TopTop
Begin typing your search above and press return to search.

മികച്ച ഒരു നിരയെ അണിനിരത്തിയപ്പോള്‍ അതിലെങ്ങനെ അന്‍വറിനെപ്പോലെ ഒരാള്‍ കടന്നുകൂടി?

മികച്ച ഒരു നിരയെ അണിനിരത്തിയപ്പോള്‍ അതിലെങ്ങനെ അന്‍വറിനെപ്പോലെ ഒരാള്‍ കടന്നുകൂടി?

മൂന്നോ നാലോ സീറ്റുകളൊഴികെ ഇടതുപാനല്‍ മികച്ചതു തന്നെ. ആളെ നോക്കി വോട്ടു ചെയ്യുന്നവര്‍ക്കു തീര്‍ച്ചയായും ആഹ്ലാദിക്കാം. സാനു മുതല്‍ സതീഷ്ചന്ദ്രന്‍ വരെയുള്ളവര്‍ നമ്മെ നിരാശപ്പെടുത്തുകയില്ല. സമ്പത്തും രാജേഷും ലോകസഭയിലുണ്ടാവണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? പാര്‍ലമെന്റ് വ്യവഹാരങ്ങളെ ജനഭാഷയിലേക്കു പരിഭാഷപ്പെടുത്താന്‍ ഇവരോളം ഏറെപ്പേര്‍ക്കു കഴിഞ്ഞിട്ടില്ല.

ഇങ്ങനെ മികച്ച ഒരു നിരയെ അണിനിരത്തിയപ്പോള്‍ പക്ഷെ അതിലെങ്ങനെ അന്‍വറിനെപ്പോലെ ഒരാള്‍ കടന്നുകൂടി? ജനവിരുദ്ധ- പരിസ്ഥിതി വിരുദ്ധ കടന്നുകയറ്റങ്ങളും കുറ്റകൃത്യങ്ങളും നടത്തിയ ദുര്‍വൃത്തസംഘങ്ങളില്‍ നിന്നുമൊരാള്‍ വേണമെന്നു തോന്നാന്‍ കാരണമെന്താവും? ഒരു വിജയത്തിനു വേണ്ടി ഏതറ്റംവരെയും തരംതാഴാമെന്ന നിലയിലെത്തിയോ പാര്‍ട്ടി? അതോ അന്‍വറിന്റെ ക്രിമിനല്‍ ധന മാടമ്പിപ്രൗഢിക്കു വരുതിയില്‍ നിര്‍ത്താവുന്ന ബലമേയുള്ളു പാര്‍ട്ടിക്ക് എന്നു വന്നിരിക്കുമോ?

പൊന്നാനിയില്‍ ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്ന ഈ സ്ഥാനാര്‍ത്ഥി എങ്ങനെ ഇടതുപക്ഷമാവുമെന്ന് അറിയുന്നില്ല. ഭൂമികയ്യേറ്റം, കുടിവെള്ളം മുട്ടിച്ച നിയമവിരുദ്ധ തടയണ നിര്‍മാണം, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വഴിവെയ്ക്കുന്ന വാട്ടര്‍തീം പാര്‍ക്കു നിര്‍മാണം, പദവിയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ദുരുപയോഗം, പ്രവാസിയില്‍നിന്നു ലക്ഷങ്ങള്‍ കൊള്ളയടിച്ചതിന്റെ പേരിലുള്ള കേസും ദുഷ്കീര്‍ത്തിയും - ഇവയൊക്കെ ഒരു സ്ഥാനാര്‍ത്ഥിക്കു അലങ്കാരമാവുമോ? എങ്ങനെ പൊതുവേദിയില്‍ ഇതുപോലൊരാളെ ഇടതുപക്ഷത്തിന് അവതരിപ്പിക്കാനാവും? ഒന്നു ആഞ്ഞു പിടിച്ചാല്‍ പൊന്നാനിയില്‍ ജയിക്കാം എന്ന സന്ദര്‍ഭം വന്നപ്പോള്‍, പണക്കൊഴുപ്പില്‍ ആ സാധ്യത പുറംതള്ളുകയാണ് ഇടതുപക്ഷം.

വടകരയില്‍ ജയരാജനെ മത്സരിപ്പിക്കുന്നതും രാഷ്ട്രീയ ധാര്‍മികതക്കെതിരായ വെല്ലുവിളിയാണ്. കൊലപാതക രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പു അജണ്ടയിലേക്കു കയറ്റി വെയ്ക്കുകയാണവിടെ. ചന്ദ്രശേഖരന്റെ രക്തത്തോടുള്ള വെല്ലുവിളിയാണത്. ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയ ജാഗരണമുണ്ടാവേണ്ട സന്ദര്‍ഭത്തെ നാട്ടുവൈര - പകപോക്കലുകളുടെ ദുഷിച്ച കണക്കു തീര്‍ക്കലുകളിലേയ്ക്കു ഇറക്കി നിര്‍ത്തുകയാണ് സി പി എം. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒപ്പം നില്‍ക്കേണ്ടവരെപ്പോലും നാട്ടുകണക്ക് എണ്ണിപ്പറഞ്ഞു എതിര്‍പക്ഷത്തേക്കു മാറ്റുന്ന വൈഭവമാണത്. ചന്ദ്രശേഖരനെ ഉണര്‍ത്തിയും ഓര്‍മ്മപ്പെടുത്തിയും വെല്ലുവിളിച്ചാല്‍ തെരഞ്ഞെടുപ്പിനപ്പുറം നീളുന്ന ഒരു ശത്രുതയെ സ്ഥാപിക്കല്‍ മാത്രമാവും ഫലം. അത് ഇടതുപക്ഷ രാഷ്ട്രീയത്തിനു ഗുണം ചെയ്യില്ല.

മികച്ച പാനല്‍ അവതരിപ്പിക്കുമ്പോഴും അതില്‍ അഴിമതിയും കൊള്ളയും അക്രമവും കയ്യേറ്റവും സാധൂകരിക്കപ്പെടുന്നവിധം ചില സ്ഥാനാര്‍ത്ഥികള്‍ വന്നുപെടുന്നത് നോട്ടപ്പിശകുകൊണ്ടല്ല. രാഷ്ട്രീയ ബോധത്തിലും പ്രത്യയശാസ്ത്ര നിലപാടിലും ജീര്‍ണത തീണ്ടുന്നതുകൊണ്ടാണ്. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നുവെങ്കില്‍ അതിനു മറ്റു കാരണങ്ങള്‍ തെരയേണ്ടതുമില്ല.

ആസാദ്

10 മാര്‍ച്ച് 2019


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories