UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ ഞാന്‍ തയ്യാര്‍: മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ഹോക്കി താരവുമായ അസ്ലം ഷേര്‍ ഖാന്‍

ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് താന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയ്ക്ക് ശേഷം രംഗത്ത് വന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ഒളിംപിക്‌സ് ഹോക്കി ടീം അംഗവുമായ അസ്ലം ഷേര്‍ ഖാന്‍. രണ്ട് വര്‍ഷത്തേയ്ക്ക് പാര്‍ട്ടി പ്രസിഡന്റ് ചുമതല വഹിക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് അസ്ലം ഖാന്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കും എന്ന പ്രഖ്യാപനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് താന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയ്ക്ക് ശേഷം രംഗത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോളാണ് ഇത്.

രാഹുല്‍ ഗാന്ധി പ്രസിഡന്റായി തുടരാനാണ് തീരുമാനിക്കുന്നത് എങ്കില്‍ നല്ലതെന്നും എന്നാല്‍ അദ്ദേഹം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ നെഹ്രു കുടുംബത്തിന് പുറത്ത് നിന്നൊരാളെ പ്രസിഡന്റാക്കണം എന്ന് അസ്ലം ഖാന്‍ പറയുന്നു. താന്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും അസ്ലം ഖാന്‍ പറഞ്ഞു. രാഹുല്‍ ഒഴിയുകയാണ് എങ്കില്‍ രണ്ട് വര്‍ഷത്തേയ്ക്ക് പ്രസിഡന്റാകാന്‍ ഞാന്‍ തയ്യാറാണ് – അസ്ലം ഖാന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: താമര കൊണ്ട് തുലാഭാരത്തിനും രാഷ്ട്രീയ പൊതുയോഗത്തിനുമായി മോദി ഗുരുവായൂരിലേയ്ക്ക്; രാഹുലിന്റെ വയനാട്‌ പര്യടനം തുടരുന്നു

അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ ഒരിക്കലും രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തില്ല എന്നും അസ്ലം ഖാന്‍ പറഞ്ഞു. ബിജെപിയേയും നരേന്ദ്ര മോദിയേയും ആക്രമിക്കാനുള്ള ഒരു അവസരവും രാഹുല്‍ പാഴാക്കിയിട്ടില്ല. എന്നാല്‍ മോദിയെ ആക്രമിക്കുന്നതിന് അപ്പുറം ജനങ്ങളുമായി ബന്ധമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വ്യക്തിപരമായ എന്തെങ്കിലും നേട്ടം ലക്ഷ്യമിട്ടല്ല, പ്രസിഡന്റ് ആകാന്‍ തയ്യാറാണ് എന്ന് പറയുന്നത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന് സമൂലമായ മാറ്റം ആവശ്യമാണ്. കോണ്‍ഗ്രസ് അതിന്റെ ശക്തമായ ദേശീയ സ്വത്വത്തിലേയ്ക്ക് തിരിച്ചുവരണം. ഇത്തരത്തിലുള്ള താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ ഈ വലിയ പ്രതിസന്ധി ഘട്ടത്തില്‍ നേതൃത്വം ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നേക്കാളും മികച്ചവര്‍ തയ്യാറാണ് എങ്കില്‍ അവരെ പ്രസിഡന്റാക്കാവുന്നതാണ് – അസ്ലം ഷേര്‍ ഖാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പൊട്ടിത്തെറിച്ചിരുന്നു. തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും നെഹ്രു കുടുംബത്തില്‍പ്പെട്ടയാള്‍ തന്നെ പ്രസിഡന്റ് ആകണം എന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രാജി സന്നദ്ധത തള്ളിയിട്ടും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്. പുതിയ പ്രസിഡന്റിനെ ഉടന്‍ കണ്ടെത്തണമെന്നും അതുവരെ തുടരാന്‍ തയ്യാറാണ് എന്നുമാണ് രാഹുല്‍ മറ്റ് നേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ രാഹുലിന് പകരക്കാരനെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല.

ALSO READ: നിപ ഐസൊലേഷന്‍ വാര്‍ഡ്‌ ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേക്ക്; തിരിഞ്ഞു നോക്കാതെ അധികൃതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍