UPDATES

യാത്രക്കാരെ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് കല്ലട ട്രാവൽസ്; ജീവനക്കാരെ കയ്യേറ്റം ചെയ്തെന്ന് ന്യായീകരണം

സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും ട്രാവൽസ് വിശദീകരിക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ വച്ച് തങ്ങളുടെ ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഖേദപ്രകടനം നടത്തിക്കണ്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വ്യക്തമാക്കുന്നു. അതേസമയം, യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചു. കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെയും കയ്യേറ്റം നടത്തിയെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും ട്രാവൽസ് വിശദീകരിക്കുന്നു.

അതേസമയം, സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്നും അധിതർ പറയുന്നു. മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മിഷണര്‍ അറിയിച്ചു. പോലീസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ഗതാഗത മന്ത്രി എ കെ ശശിധരന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഈ കാര്യത്തില്‍ കര്‍ശ്ശന നടപടിയുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. സംഭവം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നുവെന്നും പോലീസ് പറയുന്നു. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പോലീസ് മേധാവി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും.

കല്ലട ട്രാവല്‍സിന്റെ ബസ്സില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്കാണ്‌ ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്. യാത്രാമധ്യേ ബസ്സ് വഴിയില്‍ മണിക്കൂറുകളോളം പിടിച്ചിട്ടതിന്റെ കാരണമന്വേഷിച്ച യുവാക്കളെയാണ് ഗുണ്ടകളെത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബസ്സ് വഴിയരികില്‍ രാത്രിയില്‍ ദീര്‍ഘനേരം പിടിച്ചിടുകയും അതിന്റെ കാരണം വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ജീവനക്കാരോട് കാര്യം അന്വേഷിക്കുകയായിരുന്നു. ആരും മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രണ്ട് യുവാക്കള്‍ ഡ്രൈവറോട് ദേഷ്യപ്പെട്ട് സംസാരിക്കുകയുണ്ടായി.

സുരേഷ്‌ കല്ലട ബസ് സര്‍വീസിന്റെ സ്റ്റാഫിനോട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്നും ശരിയായ മറുപടി ലഭിച്ചില്ലെന്ന് ബസ്സിലെ യാത്രക്കാരിലൊരാളായ ജേക്കബ് ഫിലിപ്പ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഗുണ്ടകളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇദ്ദേഹം ബസ്സിലിരുന്ന് തന്നെ എഴുതിയ കുറിപ്പില്‍ പറയുന്നതു പ്രകാരം ഹരിപ്പാട് വെച്ചാണ് ബസ്സ് തകരാറിലായത്. എന്നാല്‍ ബസ്സ് തകരാറിലായെന്ന കാര്യം യാത്രക്കാരോട് പറയാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പകരം, കാരണമന്വേഷിച്ചവരോട് തട്ടിക്കയറുകയാണുണ്ടായത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍