UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ്: ബിജെപി നേതാവ് സഹായിച്ചതായി ക്രിസ്റ്റ്യന്‍ മിഷേല്‍; മറ്റ് ഇടപാടുകളിലും കൈക്കൂലി വാങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌

അഗസ്റ്റ ഇടപാട് ഉയര്‍ത്തിക്കാട്ടി റാഫേല്‍ ആരോപണങ്ങള്‍ക്ക് നേരെ പ്രതിരോധമുയര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍.

ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നേരിടുന്ന അഗസ്റ്റവെസ്റ്റ്‌ലാന്‍ഡിലെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ബിജെപി നേതാവ് സഹായിച്ചെന്ന് അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. അഗസ്റ്റ ഇടപാട് ഉയര്‍ത്തിക്കാട്ടി റാഫേല്‍ ആരോപണങ്ങള്‍ക്ക് നേരെ പ്രതിരോധമുയര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍. എബിപി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോണിയ ഗാന്ധിയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനും സോണിയയ്ക്കുമെതിരെ കടന്നാക്രമണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന പരാമര്‍ശം മിഷേല്‍ നടത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു. അതേസമയം നിലവില്‍ രാജ്യസഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബിജെപി നേതാവ് സഹായിച്ചു എന്നാണ് മിഷേലിന്റെ വെളിപ്പെടുത്തലെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ക്രിസ്റ്റിയന്‍ മിഷേല്‍ മറ്റ് പ്രതിരോധ ഇടപാടുകളിലും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കോടതി ഫെബ്രുവരി 27 വരെ മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മിഷേലിന് 24.25 മില്യണ്‍ യൂറോയും (ഏതാണ്ട് 1,92,15,46,391.65 ഇന്ത്യന്‍ രൂപ) 1,60,96,245 പൗണ്ടും കൈക്കൂലിയായി ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ഹവാല ഇടപാടുകാര്‍ വഴി പണം കൈപ്പറ്റിയെന്നും വസ്തുക്കള്‍ വാങ്ങാന്‍ ഇത് ഉപയോഗിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. വളരെ ശ്രമകരമായ എക്‌സ്ട്രാഡിഷന്‍ നടപടികളിലൂടെയാണ് മിഷേലിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത്. പല ചോദ്യങ്ങള്‍ക്കും വൈരുദ്ധ്യമുള്ള ഉത്തരങ്ങളാണ് പറയുന്നത് – എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. നേരത്തെ എന്‍ഫോഴ്‌സമെന്റിന്റെ ആവശ്യപ്രകാരം മിഷേലിന്റെ അഭിഭാഷകന് മിഷേലിന് കാണുന്നതിനുള്ള സമയത്തില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍