UPDATES

വാര്‍ത്തകള്‍

കള്ളവോട്ട് മാപ്പർ‌ഹിക്കാത്ത കുറ്റം: ടിക്കാറാം മീണ

പോസ്റ്റൽ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടിയെ കുറ്റപ്പെടുത്താനില്ല

കള്ളവോട്ട് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂർ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കള്ളവോട്ട് ചെയ്തവർ മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരിൽ 13 കള്ളവോട്ടുകൾ ചെതെന്ന് സ്ഥിരീകരിച്ചതായി അറിയിച്ച ടിക്കാറാം മീണ ഇവിടങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ കടുത്ത അനാസ്ഥയാണെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. ധർമ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവർത്തകനാണ്. പാമ്പുരുത്തിയിൽ 12 കള്ളവോട്ട് നടന്നു. ലീഗ് പ്രവർത്തകരാണ് ഇവിടെ കൃത്രിമം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെടുക്കും. അന്വേഷണം മന്ദഗതിയിലാണെങ്കിൽ തീർച്ചയായും ഇടപെടും. പൊലീസാണ് നടപടി എടുക്കേണ്ടത്. മിണ്ടാതിരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

പോലീസിൽ ആകെയുള്ളത് 63,538 പോസ്റ്റൽ വോട്ടുകളാണുള്ളത്. തിരിച്ച് കിട്ടിയത് 7924 വോട്ട് മാത്രമാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും അധികം പോസ്റ്റൽ വോട്ട് വന്നത്. 1048 വോട്ടുകൾ തിരുവനന്തപുരത്ത് തിരിച്ച് വന്നിട്ടുണ്ട്. എന്നാൽ ബാക്കി എല്ലാം കള്ളവോട്ടാണെന്നൊന്നും പറയാനാകില്ലെന്നും മീണ വ്യക്തമാക്കി.

അതേസമയം, പോസ്റ്റൽ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടിയെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ നടപടി അദ്ദേഹത്തിന്റെ അവകാശമാണ്, അതിന് കോടതിയിൽ മറുപടി പറയുമെന്നും ടിക്കാറാം മീണ വ്യക്തമാക്കുന്നു.

പാമ്പുരുത്തിയിൽ 12 ഉം ധര്‍മ്മടത്ത് ഒന്നും കള്ളവോട്ടുകൾ പോൾചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ 9 ലീഗ് പ്രവർത്തകർക്കും 1 സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു. ധർമ്മടത്തെ സംഭവത്തിലാണ് സിപിഎം പ്രവർത്തകന്റെ പേരില്‍ കേസ്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാനാണ് നിർദേശം.

കള്ളവോട്ട് വ്യാപകമായതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും കണ്ടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഗുരുതരമായ വിഴ്ചയാണ് കള്ളവോട്ടിന് പിന്നിൽ. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടിയുണ്ടാവും. ഇതിന് പുറമെ ഇത്തരം വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാകളക്ടരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിക്ക് നിർദേശം എന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ വാർത്താകുറിപ്പിൽ പറയുന്നു. പാമ്പുരത്തിയിൽ പ്രിസൈഡിങ് ഒാഫീസർ, മൈക്രോ ഒബ്സർവർ, പോളിങ് ഒാഫീസർ എന്നിവർ ഗുരുതര വീഴ്ച വരുത്തി. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 പ്രകാരം കേസെടുക്കും. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമീഷൻ നിർദേശിച്ചിട്ടുണ്ട്.

ഗൾഫിൽ ഉള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്റെയും ഇടത് സ്ഥാനാർത്ഥി പികെ ശ്രീമതിയുടെയും ബൂത്ത് ഏജന്റുമാർ നൽകിയ പരാതിയാലാണ് നടപടി. പോളിങ്ങ് സ്റ്റേഷനിലെ സിസിടിവി വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളവോട്ട് കണ്ടെത്തിയത്.

പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലും, ധർമ്മടത്ത് ബുത്ത് നമ്പർ 52 ലുമാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. സലാം മർഷദ്, ഉനൈസ് കെപി എന്നിവർ രണ്ട് തവണ വീതവും, കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൽ സലാം, സാദിഖ് കെപി, സമദ്, മുഷദർ എന്നിവർ ഒരോ തവണയും കള്ളവോട്ട് ചെയ്തെന്നും ജില്ലാകളക്ടർ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം തെളിവെടുപ്പ് വേളയില്‍ വ്യക്തമായിരുന്നതായും കളക്ടര്‍ പറയുന്നു.

Read More- ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍