UPDATES

ട്രെന്‍ഡിങ്ങ്

രാജി തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് പുറത്ത് കോണ്ഗ്രസ് നേതാക്കളുടെ നിരാഹാരം

രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്ക് പുറത്തു കോണ്ഗ്രസ് പ്രവർത്തകരുടെ നിരാഹാരം. നാല് നേതാക്കളാണ് നിരാഹാരമിരിക്കുന്നത്. ഡൽഹി പ്രദേശ് കോണ്ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിൽ ആണ് നാലു പേർ നിരാഹാരമരിക്കുന്നത്. രാഹുൽ രാജി പിൻവലിക്കും വരെ നിരാഹാരം തുടരുമെന്ന് പ്രവർത്തകർ പറയുന്നു. അതേസമയം രാജി വയ്ക്കും എന്ന തീരുമാനത്തിലുറച്ച് ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, രൺദ്വീപ് സുര്‍‌ജ്ജെവല എന്നിവരാണ് ഇന്ന് രാഹുലിനെ കണ്ടത്. കൂടിക്കാഴ്ചയിലും രാഹുൽ നിലപാട് ആവർത്തിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ സമയം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. രാഹുലിനെ രാജി വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഈ തീരുമാനത്തോട് യോജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂല മാറ്റമുണ്ടായേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

ALSO READ: പ്രസിഡന്റ് സ്ഥാനം രാജി വച്ചാലും ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ തന്നെ നയിക്കുമോ?

രാജി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും നാടകം കളിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍ ആരോപിച്ചിരുന്നു. ആത്മാർത്ഥത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി നാടകം കളിക്കാതെ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്‍ക്കണമെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്റെ പ്രതികരണം. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കി ബിജെപിക്ക് വൻ വിജയം സമ്മാനിച്ചത് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമാണ്. ഇടത് പാർട്ടികൾ രാജി നാടകത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ന്യൂസ് 18 നോട് പ്രതികരിച്ചു.

ഒഴിയാനാണ് തീരുമാനമെങ്കിൽ വിലകുറഞ്ഞ നാടകം കളിക്കാതെ രാഹുൽ അത് ഉടൻ നടപ്പാക്കണം. ബി.ജെ.പിയുടെ വിജയത്തിന് ഉത്തരവാദി രാഹുല്‍ഗാന്ധിയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതെ രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തിയത്. അതേസമയം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുലും പ്രിയങ്കയും നടത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും പി ചിദംബരത്തിനും സ്വന്തം മക്കളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യമെന്നും പാര്‍ട്ടിയുടെ കാര്യത്തിലില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. മക്കളുടെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ എന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു.

എന്റെ സഹോദരന്‍ ഓടി നടന്ന് പ്രചാരണം നടത്തുമ്പോള്‍, റാഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുമ്പോള്‍ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം രാഹുല്‍ തിരക്കിട്ട് രാജി വച്ചാല്‍ അത് ബിജെപിയുടെ കെണിയില്‍ വീണുകൊടുക്കുന്നത് പോലെയാകും എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി രാജി വച്ചാല്‍ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും എന്നാണ് പി ചിദംബരം പറഞ്ഞത്.

ALSO READ: “ജ്യോതിരാദിത്യയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ”: രാജസ്ഥാനിലെ പോലെ മധ്യപ്രദേശിലും ഗ്രൂപ്പ് പോര് രൂക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍