TopTop

കുമ്മനത്തിന് വോട്ട് തേടി മുൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസൻ മോദിക്കൊപ്പം

കുമ്മനത്തിന് വോട്ട് തേടി മുൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസൻ മോദിക്കൊപ്പം
യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന മുൻ നയതന്ത്ര വിദഗ്ദൻ ടി പി ശ്രീനിവാസൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരുവനന്തപുരം സെൻഡ്രൽ സ്റ്റേഡിയത്തിലെ വേദിയിലാണ് ടി പി ശ്രീനിവാസൻ സാന്നിധ്യം.

കോൺഗ്രസ് സുപ്രധാന സ്ഥാനങ്ങൾ നൽകിയ പലരും പിന്നീട് ബിജെപിയിലെത്തിയ സംഭവങ്ങൾക്ക് പിറകെയാണ് ടിപി ശ്രീനിവാസനും പൊതു ചടങ്ങിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് ശശി തരുരിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച 2009ൽ അദ്ദേഹത്തെ മണ്ഡലത്തിൽ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തികൂടിയാണ് ശ്രീനിവാസൻ. അതേസമയം, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അദ്ദേഹം പാർട്ടുയുടെ ഭാഗമാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല.

അടുത്തിടെ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ടോം വടക്കനും വേദിയിലുണ്ട്. ബിജെപിയുടെ വേദിയിൽ കുമ്മനം രാജശേഖരന് വേണ്ടി വോട്ട് ചോദിക്കാനും അദ്ദേഹം തയ്യാറായി. പരിപാടിയിലേക്ക്  തന്നെ ക്ഷണിച്ച ബിജെപി നേതാക്കൾക്ക് നന്ദി അറിയിച്ച് കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരള സർക്കാറിന് ഉപദേശം നൽകുന്ന കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ, എക്സിക്യൂട്ടിവ് തലവൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോളമിസ്റ്റ്, ഫ്രീലാൻസ് എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

നേരത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ എന്ന നിലയിൽ 2016 ജനുവരിയിൽ കോവളത്തു നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ടി.പി ശ്രീനിവാസനെ എസ് എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതത് വിവാദമായിരുന്നു. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോളവിദ്യാഭ്യാസ സംഗമം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. ശ്രീനിവാസനെ മർദിച്ച സംഭവത്തിൽ പിന്നീട് സിപിഎമ്മും എസ്എഫ്ഐ നേതൃത്വവും ക്ഷമചോദിക്കുകയും ചെയതിരുന്നു.

Next Story

Related Stories