TopTop

മന്ത്രി ശൈലജയുടെ വാക്കുകൾ വേദനിപ്പിച്ചെങ്കിലും പരാതിയില്ല: ദയാബായി

മന്ത്രി ശൈലജയുടെ വാക്കുകൾ വേദനിപ്പിച്ചെങ്കിലും പരാതിയില്ല: ദയാബായി
എൻഡോസൾഫാൻ ദുരിത ബാധിതർ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പാക്കാൻ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സാമൂഹ്യ പ്രവർത്തക ദയാബായി. സർ‌ക്കാർ നടത്തിയ ഉറപ്പുകളോടെ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരം വിജയിച്ചതിനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും. പ്രതിഷേധ സമരവുമായി സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ദയാ ബായി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുട്ടികളെ പ്രദർശിപ്പിച്ചുകൊണ്ടുള്ള സമരം ശരിയല്ലെന്നും, ശ്രദ്ധപിടിച്ചു പറ്റാനാണ് ഇതെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചു. എന്നാൽ ഇപ്പോൾ അവരോട് പരാതിയില്ലെന്നും ദയാബായി പറയുന്നു. സമരക്കാർ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതോടെ നാലുദിവസമായി തുടർന്ന് വന്ന നിരാഹാര സമരവും ദയാബായി അവസാനിപ്പിച്ചു.

ഇന്നലെ ഉച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് തീരുമാനമായത്. രാവിലെ ക്ലിപ് ഹൗസിലേക്ക് നടത്തിയ സങ്കടയാത്രക്ക് ശേഷമായിരുന്നു ചർച്ച. ഉച്ചക്ക് 1 മണിക്ക് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുമായിട്ടാണ് ആദ്യം ചർച്ച നടത്തിയത്. ഇതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സമരസമിതി നേതാക്കളോട് ആവശ്യങ്ങൾ അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് എൻഡോസള്‍ഫാന്‍ ദുരിത ബാധിതരുമായി കാസർക്കോട്ടെ മുപ്പത് അമ്മമാർ അഞ്ച് ദിവസമായി നടത്തിവന്ന സമരം ഒത്തുതീർന്നത്.

2017-ലെ മെഡിക്കല്‍ ക്യാംപില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1905 പേരില്‍ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തും. നേരത്തേ മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നിര്‍ബന്ധമില്ല. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന കൂടി നടത്തിയാകും തീരുമാനമെടുക്കും എന്നിവയാണ് സർക്കാർ അംഗീകരിച്ച വ്യവസ്ഥകൾ.

സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പ്രതിനിധികളായ അംബികാസൂതന്‍ മാങ്ങാട്, മുനീസ, കെ. സെമീറ, അരുണി ചന്ദ്രന്‍, കെ. സന്തോഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

Related Stories