം വകവയ്ക്കാതെ ഇന്ത്യ നിയമലംഘനം തുടരുകയാണ് എന്ന് ചൈനീസ് വക്താവ് ആരോപിച്ചു. ഇത് അ്ംഗീകരിക്കാനാകില്ലെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

കാശ്മീരിലെ നിലവിലെ സ്ഥിതിഗതികളില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. ഈ പ്രശ്‌നത്തില്‍ ഇന്ത്യയും പാകിസ്താനും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം. അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലേയ്ക്ക് ഇന്ത്യ പോകരുത് - ചൈനീസ് വക്താവ് പറഞ്ഞു. കാശ്മീരിലെ അക്‌സായ് ചിന്‍ ചൈനയുടെ കൈവശമാണ്. ലഡാക്കും പതിറ്റാണ്ടുകളായി ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശമാണ്.

2014 സെപ്റ്റംബറില്‍ ചൈനീസ് സേന വടക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം സംഘര്‍ഷമുണ്ടായിരുന്നു. ചൈനയുടെ കൈവശമുള്ള അക്‌സായ് ചിനും പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പാകിസ്താന്‍ അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീര്‍ വിഭജന ബില്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.

Next Story

Related Stories