UPDATES

കർഷക ആത്മഹത്യ; ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദേശം, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

റിസർവ്‌ ബാങ്ക്, നബാർഡ് എന്നിവയുമായും സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും ചർച്ച നടത്തും. ഈ മാസം 12നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്തിടെ തുടർച്ചയായി കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകിരിക്കാനൊരുങ്ങി സർക്കാർ. ഇക്കാര്യം ചർച്ചചെയ്യാൻ നാളെ അടിയന്തിര മന്ത്രി സഭായോഗം ചേരും. അതിനിടെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനും സർക്കാർ നിർദേശിച്ചു.  മന്ത്രി കടകം പള്ളി സുരേന്ദ്രന്റേതാണ് നിർദേശം.

അതിനിടെ, കർഷക ആത്മഹത്യകൾ തുടരുന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളുൾപ്പെടെയാണ് പലരുടെയും പ്രശനം. ഇത്തരം വായ്പകളിൽ കടങ്ങൾക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാൻ ബാങ്കുകൾ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് യോഗത്തിൽ പ്രത്യേകം വിലയിരുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റിസർവ്‌ ബാങ്ക്, നബാർഡ് എന്നിവയുമായും സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും ചർച്ച നടത്തും. ഈ മാസം 12നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

വിവിധ കര്‍ഷക സംഘടനകളുടെ കണക്ക് പ്രകാരം സംസ്ഥാനത്തുണ്ടായ പ്രളയത്തിന് ശേഷം പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മാത്രം മൂന്ന് കര്‍ഷകർ അത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് മിക്കവരെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്. പ്രളയത്തിന് പിറകെ ദുരിതബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് സർക്കാർ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സര്‍ഫാസി നിയമത്തിന്‍റെയും മറ്റും മറവില്‍ പല ബാങ്കുകളും ജപ്തി നടപടികള്‍ തുടർന്നതാണ് പ്രശ്നം വഷളാക്കിയത്.

അതിനിടെ, വായ്പകളുടെ പേരിൽ ബാങ്കുകൾ നടത്തുന്നത് ഗുണ്ടായിസമെന്ന് കൃഷിമന്ത്രി ആരോപിച്ചു. പ്രളയക്കെടുതിയിൽ പാടെ തകര്‍ന്ന ഇടുക്കിയിലെ കര്‍ഷകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണ്. യാതൊരു മാനുഷിക പരിഗണനയും നൽകാതെ ജപ്തി നോട്ടീസ് കര്‍ഷകനെ ഭീഷണിപ്പെടുത്തുകയാണ്. ഇതിൽ നിന്നും ബാങ്കുകൾ പിന്തിരിയണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തില്‍ അടുത്തിടെ ഉണ്ടായ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇടുക്കിക്ക് പുറമെ കഴിഞ്ഞ ദിവസം തൃശൂരിലും കർഷക ആത്മഹത്യ റിപ്പോർട്ട് ചെയ്തതിന് പിറകെയാണ് പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. കട്ടപ്പനയിലാണ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുക.

നിലവിലെ സാഹചര്യങ്ങളിൽ കർഷകർക്ക് ആശ്വാസം ലഭ്യമാക്കുന്നതിനായി കർഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍