TopTop
Begin typing your search above and press return to search.

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
മുന്‍ മന്ത്രിയും മുസ്ലിംലീഗ് മുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കബറടക്കം ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കളം അബ്ദുള്ള പാര്‍ട്ടി സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു. 1987 മുതല്‍ തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്ക് തരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ 2004 വരെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായി. അവസാനം മല്‍സരിച്ച 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചെങ്കിലും സി എച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെട്ടിരുന്നു.

മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ചെര്‍ക്കളം 1972 മുതല്‍ പത്തുവര്‍ഷത്തിലധികം മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. ജില്ലാ ജനറല്‍ സെക്രട്ടറി, 2002 മുതല്‍ ജില്ലാപ്രസിഡന്റ്, എസ്ടിയു സംസ്ഥാന പ്രസിഡന്റ്, ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍ക്കോട് പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു അദ്ദേഹം.

ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യുമ്മയുടെയും മകനാണ്. ചെര്‍ങ്കളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിഷയാണ് ഭാര്യ, മക്കള്‍ മെഹ്‌റുന്നീസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാപഞ്ചായത്ത് അംഗം), സി എ മുഹമ്മദ് നാസര്‍, സി എ അഹമ്മദ് കബീര്‍ (എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ പി അബ്ദുല്‍ഖാദര്‍, അഡ്വ. അബ്ദുല്‍മജീദ്, നുസ്വത്ത് നിഷ , ജസീമ ജാസ്മിന്‍ . സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി ബദിയടുക്ക, പരേതരായ അഹമ്മദ്, കപാടിയ അബ്ദുള്‍ഖാദര്‍, നഫീസ കാപ്പില്‍.

Next Story

Related Stories