ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസിനെ വളർത്തുന്ന പരിപാടി സിപിഎം ഇനിയെങ്കിലും അവസാനിപ്പിക്കണം: രമേശ്‌ ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ജാതി പറഞ്ഞാക്ഷേപിച്ചെന്നും ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ജാതിപറഞ്ഞാക്ഷേപിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. “തികഞ്ഞ ദൗർഭാഗ്യകരമായ സംഭവമാണത്. വർഗ രാഷ്ട്രീയത്തിൽ നിന്നും വർഗീയ രാഷ്ട്രീയത്തിലേക്കുള്ള സിപിഎമ്മിന്റെ അധ:പതനം മൂലമാണ് പാർട്ടിസെക്രട്ടറി ഇങ്ങനെയൊക്കെ ആക്ഷേപിക്കുന്നത്”, ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷത്തെ ഡെപ്യുട്ടി ലീഡർ ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ പാർട്ടി സെക്രട്ടറി ആണെങ്കിലും ഡെപ്യുട്ടി ലീഡർ ആയിരിക്കേണ്ട യോഗമാണ് അദ്ദേഹത്തിനുള്ളത്. ആജീവനന്തകാലം ഡെപ്യുട്ടി ലീഡർ ആകേണ്ടി വരുമോ എന്ന ഭയം മൂലമാണ് കോടിയേരി ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

സിപിഎം ആർഎസ്എസിനെ വളർത്തുകയാണെന്നും ഈ പരിപാടി ഇനിയെങ്കിലും  അവസാനിപ്പിക്കണമെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ എന്നെ ജാതിപറഞ്ഞു ആക്ഷേപിച്ചത് തികഞ്ഞ ദൗർഭാഗ്യകരമായ സംഭവമാണ്. വർഗ രാഷ്ട്രീയത്തിൽ നിന്നും വർഗീയ രാഷ്ട്രീയത്തിലേക്കുള്ള സിപിഎമ്മിന്റെ അധ:പതനം മൂലമാണ് പാർട്ടിസെക്രട്ടറി ഇങ്ങനെയൊക്കെ ആക്ഷേപിക്കുന്നത്.

കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷത്തെ ഡെപ്യുട്ടി ലീഡർ ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ പാർട്ടി സെക്രട്ടറി ആണെങ്കിലും ഡെപ്യുട്ടി ലീഡർ ആയിരിക്കേണ്ട യോഗമാണ് അദ്ദേഹത്തിനുള്ളത്.ആജീവനന്തകാലം ഡെപ്യുട്ടി ലീഡർ ആകേണ്ടി വരുമോ എന്ന ഭയം മൂലമാണ് കോടിയേരി ഇങ്ങനെയൊക്കെ പെരുമാറുന്നത്.

ജാതീയമായി ആക്ഷേപിച്ചു കോടിയേരി ബാലകൃഷ്ണൻ ഇത്രയും തരം താഴരുത്. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽക്കേ രാഷ്ട്രീയത്തിൽ ഉള്ള ആളാണ് ഞാൻ. അമ്പത് വർഷത്തോളമായി പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്നു. ഒരാളെയും ഇങ്ങനെ ആക്ഷേപിക്കരുത്. എം കെ മുനീറിനെയും എൻ കെ പ്രേമചന്ദ്രനെയും എന്നെയുമൊക്കെ സംഘി ചാപ്പ കുത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കമ്മികൾ ആക്ഷേപം നടത്തുന്നത് ശ്രദ്ധിക്കാറുണ്ട്. ഇതിന്റെയെല്ലാം പ്രഭവകേന്ദ്രം കൊടിയേരി ആണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്. മാറാല കെട്ടിയ ഇടുങ്ങിയ മനസ്സിൽ ജാതിചിന്ത സൂക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം ജാതീയമായ പരാമർശം കോടിയേരിയുടെ വായിൽ നിന്ന് വീണത്. വർഗീയ മതിലിന് ശേഷം മനുഷ്യരെ ക്രിസ്ത്യൻ ,മുസ്‌ലിം ,ഹിന്ദുക്കളിലെ ഉപജാതികൾ എന്നിങ്ങനെയാണ് പാർട്ടി സെക്രട്ടറി കാണുന്നത്. ആർ.എസ്.എസിനെ വളർത്തുന്ന പരിപാടി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം.

പിന്നെ ഒരുകാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം.സിപിഎം വിതരണം ചെയ്യുന്ന മതേതര സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട. ലീഡർ കെ കരുണാകരൻ ഞങ്ങളോട് ഒരു കാര്യം ഓർമിപ്പിക്കാറുണ്ടായിരുന്നു. സിപിഎമ്മും ദേശാഭിമാനിയും എന്തെങ്കിലും നല്ലത് പറഞ്ഞാൽ ആ കോൺഗ്രസുകാരന് എന്തെക്കെയോ സാരമായ കുഴപ്പം പറ്റിയിട്ടുണ്ടെന്ന്. നിങ്ങൾ ഞങ്ങളെ എതിർക്കുംതോറും ഞങ്ങൾ ശരിയായ വഴിയിലാണ് എന്ന് കൂടുതൽ ബോധ്യം വരികയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍