TopTop
Begin typing your search above and press return to search.

കേരളം എൻഡിഎ മുന്നേറ്റത്തിന് പാകമായി; തിരഞ്ഞെടുപ്പിൽ അനന്ത സാധ്യതകൾ: പിഎസ് ശ്രീധരൻ പിള്ള

കേരളം എൻഡിഎ മുന്നേറ്റത്തിന് പാകമായി; തിരഞ്ഞെടുപ്പിൽ അനന്ത സാധ്യതകൾ: പിഎസ് ശ്രീധരൻ പിള്ള
എൽഡിഎഫിന്റെ അക്രമരാഷ്ട്രീയവും യുഡിഎഫിന്റെ നിഷ്ക്രിയത്വവും മടുത്ത ജനങ്ങൾ എൻഡിഎക്കു പിന്തുണ നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. അനന്തമായ സാധ്യതയാണ് എൻഡിഎക്ക് ഇപ്പോൾ കേരളത്തിലുള്ളത്. പാർട്ടി കേന്ദ്ര നേതൃത്വം നടത്തിയ സർവേകളിലെല്ലാം സംസ്ഥാനത്ത് എൻഡിഎയുടെ സാധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും എൻഡിഎ സംസ്ഥാന നേതൃയോഗത്തിനു ശേഷം ശ്രീധരൻപിള്ള പറഞ്ഞു.

സംസ്ഥാനത്തെ എൽഡിഎഫ് ഭരണം പരാജയമാണ്. ഇത്രയും അധപതിച്ച ഭരണം രാഷ്ട്രീയ കേരളത്തിലുണ്ടായിട്ടില്ല. ഈ അവസരം എൻഡിഎക്ക് അനുകൂലമാണ്. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ല. എന്നാൽ പദങ്ങൾ സൂക്ഷിച്ചുപയോഗിക്കുകയാണെന്നും പിള്ള പ്രതികരിച്ചു.

മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഘടകകക്ഷികളുമായി സംസ്ഥാനത്തെ സീറ്റു ധാരണകള്‍ പൂർത്തിയായിട്ടുണ്ട്. 20 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥികൾ മൽസരിക്കും. ഘടകകക്ഷികൾ മുന്നോട്ട് വച്ച നിർദേശങ്ങളിൽ അന്തിമതീരുമാനം കേന്ദ്രകമ്മിറ്റിയുടേതാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. നിലവിൽ കേരളം എൻഡിഎ മുന്നേറ്റത്തിന് പാകമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് കരുതുന്നു. ഫെബ്രുവരി 20 നകം ലോക്സഭാ കൺവെൻഷനുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ കേരളസന്ദർശനം പരാജയപ്പെടുത്താൻ 3 ജില്ലകളിൽ ബിജെപി പ്രവർത്തകരെ കള്ളക്കേസിലുൾപ്പെടുത്തി ജയിലിലടക്കുകയാണെന്ന് ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയാണ്. ഫോണിൽ ശബരിമലയെ അനുകൂലിക്കുന്നതോ, സർക്കാരിനെ വിമർശിക്കുന്നതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ ജയിലിലടക്കുന്ന സ്ഥിതിയാണുള്ളത്.
പൊലീസ് വേട്ടയാടലിനെതിരെ ജനുവരി 16ന് 11 ജില്ലകളിൽ ഉപവാസം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന 3 ജില്ലകളെയാണ് ഉപവാസ സമരത്തിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു.

Next Story

Related Stories