Top

പ്രകാശന്‍ തമ്പിയേയും വിഷ്ണുവിനേയും അറിയില്ല എന്ന് പറഞ്ഞിട്ടില്ല: ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

പ്രകാശന്‍ തമ്പിയേയും വിഷ്ണുവിനേയും അറിയില്ല എന്ന് പറഞ്ഞിട്ടില്ല: ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും സംശയങ്ങളും വീണ്ടും സജീവമായിരിക്കെ, സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രകാശന്‍ തമ്പി അടക്കമുള്ളവരെ അറിയില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നിരീക്ഷണത്തിലാണ് ലക്ഷ്മി എന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബാലഗോപാലിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. അതേസമയം പ്രതികളായ പ്രകാശനേയും വിഷ്ണുവിനേയും അറിയില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും സത്യം പുറത്തുവരട്ടെ എന്നുമാണ് ലക്ഷ്മി പറയുന്നത്.

ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്നു പ്രകാശന്‍ തമ്പി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍എ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന സംശയമുയര്‍ന്നത്.

ALSO READ: കടത്തിയത് 1000 കിലോയിലധികം സ്വർണം, നികുതിയിനത്തിൽ മാത്രം നഷ്ടം 35 കോടിയിലധികം; ബാലഭാസ്കറിന്റ മരണം വിരൽ ചൂണ്ടുന്നത് വൻ റാക്കറ്റിലേക്ക്?


സ്വർണക്കടത്തു കേസിലെ പ്രതികളായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മാനേജർമാരല്ലായിരുന്നെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് താനിട്ടതല്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. കൊച്ചിയിലെ ഏജൻസിയാണ് ഈ പോസ്റ്റിട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയതായി ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ലക്ഷ്മിയുടെ പേരിലായിരുന്നു ഈ കുറിപ്പ് ബാലഭാസ്കറിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്രകാരമായിരുന്നു കുറിപ്പ്: “തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, സ്നേഹത്തോടെ”

ഇംഗ്ലീഷിലും ഈ കുറിപ്പിന്റെ പരിഭാഷ നൽകിയിരുന്നു. ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തലോടെ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്.

Next Story

Related Stories