TopTop
Begin typing your search above and press return to search.

200 കി.മി വേഗതയില്‍ കാറ്റ്, 'ഫോനി' ഒഡീഷ തീരം തൊട്ടു; 11.5 ലക്ഷം പേരെ ഒഴിപ്പിച്ചു

200 കി.മി വേഗതയില്‍ കാറ്റ്,
അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരി തീരത്താണ് ഒമ്പത് മണിയോടെ ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചത്. ഫോനിയുടെ പശ്ചാത്തലത്തിൽ ഒഡീഷയ്ക്ക് പുറമെ സമീപ സംസ്ഥാനങ്ങളായ ബംഗാളിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. മണിക്കൂറില്‍ 170-200 കിലോമീറ്റര്‍ വേഗതത്തിൽ കാറ്റ് വീശിയടിക്കുന്നത്. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിരുന്നത്.

അതേസമയം, ഫോനി കനത്ത നാശം വിതയാക്കാന്‍ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങൾ ഉള്‍പ്പെടെ അടച്ചിടിരിക്കുകയാണ്. ഭൂബനേശ്വര്‍ വിമാനത്താവളം ഇന്നലെ അര്‍ദ്ധരാത്രിയോടെയും കൊൽക്കത്ത ഇന്നും അടച്ചു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ചയോടെ ബംഗാള്‍ തീരത്തുകൂടി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഒഡീഷയിൽ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, ഒഡീഷയിലെ 14 ജില്ലകളിലുള്ള 12 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിളെയും ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.

900 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഫോനിയുടെ സഞ്ചാര പഥത്തില്‍ 10,000 ഗ്രാമങ്ങളും 50 നഗരങ്ങളും ഉണ്ടെന്നാണ് ഒദ്യോഗിക കണക്ക്. തൊട്ടടുത്ത സംസ്ഥാനമായ ബംഗാളിലും ഫോനിയുടെ അലയൊലികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 200 ഓളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജമാണ്. സംസ്ഥാനത്തെ ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കപ്പൽ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഒരുക്കിയാണ് സൈന്യം കാത്തിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് ഫോനിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തി.ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും അടിയന്തിരമായി പിൻവാങ്ങാൻ ടൂറിസ്റ്റുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. 11 ജില്ലകള്‍ക്കാണ് ഇളവ് ബാധകമാവുക. ഇതിനോടകം വോട്ടെടുപ്പ് പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Next Story

Related Stories