വാര്‍ത്തകള്‍

കണ്ണൂരിൽ 13 കള്ളവോട്ട് കൂടി സ്ഥിരീകരിച്ചു; 9 ലീഗുകാര്‍ക്കും സിപിഎം പ്രവർത്തകനെതിരെയും കേസ്, ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും റിപ്പോർട്ട്

പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലും, ധർമ്മടത്ത് ബുത്ത് നമ്പർ 52 ലുമാണ് കള്ളവോട്ട് നടന്നിരിക്കുന്നത്.

ലോക്സസഭാ തിര‍ഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കൂടുതൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. പാമ്പുരുത്തിയിലും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തും കള്ളവോട്ട് നടന്നെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരീകരണം. പാമ്പുരുത്തിയിൽ 12 ഉം ധര്‍മ്മടത്ത് ഒന്നും കള്ളവോട്ടുകൾ പോൾചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ 9 ലീഗ് പ്രവർത്തകർക്കും 1 സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു. ധർമ്മടത്തെ സംഭവത്തിലാണ് സിപിഎം പ്രവർത്തകന്റെ പേരില്‍ കേസ്. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കാനാണ് നിർദേശം.

അതേസമയം, കള്ളവോട്ട് വ്യാപകമായതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും കണ്ടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഗുരുതരമായ വിഴ്ചയാണ് കള്ളവോട്ടിന് പിന്നിൽ. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടിയുണ്ടാവും. ഇതിന് പുറമെ ഇത്തരം വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാകളക്ടരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിക്ക് നിർദേശം എന്നും ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ വാർത്താകുറിപ്പിൽ പറയുന്നു. പാമ്പുരത്തിയിൽ പ്രിസൈഡിങ് ഒാഫീസർ, മൈക്രോ ഒബ്സർവർ, പോളിങ് ഒാഫീസർ എന്നിവർ ഗുരുതര വീഴ്ച വരുത്തി. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 പ്രകാരം കേസെടുക്കും. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമീഷൻ നിർദേശിച്ചിട്ടുണ്ട്.

ഗൾഫിൽ ഉള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന്റെയും ഇടത് സ്ഥാനാർത്ഥി പികെ ശ്രീമതിയുടെയും ബൂത്ത് ഏജന്റുമാർ നൽകിയ പരാതിയാലാണ് നടപടി. പോളിങ്ങ് സ്റ്റേഷനിലെ സിസിടിവി വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളവോട്ട് കണ്ടെത്തിയത്.

പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലും, ധർമ്മടത്ത് ബുത്ത് നമ്പർ 52 ലുമാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. സലാം മർഷദ്, ഉനൈസ് കെപി എന്നിവർ രണ്ട് തവണ വീതവും, കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൽ സലാം, സാദിഖ് കെപി, സമദ്, മുഷദർ എന്നിവർ ഒരോ തവണയും കള്ളവോട്ട് ചെയ്തെന്നും ജില്ലാകളക്ടർ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം തെളിവെടുപ്പ് വേളയില്‍ വ്യക്തമായിരുന്നതായും കളക്ടര്‍ പറയുന്നു.

ധർമ്മടത്ത് സായൂജ് എന്ന ആളാണ് കള്ളവോട്ട് ചെയ്തത്. ബൂത്ത് നമ്പർ 47ലെ വോട്ടറായ സായൂജ് ബൂത്ത് നമ്പർ 52ലും വോട്ട് ചെയ്തതായി ദൃശ്യങ്ങളിൽ കണ്ടെത്തി. കള്ള വോട്ട് നടന്ന സമയത്ത് ബുത്ത് ഏജന്റുമാർ ഏതിർപ്പ് ഉയർത്തിയിരുന്നെങ്കിലും പ്രിസൈഡിങ്ങ് ഓഫീസർ ഇടപെടാൻ തയ്യാറായില്ലെന്നും പരാതിയിൽ വ്യക്തമായതായി വാർത്താകുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Read More- ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍